ഒരു ജീവന്‍ രക്ഷിച്ചില്ലെങ്കിലും അറിയാതെപോലും ഒരാളുടെയും കൊലപാതകി ആവാതിരിക്കാന്‍ ശ്രമിക്കൂ...
2:28 PM
ഇന്നത്തെ ചിന്താവിഷയം,
രാവിലെ പതിവുപോലെ ബൈക്കും പൊക്കിയെടുത്ത് അനിയന്‍റെ പിറകില്‍ കയറി ആപ്പീസിലേക്ക് വരുന്ന വഴി സാമാന്യം തിരക്കുള്ള റോഡ് എങ്കിലും യാത്രാതടസങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ തന്നെ വണ്ടി മുന്നോട്ട് നീങ്ങുന്നുണ്ട്. പൊതുവേ എല്ലാ ദിവസങ്ങളിലും പാരിപ്പള്ളി മുക്കട അല്പം തിരക്ക് കൂടുതല്‍ ഉണ്ടാവും. ഇന്ന് അതില്ലാത്തതിനാല്‍ സ്പീഡില്‍ വലിയ വെത്യാസങ്ങള്‍ ഒന്നും വേണ്ടിവന്നില്ല.
മുക്കട ജങ്ങ്ഷന്‍ വരെ നേരെ പൊയ്ക്കൊണ്ടിരുന്ന വണ്ടി നിമിഷങ്ങള്‍ക്കകം അയ്യപ്പ ബൈജു മോഡില്‍ താളം ചവിട്ടി മുന്നോട്ട് നീങ്ങി...
നോക്കുമ്പോള്‍ കൊലച്ചിരിയുമായി "കൊണ്ട് കയറ്റടാ നെഞ്ചത്ത്" എന്നും പറഞ്ഞ് കിടക്കുകയാണ് അക്വഫിനയുട അടച്ചുറപ്പുള്ള ഒരു സുന്ദരന്‍ കുപ്പി. തൊട്ടുപിറകില്‍ തന്നെ വലിയ വാഹനങ്ങള്‍ വരുന്നുണ്ടായിരുന്നതിനാല്‍ തലനാരിഴക്ക് പടമാവാതെ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. അഥവാ വീണിരുന്നെങ്കില്‍ 16ന് കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും കൂടിയിരുന്ന് ഇഡ്ഡലി തിന്നാമായിരുന്നു...
കുപ്പികളില്‍ ആയാലും കിണറില്‍ ആയാലും ജലം ജീവാമൃതമാണ് അതില്‍ സംശയമില്ല. എന്നാല്‍ ജലം ജീവന്‍ നിലനിര്‍ത്തുമ്പോള്‍ വെള്ളകുപ്പികള്‍ ജീവന് ഭീഷണി ആയാലോ?
വെള്ളം വാങ്ങുകയോ കുടിക്കുകയോ ചെയ്യാതിരിക്കാന്‍ ഞാനടക്കം ഒരാള്‍ക്കും സാധ്യമല്ല. എന്നാല്‍ അവ വേണ്ടവിധത്തില്‍ ഉപേക്ഷിക്കാന്‍ എങ്കിലും ശ്രദ്ധിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ അന്യന്‍റെ പാടത്തോ പറമ്പിലോ വലിച്ചെറിയരുത് എന്ന് പറഞ്ഞാലും എത്ര ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും നമ്മുടെ ജനങ്ങള്‍ നന്നാവില്ല. അവ പൊതുനിരത്തില്‍ വലിച്ചെറിയാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കുക.
വിതരണ കമ്പനികള്‍ പോലും കുപ്പികള്‍ ചുരുട്ടി നശിപ്പിച്ച് മാത്രമേ ഉപേക്ഷിക്കാവൂ എന്ന് പറയുമ്പോഴും നമ്മള്‍ മലയാളികള്‍ അത് ചെയ്യാറില്ല. കുറഞ്ഞപക്ഷം അവയുടെ അടപ്പുകള്‍ വേര്‍പെടുത്തിയെങ്കിലും ഉപേക്ഷിക്കാന്‍ ശ്രമിക്കുക. വളരെ വലിയ ഒരപകടം ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. വ്യാജ വില്‍പനക്കാരെ തടയാനും...
നിങ്ങള്‍ ഉപയോഗശേഷം അടപ്പ് തിരികെ അടച്ച് റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വെറും ഒരു പ്ലാസ്റ്റിക് കുപ്പി മതി പല ബൈക്ക് യാത്രികര്‍ക്കും അന്ത്യയാത്ര സമ്മാനിക്കാന്‍.
ഒരു ജീവന്‍ രക്ഷിച്ചില്ലെങ്കിലും അറിയാതെപോലും ഒരാളുടെയും കൊലപാതകി ആവാതിരിക്കാന്‍ ശ്രമിക്കൂ...!!
എന്ന് ഇന്ന് രാവിലെ റോഡില്‍ തിത്തെയ്യം കളിച്ച ഞാന്‍. ഒപ്പ്. കുത്ത്.
അഭിപ്രായങ്ങളൊന്നുമില്ല: