ഷാപ്പിനടുത്തുള്ള ഊടുവഴിയിലൂടെയും നമുക്ക് വീട്ടിലേക്ക് പോകാം; അഥവാ അതിഥി ദേവോ ഭവ....!!!
4:00 PM
സമയം 12 മണി. സിനിമക്കിടെ വരാൻ പോകുന്ന വിശപ്പിനെ നേരത്തെ കൊല്ലണമെന്ന് കരുതി ഗോമാതാവിനെ മനസിൽ ധ്യാനിച്ച് ഒരു ബീഫ് ബിരിയാണിയും അടിച്ച് ഫിലിം ഫെസ്റ്റിവൽ സ്ഥലത്തേക്ക് പരിപ്പള്ളിയിൽ നിന്നും പുറപ്പെടുന്നു.
സാമാന്യം നല്ല തിരക്കുണ്ടായിരുന്നതിനാൽ ആലംകോട് വരെ നിൽക്കുന്നു. സീറ്റ് കിട്ടിയപ്പോൾ ഇരുന്ന് മൂരിനിവർന്ന് ചാർജ് തിന്നുന്ന മൊബൈലിന്‍റെ തള്ളക്കുവിളിച്ചുകൊണ്ട് അടുത്ത പോസ്റ്റ് പടച്ചുവിടുന്ന സമയം. ബസ് ഏതോ സ്റ്റോപ്പിൽ നിർത്തി അവിടെനിന്നും സാമാന്യം എന്നെക്കാൾ വലിപ്പമുള്ള ഒരു ബാഗുമായി ഒരു വിദേശി കടന്നുവരുന്നു.
ഇതേസമയം അത്യാവശ്യം നല്ല ഉദ്യോഗസ്ഥ ലക്ഷണമൊത്ത ഒരു വീരകോമളൻ ഏറ്റവും പുറകിലെ എന്‍റെ സീറ്റിൽ ചാരി നിന്ന് മൊബൈലിൽ കുത്തുന്നുമുണ്ട്. നമ്മുടെ അതിഥിയായ വിദേശ പൗരൻ ഏകദേശം പത്തോളം മിനിറ്റ് സഹയാത്രക്കാരോട് യുദ്ധം ചെയ്ത് വിജയശ്രീലാളിതനായി നമ്മുടെ ഉദ്യോഗസ്ഥ കോമളന്‍റെ തൊട്ടുമുന്നിൽ വരെ എത്തി. വളരെ വിനയാകുലീനനായി ചോദിക്കുന്നു
Excuse me, can I put my bag in there?
എല്ലാ യാത്രക്കാരും പതിവുപോലെ തള്ളേ ഇംഗ്ലീഷാ എന്ന മട്ടിൽ പുറകിലേക്ക് തിരിഞ്ഞുനോക്കുന്നു. ഉദോഗസ്ഥകോമളനാവട്ടെ തൊഴുത്തിൽ അടിച്ചിരിക്കുന്ന കുറ്റിപോലെ നോ അനക്കം. അതിഥിയെ സഹായിക്കാനായി എന്‍റെ അടുത്തിരുന്ന പ്രായം ചെന്ന മനുഷ്യൻ കോമളനോട് പറഞ്ഞു, ഒന്ന് ഒതുങ്ങി നിന്നാൽ ആ ബാഗ് അവിടെ വെക്കാം എന്നാണ് പറഞ്ഞത് എന്ന്.
തന്‍റെ വിദ്യാഭ്യാസത്തിന്‍റെ പത്തിക്ക് നെടുനീളൻ ചവിട്ട് കൊണ്ടതുകൊണ്ടാവണം കുറ്റിപോലെ നിന്ന കോമളന്‍റെ മറുപടി ഉടൻ വന്നു. "പറഞ്ഞതൊക്കെ എനിക്ക് മനസിലായി. ഞാൻ മാറാതെ നിന്നതാണ്. എടുത്താൽ പൊങ്ങാത്ത ബാഗുമായി കെട്ടിപെറുക്കി വരും മനുഷ്യനെ മിനക്കെടുത്താൻ"
അണ്ണന് കാണുന്ന ലുക്ക് മാത്രമല്ല ആവോളം വിവരദോഷവും ഉണ്ടെന്ന് അപ്പോൾ മനസ്സിലായി. സ്വന്തം കുടുംബസമേതമോ അല്ലെങ്കിൽ ഒറ്റക്കോ കുറച്ചുദിവസത്തേക്ക് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തിട്ടില്ലാത്തതിന്‍റെ കുഴപ്പമോ അല്ലെങ്കിൽ മലയാളിയുടെ ജനിതകമായ പുച്ഛമനോഭാവമോ ആവാം അയാളെകൊണ്ട് അങ്ങനെ പറയിച്ചത്. ഏതായാലും സംസാരത്തിഒടുവില്‍ ആ മനുഷ്യന്‍ തന്‍റെ ബാഗ് പുറകില്‍ കൊണ്ടുവച്ച് അതിന് മുകളില്‍ ചാരി തന്‍റെ സ്ഥാനവും ഉറപ്പിച്ചു.
അതെന്തായാലും എന്‍റെ തൊട്ടടുത്തിരുന്ന ഒരാൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ആ സീറ്റ് ഞാൻ ആ സഞ്ചാരിക്ക് ഓഫർ ചെയ്തു. പുള്ളിക്കകരൻ അത് നിരസിച്ച് അയാളുടെ ബാഗിൽ ഒന്നുകൂടി ചാരി നിന്നുകൊണ്ട് പറഞ്ഞു,
"I will be more comfortable here like this on this zigzag road and pinball ride"
സീറ്റ് ഞാൻ സഞ്ചാരിക്ക് ഓഫർ ചെയ്തതിനാവനം നമ്മുടെ കോമളൻ അണ്ണൻ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരു.
ബേക്കറി ജംഷൻ കഴിഞ്ഞപ്പോഴേക്ക് ബസ് ഏകദേശം കാലിയായി. തുടർന്നുള്ള സംസാരത്തിൽ മനസിലായി നമ്മുടെ സഞ്ചാരി കയറിയത് ആറ്റിങ്ങൽ നിന്നും ആണ്. പോകേണ്ടത് തിരുവനന്തപുരത്തേക്കും. അവസാന സ്റ്റോപ്പ് ഇറങ്ങിയപ്പോൾ ഇനി എവിടേക്കാണ് എന്ന ചോദ്യത്തിന് ആൾ പറഞ്ഞത് വർക്കലക്ക് ആണെന്ന്. ആരോ പറഞ്ഞു ട്രിവാൻഡ്രം വന്നാൽ ട്രെയിൻ കിട്ടും എന്ന്. വഴി പറഞ്ഞുകൊടുത്ത ആളെ വിശ്വസിച്ചാവണം കക്ഷി തിരുവനന്തപുരം ബസ് പിടിച്ചത്.
തമ്പാനൂര്‍ സ്റ്റാൻഡിൽ ഇറങ്ങി റെയിൽവേ സ്റ്റേഷനും വഴിയും പറഞ്ഞുകൊടുത്ത് വഴിപിരിയുമ്പോൾ അയാൾ വളരെ സ്നേഹപൂർവ്വം നന്ദി പറഞ്ഞു.
ആറ്റിങ്ങല്‍ നിന്നും നേരിട്ട് വര്‍ക്കല പോവാന്‍ സ്റ്റാന്‍ഡില്‍ നിന്ന് ഏതു നേരവും ബസ്സും, ആറ്റിങ്ങല്‍ നിന്ന് തിവനന്തപുരത്തിന് പോകുന്നതിന്‍റെ പകുതി ദൂരം പോലും ഇല്ലെന്നുമിരിക്കെ ആ മനുഷ്യനെ ഇത്രയും ചുറ്റിക്കാന്‍ നല്ല ഒന്നാന്തരം ഒരു മനസ്സ് തന്നെ വേണം...
എത്ര നല്ലവരായ നാട്ടുകാർ. ഒരു വിദേശി അറിയാത്ത നാട്ടിലേക്ക് വന്ന് വഴി ചോദിച്ചാൽ ഇങ്ങനെ തന്നെ ചെയ്യണം. എങ്കിലല്ലേ അവർക്ക് ഈ നാടിനെപ്പറ്റി ഒരു മതിപ്പൊക്കെ ഉണ്ടാവൂ....
എന്താ പറയുക.. അതിഥി ദേവോ ഭവ....!!!
അഭിപ്രായങ്ങളൊന്നുമില്ല: