ബസിലെ സീറ്റിൽ ഒപ്പമിരുന്നതിന് യുവതിയുടെ പരാതി; യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വാർത്ത....
ഇനി കുറെ കാലം മുൻപ് ഞാൻ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്ക് പോകുന്ന കാലത്തെ ഒരു സംഭവത്തിലേക്ക് വരാം....
ഇൻട്രോ.
രാവിലെ കെട്ടും ഭാണ്ഡവുമായി അങ്ങോട്ടുള്ള യാത്ര ഇന്റർസിറ്റി, വഞ്ചിനാട് ഇതിൽ ഏതെങ്കിലും ഒക്കെ ആയിരിക്കും. തിരികെ വരുമ്പോ മിക്കവാറും രാത്രി മാവേലി എക്സ്പ്രസ്സ് ആയിരുന്നു. കഥയുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് ഇത്രയും ഇൻട്രോ പറഞ്ഞത്.
കഥാപാത്രങ്ങൾ.
കുട്ടപ്പൻ 25 വയസ്, കുട്ടപ്പന്റെ കൂട്ടുകാർ, 25 മുതൽ 40 വയസുവരെ ഉള്ള സഹയാത്രികർ, മൃതപ്രായനായ വൃദ്ധൻ ഒന്ന്. പരിഷ്കാരി പെണ്ണ് ഒരെണ്ണം.
രാവിലെ ജോലിക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും അത്യാവശ്യം നന്നായി വായിനോട്ടവും, സാമാന്യം ഭേദപ്പെട്ട കമന്റടികളും ഉള്ള തീരെ മോശമല്ലാത്ത ഗ്യാങിലെ മെമ്പർ തന്നെ ആയിരുന്നു കുട്ടപ്പനും. അങ്ങനെ പോയിവരുന്ന സമയത്താണ് റൂട്ടിൽ പുതുതായി വന്ന ചെല്ലക്കിളിയെ പ്രസ്തുത ഗ്യാങ് കാണുന്നത്. വല്ലവിധവും കമ്പനി കൂട്ടുമെന്ന് കരുതി വലവിരിച്ചെങ്കിലും ചെല്ലക്കിളിക്ക് വേറെ കണക്ഷൻ ഉള്ളതുകൊണ്ട് അത് അംഗഭംഗിലമായി ചീറ്റിപ്പോയി... എങ്കിലും കുട്ടപ്പൻ ഗാങ്ങ് അത്യാവശ്യം നാട്ടുകാർക്കും യാത്രക്കാർക്കും ശല്യമില്ലാതെ കമന്റടികൾ തുടർന്ന് പോന്നു.
ലേശം പരിഷ്കാരിയായ ചെല്ലക്കിളിക്ക് ദിവസവും കാണുന്നതാണെങ്കിലും കുട്ടപ്പൻ ഗാങ്ങിനോട് സാമാന്യം ഭേദപ്പെട്ട കലിപ്പ് ഉണ്ടായിരുന്നു. ചിരിച്ചുവരുന്ന കിളി പ്രസ്തുത ഗ്യാങിലെ ആയെയെങ്കിലും കണ്ടാൽ കടന്നൽ കുത്തിയ മോഡിലേക് മുഖത്തിന്റെ ഡിസ്പ്ളേ മാറും. കഥാപാത്രങ്ങളുടെ ഏകദേശ ധാരണ ഇപ്പൊ നിങ്ങൾക്ക് കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു.
മ്മടെ കിളി ട്രെയിനിൽ കയറിക്കഴിഞ്ഞാൽ ചില ആൺകിളികളുടെ അരികിലും മടിയിലും തുടയിലുമൊക്കെ കയറി ഇരുന്ന് യാത്ര ചെയ്യാറുണ്ട് (തീർച്ചയായും വ്യക്തിസ്വാതന്ത്യമാണ്, അതിൽ ഇടപെടില്ല), കിളിയുമായി ഒരു ബന്ധവുമില്ലാത്ത കുട്ടപ്പൻ ഗാങ്ങ് ഉൾപ്പടെ മറ്റ് സഹയാത്രക്കാരെയും കുട്ടിയുരുമ്മി യാത്ര ചെയ്യാൻ കിളിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഒരു കൊല്ലത്തിനിടയിൽ കണ്ടിട്ടില്ല...
വർക്കല സ്റ്റേഷൻ ഇറങ്ങിക്കഴിഞ്ഞാൽ മാവേലി കാത്ത് കിടക്കുന്ന ഒരു അവസാന ബസ് ഉണ്ട് പതിവായി കിളിയും ഗാങ്ങും ഒക്കെ അതിലാണ് യാത്ര. പൊതുവെ ബസിന്റെ മുൻ സീറ്റ് സ്ത്രീകൾക്ക് ആണെന്ന് നിയമങ്ങൾ ഉണ്ടെങ്കിലും ബസ് ജീവനക്കാരുമായുള്ള ഗാങ്ങിന്റെ അടുപ്പവും എല്ലാം സ്ഥിരപരിചിതരായ യാത്രികരും ആയതിനാൽ ബസിന് മുൻ സീറ്റും അതിൻ്റെ മുന്നിലെ പെട്ടിയും പതിവായി കയ്യേറുന്നത് കുട്ടപ്പൻ ഗ്യാങ് തന്നെയാണ്. അത്യാവശ്യം നിർദ്ദോഷമായ തമാശകളും പാട്ടും ഒക്കെയായി ഒരു അടിപൊളി യാത്ര തന്നെയായിരുന്നു അത്. ഒരു യാത്രികർക്കും അതിൽ പരാതിയും ഉണ്ടായിട്ടില്ല, ആർക്കും അതൊരു ശല്യവും ആയിട്ടില്ല.
അങ്ങനെയിരിക്കെ ഗാങ്ങിൽ പെടാത്ത ആരുടെയോ തോളിൽ ചരിഞ്ഞും തിരിഞ്ഞും കിടന്ന് കിളി ട്രെയിനിൽ യാത്ര ചെയ്യുന്നത് കുട്ടപ്പൻ ഗാങ്ങ് അതേ ട്രെയിനിൽ ഇടികൊണ്ടുനിന്ന് കാണുന്നുണ്ടായിരുന്നു. വർക്കല എത്തിയപാടെ പതിവുപോലെ കുട്ടപ്പൻ ഗാങ്ങ് മുൻ സീറ്റിൽ സ്ഥാനം പിടിച്ചു പതിവ് പാട്ട് കച്ചേരി തുടങ്ങി. ഒന്നുരണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോ ആണ് വർക്കല നിന്ന് കയറുന്ന പതിവ് കിളി ബസിലേക്ക് കയറുന്നത്. ജൂസോ കോഫിയോ കുടിച്ചിട്ട് കൂട്ടുകാരുടെ ബൈക്കിൽ ബസ്സിനെ ചെയ്സ് ചെയ്തുപിടിച്ചിട്ടുള്ള കയറ്റമാണ്.
കിളി ബസിലേക്ക് കയറി വരുമ്പോ ഏറെക്കുറെ സീറ്റുകളിൽ ആളുണ്ട്. പിറകിലെ സീറ്റിൽ ഡ്രൈവർ സീറ്റിന് പിറകിലെ ആദ്യത്തെ സീറ്റിൽ ഒരു വയോവൃദ്ധൻ ഇരിക്കുന്നുണ്ട് തൊട്ട് പിറകിലെ സീറ്റിൽ ഒരു സ്ത്രീയും. (രണ്ട് സീറ്റിലും ഇരിക്കുന്നത് ഓരോ ആളുകൾ മാത്രം) മ്മടെ കിളി വന്ന് നേരെ എണീറ്റ് നിക്കാൻ പോലും സാധിക്കാത്ത ആ മനുഷ്യനോട് എണീറ്റ് മാറാൻ ആവശ്യപെടുന്നു. പാവം കഷ്ടപ്പെട്ട് മാറാനായി എണീക്കുന്ന സമയത്ത് കുട്ടപ്പൻ ഗാങ്ങ് അറ്റാക്ക് ചെയ്യുന്നു.
മാമൻ അവിടെ ഇരിക്ക്... എണീക്കണ്ട. പിറകിലെ സീറ്റിൽ ഇരിക്കാൻ അത്രക്ക് ബുദ്ധിമുട്ട് ആണെങ്കിൽ അവരവിടെ നിന്ന് യാത്ര ചെയ്താൽ മതി. ലവൾക്ക് ഇത് കേട്ട് കലി മൂത്ത് ആ വൃദ്ധനോട് വീണ്ടും എണീറ്റ് മാറാൻ ആക്രോശിക്കുന്നു "കുടിച്ചുകൊണ്ട് വന്നിരുന്നുകൊള്ളും ലേഡീസിൻറെ സീറ്റിൽ" ... ഇത് കേട്ട ഗാങ്ങ് ആ മനുഷ്യനെ എണീക്കാൻ സമ്മതിച്ചുമില്ല. കിളി സീൻ ഉണ്ടാക്കുമെന്ന് മനസിലായ കണ്ടക്ടറും സ്ത്രീകൾ ഉൾപ്പടെ മറ്റ് യാത്രക്കാരും ഇടപെട്ടു, നിനക്ക് വേണമെങ്കിൽ അവിടെ ഫ്രീ ആയ സീറ്റിൽ ഇരിക്ക് അല്ലെങ്കിൽ ഇറങ്ങി അടുത്ത ബസിൽ വന്നാൽ മതിയെന്ന്....
