മൂന്ന് ദുരന്തദ്വാരപലഹാരങ്ങളും ചേച്ചിയുടെ തോണ്ടൽ മെഷീനും ലേശം പരിസരബോധവും...!!

12:37 PM



നേരം വെളുത്തപ്പോ കുറ്റിയും പറിച്ചു വീട്ടിൽ നിന്നിറങ്ങി കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്ന് കോട്ടയത്തേക്കുള്ള ലോക്കൽ ട്രെയിനിലേക്ക് കാലെടുത്തുവച്ചു. സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോം ആയതുകൊണ്ട് മ്മക്ക് കാണാൻ മരുന്നിന്പോലും ആരുമില്ല. എന്നാപ്പിന്നെ ആരെങ്കിലും മ്മളെയങ്ങ് കാണട്ടെ എന്നുകരുതി കറക്റ്റ് cctv യുടെ അടിയിൽ തന്നെ വന്നിരുന്നു. ഈ സമയത്ത് വയറ്റിലെ കോയിക്കുഞ്ഞുങ്ങൾ കിയോ കിയോ ബഹളം തുടങ്ങിയകാരണം സ്റ്റേഷനിൽ നിന്ന് 3 ദുരന്തദ്വാരപലഹാരം (ട്രെയിനിലെ ഉഴുന്നുവട) വാങ്ങി പൊടിച്ചു അതുങ്ങൾക്ക് കൊടുക്കുന്ന സമയം. പ്ലാറ്റ്ഫോമിലെ സിമന്റ് ബഞ്ചിൽ എവിടെനിന്നോ കണ്ണിനു കുളിർമഴയായി ഒരു ചേച്ചി വന്നിരുന്നു.

കുട്ടപ്പന്റെ മനസിൽ ലഡ്ഡു പൊട്ടി. തൈയെങ്കിൽ തൈ, തൈപ്പൂയകാവടിയാട്ടം...

ചേച്ചിയാണെങ്കിൽ കൈയിലെ തോണ്ടൽ മെഷീനിൽ നിന്ന് കണ്ണെടുക്കുന്നുമില്ല. അതിൽ ഒരേ തോണ്ടൽ ചിരി... പിന്നേം തോണ്ടുന്നു ചിരിക്കുന്നു...

അവിടെ തോണ്ടൽ ഇവിടെ വട... ഇവിടെ കോയിക്കുഞ്ഞ് അവിടെ ചിരി... ഇവിടെ കിയോ കിയോ അവിടെ നോ പരിസരബോധം...

ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, അവസാന വട പൊടിയാക്കി കുഞ്ഞിന് കൊടുക്കാൻ തുടങ്ങിയപ്പോ ട്രെയിൻ അനക്കം വച്ചു. അപ്പോഴും മ്മടെ ചേച്ചി തോണ്ടൽ തന്നെ. ചിരിക്കും കുറവില്ല. ആദ്യ പൊടി അകത്താക്കി വായ തുറന്ന കോയിക്കുഞ്ഞിന്‌ അടുത്ത പൊടി കൊടുക്കാൻ തുടങ്ങിയപ്പോഴേക്ക് ട്രെയിൻ അത്യാവശ്യം സ്പീഡായി. ഏതാണ്ട് അപ്പോഴാണ് തോണ്ടൽ മെഷീനിൽ നിന്ന് ചേച്ചിയുടെ കണ്ണ് റിലീസ് ആവുന്നത്. അതോടെ മ്മടെ ചേച്ചിയുടെ മൂട്ടിനും തീയും പിടിച്ചു. പാകിസ്ഥാനെതിരെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ പോലെ ചേച്ചി പാഞ്ഞുവന്ന് ട്രെയിനിൽ പിടിക്കുന്നു തൊട്ടടുത്ത നിമിഷം റബ്ബർ പന്ത് ഭിത്തിയിൽ തട്ടി തെറിച്ചപോലെ പ്ലാറ്റ്ഫോമിലേക്ക് പോകുന്നു.

ദുരന്തവട ദുരന്തം പോലെ അണ്ണാക്കിൽ കുടുങ്ങിയ കുട്ടപ്പനും കോയിക്കുഞ്ഞുങ്ങളും ശ്വാസം കിട്ടാതെ നിക്കുന്നു. ചേച്ചി തലനാരിഴയ്ക്ക് മൂക്കും മൂടും തേഞ്ഞു പോകാതെ രക്ഷപെട്ടുവീണ്ടും പിറകെ ഓടുന്നു. പുറകിലെ ഗാർഡ് കണ്ടതുകൊണ്ടു ട്രെയിൻ ഒന്നുകൂടി നിർത്തുന്നു ചേച്ചി വണ്ടിയിലേക്ക് കയറുന്നു. ഈ സമയം കുട്ടപ്പൻ കോയിക്കുഞ്ഞുങ്ങളെ സീറ്റിൽ വട നോക്കാനിരുത്തി കാര്യം അന്വേഷിക്കാൻ അടുത്ത ബോഗിയിലേക്ക് പോയി. ചെന്നന്വേഷിച്ചപ്പോ കോട്ടയം ഭാഗത്തേക്ക് എവിടെയോ പോകാൻ ടിക്കറ്റ് എടുത്ത് കയറിയതാണ് ചേച്ചി. അകത്തിരുന്നു ബോറടിച്ചപ്പോ പുറത്തിറങ്ങിയത് ആവാനാണ് സാധ്യത. പുറത്തിറങ്ങി തോണ്ടുപകരണം കയിൽ എടുത്തപ്പോ ഈ ലോകമൊക്കെ മറന്നു. ട്രൈൻ വിട്ടപ്പോ ബാഗ് ഉള്ളിലും ചേച്ചിയും മെഷീനും പുറത്തും...

കാര്യം അറിഞ്ഞപ്പോ നല്ലവനായ കുട്ടപ്പൻ മനസിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് തിരികെ നടന്നു....

"വീട്ടുകർക്കോ കൂട്ടുകാർക്കൊ ബാഗിന്റെ ഉടമസ്ഥനോ എവിടെയോ ലേശം ഭാഗ്യം ഉള്ളതുകൊണ്ട് ബാഗ് സുരക്ഷിതമായി വീട്ടിൽ എത്തും.. എത്തട്ടെ...!!"

ഒരു 10 സെക്കൻഡ് കൂടി താമസിച്ചായിരുന്നു അവർ ട്രെയിൻ ശ്രദ്ധിച്ചിരുന്നതെങ്കിൽ മൂക്കും പല്ലും ഉൾപ്പടെ പല ഭാഗങ്ങളും ഓർമ ആയേനെ, എങ്ങാനും കാലൊന്ന് പാളിയാൽ ആളുതന്നെയും. അല്പമൊന്ന് ശ്രദ്ധിച്ചാൽ കുറച്ചു കാലം കൂടി വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം വലിയ തട്ടുകേടൊന്നും ഇല്ലാതെ ജീവിക്കാം...

പരിസരബോധത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം കുട്ടപ്പൻ തിരിച്ചറിയുന്നത്. കൊല്ലം മുതൽ തിരുവല്ല വരെ താൻ ഇരുന്ന് പരിസരബോധത്തെപ്പറ്റി കുത്തിക്കുറിച്ചത് ലേഡീസ് കംപാർട്ട്‌മെന്റിൽ ആണെന്ന്. വെറുതെയല്ല മരുന്നിനുപോലും ഒരു മനുഷ്യനും ഇതിനകത്തേക്ക് കയറാതിരുന്നത്. പോലീസ് എമാന്മാരുടെ കണ്ണിൽ പെടാഞ്ഞതുകൊണ്ട് തൽക്കാലം രക്ഷപെട്ടു. അല്ലെങ്കിൽ എന്റെ പൊന്ന് സാറേ ചുറ്റിലുമുള്ളത് മുഴുവൻ കാണേണ്ടിവന്നേനെ...!!!

അബദ്ധം പറ്റിയത് ആണെങ്കിലും ലേഡീസ് കംപാർട്ട്‌മെന്റിൽ പുരുഷന്മാർ യാത്ര ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ ശിക്ഷാർഹമായ കുറ്റം തന്നെയാണ്. ശ്രദ്ധിക്കുക... ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ട് തിരുവല്ല ഇറങ്ങിയ കുട്ടപ്പൻ അടുത്ത കംപാർട്മെന്റ് ലക്ഷ്യമാക്കി നടന്നകന്നു...

മൊബൈൽ ഉപയോഗം ഒക്കെ ഓരോരുത്തരുടെ ഇഷ്ടം തന്നെയാണ്. എന്നുകരുതി പരിസരബോധം ഇല്ലാണ്ട് നാട്ടുകാർക്ക് കൂടി പണിയുണ്ടാക്കുന്ന ഇത്തരം ബോധമില്ലായ്മ സമൂഹത്തിന് തന്നെ ബാധ്യതയാണ്.

അശ്രദ്ധ | അപകടം | മൊബൈൽ



Image Source: google.com

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook