മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി മൈസൂരുവിൽ നടന്ന കന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ആചാരപരമായ ചടങ്ങാണ് കിച്ചുഹായ് സൂദു.
കിച്ചുഹായ് സൂദു: ആചാരത്തിന്റെ ഭാഗമായി കന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ദുരാചാരം
മിണ്ടാപ്രാണികളെ ആചാരത്തിന്റെ പേരിൽ ഇതുപോലെ ക്രൂരവിനോദങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിക്കുന്നതല്ല. ഇന്ത്യ പോലെ പരിഷ്കൃതമായ ഒരു രാജ്യത്ത് ഇത്തരത്തിൽ അപരിഷ്കൃതമായ അനാചാരങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നുപറയുന്നതുതന്നെ ലോകരാഷ്ടരങ്ങൾക്ക് മുന്നിൽ രാജ്യത്തിന് അപമാനകരമാണ്.
അനിമൽ പ്രൊട്ടക്ഷൻ, അനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി ആളുകളും, സംഘടനകളും ഉള്ള നമ്മുടെ രാജ്യത്ത് തന്നെ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത് എന്തൊരു പരസ്പരവൈരുദ്ധ്യമാണ്. ഈ ജീവിക്ക് ദൈവമോ പ്രാർത്ഥനയോ ഒന്നുമില്ല, അതിനെ സംബന്ധിച്ച് തീ എന്നത് അതിനെ പേടിപ്പിക്കുന്ന, വേദനിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ദയനീയതയോടെ തീയിലൂടെ നടന്നും ഓടിയും നീങ്ങുന്ന ഈ കാലികൾ തീയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് ശ്രമിക്കുന്നത്.
കേരളത്തിൽ മകരസംക്രാന്തി ആഘോഷിക്കുന്നതിനൊപ്പമാണ് കര്‍ണാടകയില്‍ പശുക്കളെ തീയിലൂടെ നിര്‍ബന്ധപൂര്‍വം നടത്തിക്കുന്ന ഈ പ്രാകൃത ആചാരവും അരങ്ങേറുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാവാനാണത്രേ പശുക്കളെ ഇങ്ങനെ തീയില്‍കൂടി ഓടിക്കുന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മകരസംക്രാന്തി ദിവസം അണിയിച്ചൊരുക്കിയ പശുക്കൾക്ക് വേണ്ട ഭക്ഷണമൊക്കെ കൊടുത്ത ശേഷം സന്ധ്യയോടെയാണ് ഇവയെ തീയിലേക്ക് വലിച്ചുകൊണ്ട് വരുന്നത്. തീയുടെ അരികിലേക്ക് എത്തിച്ച പശുക്കളെ പിന്നില്‍ നിന്ന് ഓടിക്കുകയോ തീയിലേക്ക് തളളുകയോ ചെയ്യും.
ഏതൊരു രാജ്യതാണോ പശുക്കളുടെ പേരും പറഞ്ഞു മനുഷ്യരെ കൂട്ടമായി ആക്രമിക്കുകയും കൊല ചെയ്യാൻ പോലും തുനിയുകയും ചെയ്യുന്നത്, അതേ നാട്ടിലാണ് ഈ വിചിത്രമായ ആചാരവും നടക്കുന്നത് എന്നത് ഏറെ ചിന്തിക്കേണ്ട വിഷയാണ്. കാരണം ആചാരങ്ങളുടെ പേരിൽ ഇവിടെ എന്ത് അക്രമം വേണമെങ്കിലും ജീവികളോട് ആവാം, ആരും ചോദിക്കാൻ പാടില്ല എന്നാണല്ലോ ഇതിനർത്ഥം.
ലോകത്ത് ഏത് ജീവികളും മറ്റൊരു ജീവിയെ ഉപദ്രവിക്കുന്നതും, കൊല്ലുന്നതും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനോ, അല്ലെങ്കിൽ ആഹാരത്തിനോ വേണ്ടിയാവും. ആചാരങ്ങളുടെ പേരിൽ, വിനോദങ്ങളുടെ പേരിൽ ജീവികളെ ഉപദ്രവിക്കുന്നതും, കൊല്ലുന്നതും മനുഷ്യൻ മാത്രമാണ്. ഭൂമിയിൽ ക്രൂരമായ ഒരു ജീവിയുണ്ടെങ്കിൽ അത് മനുഷ്യൻ മാത്രമാണെന്ന് ഈ ദൃശ്യങ്ങൾ അടിവരയുടുന്നു.
ചിന്തിക്കുക മനുഷ്യരേ...!! നിങ്ങൾക്ക് ഇനി എന്നാണ് വിവേകപൂർവ്വം ചിന്തിക്കാൻ സാധിക്കുന്നത്...???