വിവിധതരം മാനസികാരോഗ്യ വൈകല്യങ്ങൾ ഒരു പഠനം

12:24 AM



വിവിധതരം മാനസികാരോഗ്യ വൈകല്യങ്ങൾ ഒരു പഠനം.

നിങ്ങൾക്കോ, നിങ്ങളോട് ദിവസവും അടുത്തിടപഴകുന്ന സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മെന്റൽ ഹെൽത്ത് പ്രോബ്ലംസ് ഉണ്ടായിരിക്കാം, ഒരുപക്ഷേ നിങ്ങളോട് അത് വിവരിച്ചു തരാൻ അവർക്ക് സാധിച്ചെന്നുവരില്ല. ചില സമയങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ശാരീരികമായ പ്രശ്നങ്ങളായും കാണപ്പെടാം. അത് കണ്ടെത്താൻ തുടർന്നുള്ള വായന നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനസികാരോഗ്യ വൈകല്യങ്ങളെക്കുറിച്ച് ചെറുതായെങ്കിലും അറിഞ്ഞിരിക്കുന്നത്, ഇത്തരത്തിലുള്ള ഒരാളെ കേൾക്കുന്നതിനോ, നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു ധൈര്യമായി മറ്റൊരാളോട് തുറന്ന് സംസാരിക്കുന്നതിനോ സഹായിക്കും. അറിവുള്ള ഒരാളോട് സംസാരിക്കുന്നത് അറിവില്ലാത്തവരോട് സംസാരിക്കുന്നതിനേക്കാൾ ഗുണം ചെയ്യുമെന്ന് സംശമില്ലല്ലോ.

ഇത് ഒരു വലിയ വിവരണമൊന്നുമല്ല, എന്നിരുന്നാലും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ചെറുതായി ഒരറിവ് പകർന്നുനൽകാൻ നിങ്ങൾക്ക് സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉള്ളവരെ പരിചരിക്കുന്നതിനും അവരുടെ ശരിയായ ചികിത്സയ്ക്കുമായി മനസികാരോഗ്യവിദഗ്ദ്ധരെ സഹായിക്കുന്നതിനായി മാനസികാരോഗ്യ വൈകല്യങ്ങളെ പ്രധാനമായും 11 വിവിധ കാറ്റഗറികളായി തരംതിരിക്കുകയും നിർവചിക്കുകയും ചെയ്തിട്ടുണ്ട്. അവയെക്കുറിച്ചാണ് ഇനി പറയുന്നത്.

ഉത്ഖണ്ഠയും പരിഭ്രാന്തിയും. (Anxiety & panic attacks)
ഉത്ഖണ്ഠ മനുഷ്യന്റെ ഒരു സാധാരണ വികാരമാണ്, എന്നാൽ നിസാര കാര്യങ്ങൾക്ക് പോലും അമിതമായ ഉത്കണ്ഠയോ, എന്തിനെയെങ്കിലും കുറിച്ച് സ്വാഭാവികതയിൽ കവിഞ്ഞ പരിഭാന്തിയോ ആരെങ്കിലും പ്രകടമാക്കുന്നത് ഒരു മാനസികാരോഗ്യ പ്രശ്നമാവാൻ സാധ്യതയുണ്ട്.

ബൈപോളാർ (Bipolar disorder)
വ്യത്യസ്ഥധ്രുവങ്ങളിൽ ഉള്ളത്, പേരുപോലെ തന്നെ മാനസികമായി ഏറ്റവും താഴ്ന്ന (വിഷാദം) മുതൽ വളരെ ഉയർന്ന (അമിതമായ ആഹ്ളാദം) വരെയുള്ള അവസ്ഥകളുടെടെ ഏത് എപിസോഡുകളിലേക്കും മാറി മറയുകയോ കുറേകാലം സ്ഥിരമായി തുടരുകയോ ചെയുന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ഒരു മാനസികവൈകല്യമാണ് ബൈപോളാർ ഡിസോർഡർ.

വിഷാദം (Depression)
മാനസിക നില ഏറ്റവും താഴ്ന്നു നിൽക്കുന്ന അവസ്ഥ, അഥവാ സന്തോഷങ്ങളെ ഉൾക്കൊള്ളാനോ, ആസ്വദിക്കാനോ സാധിക്കാത്ത മാനസികാവസ്ഥ. ഇത്തരക്കാർക്ക് സ്വന്തം ജീവിതമോ, അതിനുള്ളിലെ സന്തോഷങ്ങളോ ആസ്വാദ്യകരമാവില്ല. ഇങ്ങനെ പൊതുവെ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന, ഏറെയും ഒറ്റക്കോ, ചിന്തയുടെ ലോകത്തോ ചിലവഴിക്കുന്ന ഒരാളെ വിഷാദരോഗി എന്ന് പറയുന്നു.

ഭക്ഷണ ക്രമക്കേടുകൾ (Eating disorders)
ഭക്ഷണത്തെക്കുറിച്ചോ, ശരീര ഘടനയെക്കുറിച്ചോ, അനാരോഗ്യകരമായ ചിന്തകളും വികാരങ്ങളും പെരുമാറ്റവുമൊക്കെ കൊണ്ടുനടക്കുന്നതരം മാനസികവൈകല്യമാണ് ഇത്.

പീഢിതവും-നിര്‍ബന്ധവുമുള്ള മനോവൈകല്യം (Obsessive-compulsive disorder - OCD)
പീഢിതമായ ചിന്തകളും നിർബന്ധിത പെരുമാറ്റങ്ങളും അനുഭവിക്കുന്ന ഒരാൾക്ക് നൽകുന്ന മാനസികാരോഗ്യ രോഗനിർണയമാണ് ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ. ഒരു കാര്യത്തപ്പറ്റി ഒരാളില്‍ നിര്‍ബന്ധിതമായ ചിട്ടയും ആശങ്കകളും ഉണ്ടാകുകയും ഇതുപ്രകാരം ഏതെങ്കിലുമൊരു പ്രവര്‍ത്തി വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കാനുള്ള പ്രവണതയും ഇവർ പ്രകടിപ്പിക്കും.

മനസിനേല്‍ക്കുന്ന മായാത്ത മുറിവ് (Post Traumatic Stress Disorder - PTSD)
വാഹനാപകടം മുതല്‍ തീവ്രവാദി ആക്രമണം വരെ ഏത് ആഘാതത്തിന്റെയും അനന്തരഫലമാണ് PTSD അഥവാ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍. അപകടത്തില്‍ സംഭവിച്ച ശാരീരിക മുറിവുകള്‍ ഭേദപ്പെട്ടാലും മനസിലേറ്റ മുറിവ് മായാതെ കിടക്കുന്ന സന്ദര്‍ഭമാണിത്.

ബുദ്ധിഭ്രമം/ ചിത്തഭ്രമം (Psychosis)
ഇത് പൊതുവായ ഒരു മാനസിക രോഗാവസ്ഥയാണ്, മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന മാനസിക വിഭ്രാന്തി രോഗാവസ്ഥയാണ് ചിത്തഭ്രമം അഥവാ സൈക്കോസിസ്.

സ്കീസോഅഫെക്റ്റീവ് ഡിസോർഡർ (Schizoaffective disorder)
ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഒരു മാനസികരോഗമാണ് സ്കീസോഅഫെക്റ്റീവ് ഡിസോർഡർ. ഇത്തരത്തിലുള്ള ഒരു വ്യക്തി ഒരേസമയം നിസ്സംഗത, ഉറക്കമില്ലായ്മ, വിഷാദരോഗം, ഭ്രമാത്മക ചിന്തകൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും.

സ്കീസോഫ്രീനിയ (Schizophrenia)
ഒരു വ്യക്തി ചിന്തിക്കുന്ന രീതിയെ അഥവാ, മസ്തിഷ്ക കോശങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാല്‍ ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയെ ബാധിക്കുന്ന ഒരു മാനസികരോഗമാണ് സ്കീസോഫ്രീനിയ. മാത്രമല്ല ഒരു സൈക്യാട്രിസ്റ്റിന് മാത്രമേ രോഗനിർണയം നടത്താൻ കഴിയൂ.

സ്വയം ഉപദ്രവിക്കൽ (Self harm)
സാധാരണയായി തീവ്രമായ വൈകാരിക ക്ലേശങ്ങളെ, ചിന്തകളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ചിലർ സ്വയം ഉപദ്രവിക്കാറുണ്ട്. ഇത് വളരെ അപകടകരമായ ഒരു മാനസിക രോഗാവസ്ഥ കൂടിയാണ്.

ആത്മഹത്യാ ചിന്താഗതി (Suicidal feelings)
വിഷാദവും വൈകാരികസംഘര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണം. കുടുംബ, സൗഹൃദ ബന്ധങ്ങളിലെ വിള്ളലുകൾ, തൊഴിൽ, പഠനം, സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍, വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍, പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ എന്നിവ ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ആത്മഹത്യാശ്രമം നിസ്സാരമായതല്ല, ഇവരെ പരിഹസിക്കുന്നതും സഹതപിക്കുന്നതും. ഉപദേശിക്കാന്‍ ശ്രമിക്കുന്നതും ചിലപ്പോള്‍ വിപരീത ഫലം ചെയ്‌തേക്കാം.

ഇവയൊക്കെയും പലയിടങ്ങളിൽ നിന്നും വായിച്ചറിഞ്ഞ അറിവുകളാണ്. തെറ്റുകൾ ഉണ്ടാവാം, ആധികാരികമായ അറിവുള്ളവർ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ഉചിതമായ തിരുത്തലുകൾ ഉൾപ്പെടുത്തുന്നതാണ്.

- പ്രശാന്ത് എസ് പുഷ്പ

Image Credit: pixabay

മാനസികാരോഗ്യം | മാനസിക വൈകല്യം | ചിത്തഭ്രമം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook