പോസ്റ്റ്കാർഡ്.
വിഷമവും, സന്തോഷവും, ആശങ്കകളും, ആകാംക്ഷകളും തുടങ്ങി പറഞ്ഞറിയിക്കാനാവാത്ത നൂറുകണക്കിന് വികാരങ്ങൾ അക്ഷരങ്ങളാക്കി മാറ്റി പോസ്റ്റ് കാർഡുകളിലൂടെ ജീവിക്കുന്ന കുറെയേറെ ജീവിതങ്ങൾ. അവരെ കൂട്ടി മുട്ടിക്കുന്ന ഒരു പോസ്റ്റ്മാനും അയാൾക്ക് ഡെലിവർ ചെയ്യാനുള്ള എല്ലാ കാർഡുകളും വായിച്ചു നോക്കി ഓരോ ജീവിതങ്ങളുടെ ഉള്ളറിയുന്ന അയാളുടെ ഭാര്യയും...
മൂന്ന് വ്യത്യസ്ഥ പ്രദേശങ്ങളിൽ മാറി മാറി ജോലി ചെയ്യേണ്ടിവരുന്ന പോസ്റ്റ്മാൻ എന്ന കേന്ദ്രകഥാപാത്രത്തിന് അപ്രതീക്ഷിതമായി അയാളുടെ തൊഴിൽ ജീവിതത്തിൽ വന്നുചേരുന്ന വികാരഭരിതമായ സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ഭിക്കാജി കൊണ്ടിബാ കാലേ എന്ന വൃദ്ധനാൽ സൃഷ്ടിക്കപ്പെട്ട ദുഃഖ പ്രതീകത്തിൽ നിന്ന് ലിസ കാംബ്ലെ എന്ന മറ്റൊരു ദേശക്കാരിയുടെ ദൗർഭാഗ്യകരമായ ജീവിതത്തിലൂടെ ഗുൽസാർ എന്ന സ്ത്രീയുടെ പ്രതീക്ഷയുടെ ഭാഗ്യശകലമായി മാറുന്ന ഒരു മുഖംമൂടി ഒരുവേള സിനിമയിലുടനീളം അയാളെ പിന്തുടരുകയാണോ എന്ന് തോന്നിപ്പോകും.
മൂന്ന് ദേശങ്ങളിലെ മൂന്ന് കഥകളിലൂടെ കുറെയേറെ ജീവിതങ്ങളിലേക്ക് സിനിമ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. സിനിമയിലുടനീളം വിവിധ ജീവിതാവസ്ഥകളിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകന് ചിരിക്കാനുള്ള ഒരു വകയും സംവിധായകൻ ഒരുക്കിയിട്ടില്ല. എന്നത് ചിത്രത്തെ വ്യത്യസതമാക്കുന്നതായി തോന്നി.
കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സിനിമയാണ് രാധിക ആപ്തേ, സുബോധ് ഭാവേ, ദിലീപ് പ്രഭവൽകാർ, കിഷോർ കദം, സായ് തംഹങ്കർ, വിഭാവരി ദേശ്പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മറാഠി ഭാഷയിൽ ഗജേന്ദ്ര ആഹിരെ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ പോസ്റ്റ്കാർഡ്.
പോസ്റ്റ്കാർഡ് | Movie Review | സിനിമ നിരൂപണം
Image Credit: amazon.com