ഇത് കേട്ട് അവിടെ ഇരിക്കാനും, വയ്യ ബസിൽ നാണംകെട്ട് നിന്ന് യാത്ര ചെയ്യാനും വയ്യാതെ ചെല്ലക്കിളി ഇടക്ക് ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങി പോവുകയും ചെയ്തു.
ഇത്രയുമാണ് കഥ.
ആ മനുഷ്യൻ പ്രായാധിക്യം കാരണം ഇരിക്കുന്നത് ആണെന്ന് കാണുന്ന ഏതൊരു വ്യക്തിക്കും അറിയാം. ലവളുടെ അപ്പന്റെ അപ്പനാവാനുള്ള പ്രായമുണ്ട് അയാൾക്ക് എന്നിട്ടും മാനുഷികപരിഗണന പോലും അയാൾക്ക് കൊടുക്കാത്ത ആ സ്ത്രീ ട്രെയിനിൽ കാണിക്കുന്ന കോപ്രായങ്ങൾ സ്ഥിരമായി കണ്ടിരുന്നത് ഇടക്ക് ഇടപെട്ട കുട്ടപ്പൻ ഗാങ്ങ് ആണ്.... ഇതൊക്കെയാണ് സ്ത്രീ ശാക്തീകരണമെങ്കിൽ ഇത്തരത്തിൽ അഹങ്കാരം പിടിച്ച സ്ത്രീകളോട് പുച്ഛം മാത്രമേ കുട്ടപ്പന് ഉള്ളൂ. അത്തരക്കാരെ പൊതുമധ്യത്തിൽ ഇതുപോലെ ചോദ്യം ചെയ്യാൻ കിട്ടുന്ന ഒരവസരങ്ങളും പാഴാക്കുകയുമില്ല. ബഹുമാനം ലിംഗത്തോടല്ല വ്യക്തികളോട് മാത്രം. അതിൽ സ്ത്രീയും, പുരുഷനും, ട്രാൻസും, കുട്ടികളും ഉൾപെടും.
ജനറൽ സീറ്റിൽ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ടെന്നിരിക്കെ ഇവരോക്കെ കാണിക്കുന്നത് എന്ത് പുരോഗമനമാണ്???
ബസ്സിലെ സീറ്റിൽ അടുത്തിരിക്കുന്നത് പീഡനമാണെങ്കിൽ ലേഡീസ് സീറ്റിൽ പോലും സ്ത്രീകളോടൊപ്പം ഇരുന്ന് യാത്ര ചെയ്തിട്ടുള്ള ഞാനൊക്കെ കുറഞ്ഞത് 50 പീഡനക്കേസിൽ എങ്കിലും പ്രതിയാകേണ്ടതാണ്. എൻ്റെ പ്രിയപ്പെട്ട അപരിചിതരായ സഹയാത്രികരേ നിങ്ങളൊക്കെ കിടുവാണ്...
കെ.എസ്.ആർ.ടി.സി ബസിൽ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരെ യുവതിയുടെ പരാതി.യുവതിയോട് മനുപ്രസാദ് അപമര്യാദയായി പെരുമാറുന്നത് തങ്ങളാരും കണ്ടിട്ടില്ലെന്നും ബസിലെ യാത്രക്കാർ പറയുന്നു. അകാരണമായാണ് യുവാവിനെ പൊലീസ് പിടികൂടിയതെന്നും ഇവർ പറയുന്നു. യുവാവിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ബസ് കണ്ടക്ടറും പറയുന്നു.
വാർത്ത കൊടുത്ത മാധ്യമങ്ങൾ അതിലും പൊളിയാണ്. ആ യുവാവിൻറെ അപ്പനപ്പൂപ്പന്മാരുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ മേൽവിലാസം "പോലീസുകാരന്റെ ഭാര്യ" എന്നാണ്. എന്തൊരു വിരോധാഭാസം.
പറഞ്ഞുവന്നത് പരാതിക്കാരി ട്രെയിനിൽ കയറിയാൽ ഇങ്ങനെ ആണെന്നല്ല. അങ്ങനെയുള്ള സ്ത്രീജനങ്ങൾ നമുക്കിടയിൽ ഉണ്ടെന്നു മാത്രമാണ്...
കെ.എസ്.ആർ.ടി.സി | പരാതി | സഹയാത്രികർ
Image Source: aanavandi.com