"ശരിക്കും ജീവൻ തന്നവൻ നിനക്കിനിയും ജീവിക്കണോ എന്ന് ചോദിച്ചാൽ ഞാൻ വേണ്ടെന്ന് പറയും"
എന്ന് അവള് പറഞ്ഞപ്പോള്‍ അതൊരു തമാശയായി തോന്നിയെങ്കിലും ആ തോന്നൽ മാറാൻ അധികനേരം വേണ്ടിവന്നില്ല.
അവളുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ അവിടെ ചില വിങ്ങലുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.
അവളുടെ മനസ്സ് പതിയെ മന്ത്രിച്ചുകൊണ്ടിരുന്നു..
"ഞാൻ മരിക്കാൻ നോക്കണ പണി നിർത്തി മൂന്ന് ശ്രമങ്ങള്‍ നടത്തി... ഒക്കെ പരാജയം...
ICU വരെ കൊണ്ടെത്തിച്ച് ഒടുക്കം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ ശ്രമം ഏറെ ബാധിച്ചത് വയറ്റില്‍ വളരുന്ന എന്റെ കുഞ്ഞിനെ ആയിരുന്നു.
കരയാന്‍ ഇന്നെനിക്ക് കണ്ണീര് ബാക്കിയില്ല, ഒക്കെ വറ്റിയെന്നാണ് തോന്നുന്നത്."
അവളുടെ തെറ്റ് തന്നെയാവാം ഒക്കെയും എന്ന് മനസ്സില്‍ ആദ്യം കരുതിയിരുന്നു. എന്തെങ്കിലും ഒക്കെ ചോദിക്കണമെന്നുണ്ടായിരുന്നു എങ്കിലും ഉള്ളില്‍ നിന്നും തികട്ടി വന്ന ചോദ്യങ്ങളെ ഞാന്‍ അറിഞ്ഞുകൊണ്ട് തിരികെ വിഴുങ്ങി. പക്ഷേ എന്റെ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റിക്കുന്ന കാര്യങ്ങളായിരുന്നു തുടന്ന് അവള്‍ക്ക് എന്നോട് പറയാന്‍ ഉണ്ടായിരുന്നത്.
അവള് തുടര്‍ന്നു...
"ആദ്യമായി ഞാന്‍ കരഞ്ഞത് എന്റെ അമ്മ തീയില്‍ പിടഞ്ഞ് കണ്മുന്നില് വീഴുന്ന കാഴ്ച കണ്ടിട്ടാണ്. അന്ന് എനിക്ക് പ്രായം വെറും അഞ്ച് വയസ്സ് മാത്രം."
എന്ത് ചെയ്യണമെന്നറിയാതെ വിങ്ങുന്ന അവളെ ഒന്നാശ്വസിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ നിസ്സഹായതയെ കണ്ടിട്ടെന്നോണം അവള് തുടര്‍ന്നു.
അനാഥാലയത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിച്ച എനിക്ക് വീണ്ടും ഉണ്ടായ ചില നഷ്ടങ്ങൾ നികത്താൻ മറ്റൊന്നിനുമാവില്ല.
അത്തരത്തില്‍ ഉണ്ടായ ഏറ്റവും വലിയ നഷ്ട്ടം എന്റെ കുഞ്ഞാറ്റയാണ്.
കുഞ്ഞാറ്റ..???
ഹാ... എന്റെ മകള്‍,
അവള് മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്,
മരിച്ചു പോയിരുന്നെങ്കിൽ ഇത്രേം വേദന കാണില്ല. എവിടെയോ ആരുടെയോ കൂടെ, അല്ലെങ്കില്‍ ഏതോ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുള്ളില്‍, അതുമല്ലെങ്കില്‍ എന്താണ് അവസ്ഥ എന്നുപോലും അറിയാത്ത ഒരിടത്തു അവൾ ഉണ്ടെന്നോർക്കുമ്പോൾ ആണ് വിഷമം....
ജീവിതം എന്നോട് കാണിച്ച ക്രൂരത. ആദ്യ വിവാഹത്തില്‍ ഞാന്‍ ആഗ്രഹിക്കാതെ ഉണ്ടായ കുഞ്ഞ്. അവള് ജനിച്ച അന്നുമുതല്‍ ഞാന്‍ ലോകത്ത് ഏറെ സ്നേഹിച്ചതും അവളെയാണ്.
ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്ത ഭര്‍ത്താവിനെ കിട്ടുക ഭാഗ്യമാണ്. പക്ഷേ എനിക്ക് കിട്ടിയ ആ ഭാഗ്യത്തിനും ആയുസ്സ് ഇല്ലായിരുന്നു. അയാള്‍ ഫിസിക്കല്‍ റിലേഷന്‍ സമയത്ത് സൈക്കോ ആയി പെരുമാറും. ആദ്യ രാത്രി മുതല്‍ തുടങ്ങിയ പീഡനം...
ആരോട് പറയാന്‍... അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചു, ഒടുവില്‍ എങ്ങനെയോ തള്ളിനീക്കി മൂന്ന് മാസം വരെ പോയി. 18 വയസുള്ള എനിക്ക് 32 വയസുള്ള ഭര്‍ത്താവിന്റെ നിലക്കാത്ത പീഡനങ്ങള്‍ തന്ന സമ്മാനം.
അതായിരുന്നു കുഞ്ഞാറ്റ.
എന്നില്‍ അവള്‍ക്ക് ജീവന് വച്ചത് അറിയാതെ ഞാന്‍ സ്വയമൊടുങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ നടത്തിയ ആ ശ്രമവും പരാജയം ആയിരുന്നു. കുഞ്ഞ് വയറ്റില്‍ ഉണ്ടെന്നറിഞ്ഞ ഡോക്ടര്‍ അന്ന് ടെസ്റ്റിന് കുഞ്ഞിന്റെ സ്രവം കൂടി അയക്കണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു എങ്കിലും എന്റെ അച്ഛന് അത് ചെയ്തില്ല.
ഗർഭിണി ആയിരിക്കേ പരിചരണമോ, ഭക്ഷണമോ ഇല്ലാതെ അസ്വസ്ഥയായിരുന്ന എന്റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ മരുന്നുകള്‍ ആയിരുന്നു സഹായിച്ചത്. അവളുടെ ജനനത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞു വന്ന റിപ്പോര്‍ട്ടില്‍ ആണ് അറിയുന്നത് അവള്‍ക്ക് ഇനി നടക്കാന്‍ ആവില്ലെന്നും, ഹൃദയത്തിന് സാരമായ കുഴപ്പങ്ങള്‍ ഉണ്ടെന്നും.
കന്യാസ്ത്രീകളുടെ മറ്റൊരു ചതി "കുട്ടിയുടെ അമ്മ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് കുട്ടിയുടെ ചികിത്സ നടത്താന്‍ ആവില്ലത്രേ...."
തുടര്‍ന്ന് കുട്ടിയെ ഞാന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോള്‍ "ഞാന്‍ മെന്റലി സ്റ്റേബിള്‍ അല്ലെന്നും അവളെ എന്റെ കൂടെ വിടുന്നത് സേഫ് അല്ലെന്നും" അവര്‍ കുട്ടികളുടെ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു.
എന്റെ അച്ഛനും പഴയ ഭര്‍ത്താവും സപ്പോര്‍ട്ട് തന്നാല്‍ കുട്ടിയെ തിരികെ തരും എന്നറിഞ്ഞ ഞാന്‍ അവരുടെ കാലുപിടിച്ചെങ്കിലും ആരും അത് കേട്ടില്ല.
അവന് കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞു....
എന്റെ അച്ഛന് ആ ബാധ്യത കൂടി ഏറ്റെടുക്കാനും വയ്യ...!!!
ഒക്കെ കേട്ട് ഒരു മരവിപ്പോടെ ഇരിക്കുന്ന എനിക്ക് ഒരു ചിരി സമ്മാനിച്ച് അവള് വീണ്ടും തുടര്‍ന്നു....
അവസാനം കോടതി നടപടി പോലെ അവർ എഴുതി ഉണ്ടാക്കിയ ദത്തു മുദ്ര പേപ്പറിൽ എനിക്ക് ഒപ്പ് വെക്കേണ്ടി വന്നു. അത് പ്രകാരം എന്റെ മകളെ സ്വദേശത്തോ, വിദേശത്തോ ഉള്ള ആര്‍ക്ക് വേണമെങ്കിലും ദത്തെടുക്കാം. ഇന്ന് ഒരുപക്ഷേ അവളെ ആരെങ്കിലും കൊണ്ട് പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ നടക്കാന്‍ കഴിവില്ലാത്ത കുഞ്ഞായതുകൊണ്ട് ഏതോ ഒരു കോണ്‍വെന്റില്‍ കിടന്ന് നരഗിക്കുന്നുണ്ടാവാം.
അവള് എവിടെ ആണെന്നോ എങ്ങനെ ആണെന്നോ അറിയാന്‍ കഴിയാത്ത അകലത്തില്‍ ഞാനും, ജീവൻ ഉള്ള കാലം മുഴുവൻ കുത്തി വേദനിപ്പിക്കുന്ന വേദന....
അനാഥാലയത്തില്‍ വളര്‍ന്ന അമ്മയുടെ മകളായി പിറന്ന അവള്‍ക്കും അതേ വിധി തന്നെ കിട്ടി.
ഇന്ന് അവള്‍ക്ക് അഞ്ച് വയസ്സ് ആവുന്നു. അവളുടെ ഇപ്പോഴത്തെ രൂപം പോലും എനിക്കറിയില്ല. അറിയാന്‍ കഴിയുകയില്ല.
"ചിന്തകളുടെ കുഞ്ഞിച്ചിറകുകള്‍ വിടര്‍ത്തി അവള് പറക്കാന്‍ തുടങ്ങുമ്പോള്‍, അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മ എന്നുകരുതി എന്നെ അവള് ഉള്ളില്‍ ശപിക്കുന്നുണ്ടാവില്ലേ" എന്ന അവളുടെ ചോദ്യത്തിന് നല്കാന് എന്റെ പക്കല്‍ ഉത്തരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഒടുവില്‍ അവള് ഇങ്ങനെ പറഞ്ഞു നിര്‍ത്തി...
"അബോര്ഷന് ചെയ്യാമെന്ന് എല്ലാരും പറഞ്ഞിട്ടുപോലും കേള്‍ക്കാതെ എല്ലാ വേദനയും കടിച്ചമര്‍ത്തി അവളെ പ്രസവിച്ചത് എവിടെയോ ഉപേക്ഷിക്കാന്‍ ആയിപ്പോയടാ....!!!"
എപ്പോൾ കണ്ടാലും ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി പോവുകയും വീണ്ടും ഇങ്ങോട്ട് വന്ന് എന്നെ ചൊറിയുകയും ചെയ്യുന്ന അവളെ ചിരിച്ച മുഖത്തോടെ അല്ലാതെ ഞാൻ കണ്ടിട്ടില്ല. കണ്ട നാൾ മുതൽ പ്രിയങ്കരി ആണെങ്കിലും അവളുടെ ഉള്ളിൽ തിളയ്ക്കുന്ന തീയാണ് ആ ചിരിയുടെ ഊർജം എന്ന് അറിയാൻ ഞാന്‍ അല്പം വൈകി...
പ്രിയപ്പെട്ടവളേ, എവിടെയെങ്കിലും നമ്മുടെ കുഞ്ഞാറ്റ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും എന്ന ആശ്വാസവാക്കല്ലാതെ നിന്നോട് പറയാന്‍ മറ്റൊന്നും എനിക്കറിയില്ല.
അനാഥാലയം | മകള്‍ | അമ്മ | ജീവിതം | അനുഭവങ്ങള്‍