ചെതുമ്പലുകൾ.
1:02 PM
എന്താ ഇത്,
ഇവിടെ മുഴുവനും ചെതുമ്പലുകൾ ആണല്ലോ..
നിനക്കിവിടെ ഒന്ന് വൃത്തിയാക്കിക്കൂടെ..??
ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടാണ് ഞെട്ടിയുണർന്നത്.
ങേ... ചെതുമ്പലോ...!!
ചുറ്റിനും ആരേയും കാണാനില്ല, ചെതുമ്പലുമില്ല.
വീണ്ടും കിടന്നെങ്കിലും ഉറക്കം വന്നില്ല. ഈ നട്ടപ്പാതിരായ്ക്ക് ഇനി എന്ത് ചെയ്യാനാണ്. വെറുതെ പരതിയപ്പോൾ കഴിഞ്ഞ ദിവസം തിന്ന് ബാക്കിവച്ച കൊച്ചുപുസ്തകം കൈയിൽ തടഞ്ഞു. അതെടുത്ത് ഒന്ന് മണത്തു നോക്കി, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിൽ അതിന്‍റെ ഗന്ധം അരോചകമായി തോന്നിയതിനാൽ അവിടെത്തന്നെ ഉപേക്ഷിച്ചു.
കണ്ണുകൾ അടച്ചപ്പോൾ മറ്റെന്തൊക്കെയോ തലയിലേക്ക് ആവാഹിക്കപ്പെട്ടു. നഷ്ടപ്പെട്ട ബന്ധങ്ങൾ, സുഹൃത്തുക്കൾ, പ്രണയം, ബാല്യം, കാലങ്ങൾ, കലഹങ്ങള്‍, ഓർമകൾ..
പലയിടത്തുനിന്നുമുള്ള ഒറ്റപ്പെടലുകൾ, കുറ്റപ്പെടുത്തലുകൾ പുറത്താക്കലുകൾ, പിരിഞ്ഞുപോകലുകൾ അങ്ങനെ എന്തൊക്കെയോ.
വീണ്ടും ആ ശബ്ദം കേട്ടുവോ...!!
അർദ്ധമരണത്തിന്‍റെ ആലസ്യത്തിൽ ചുറ്റിലും ഒന്ന് കണ്ണോടിച്ചു.
ശരിയാണ് അവിടെയൊക്കെയും കാണാമായിരുന്നു തീരാനഷ്ടങ്ങളുടെ, ഒരിക്കലും തൂത്താൽ പോവാത്ത ചെതുമ്പലുകൾ...!!!
ചെതുമ്പലുകൾ | മരണം | ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല: