എഴാം തരത്തില്‍ പഠിക്കണ കാലം; ആ മനുഷ്യൻ സ്കൂളിൽ എത്തി എന്നറിഞ്ഞാൽ പിന്നെ ഒരാവേശമാണ്...
6:41 PM
എഴാം തരത്തില്‍ പഠിക്കണ കാലം വർഷാവസാനം പരീക്ഷക്ക് മുന്നോടിയായി എന്നെങ്കിലും ഒരു ദിവസം സ്കൂൾ ഫോട്ടോ എടുക്കുന്ന ഗംഭീര ചടങ്ങുണ്ട്. ഒന്നോ രണ്ടോ ദിവസം നീളും ഈ കലാപരിപാടി. അതിനായി അധ്യാപകർ എവിടെ നിന്നോ കെട്ടിയിറക്കിയപോലെ ഒരു ഫോട്ടോ മാമന്‍ സ്കൂളിലേക്ക് വർഷത്തിൽ ഒരിക്കൽ മാത്രം കടന്നുവരും. ഈ ദിവസമല്ലാതെ മഷിയിട്ട് നോക്കിയാൽ പോലും ആ മനുഷ്യനെ കാണാൻ കിട്ടില്ല.
ഈ ദിവസങ്ങളില്‍ ക്ലാസ്സില്‍ സാധാരണ അധ്യാപകര്‍ ഇണ്ടാവില്ല. എന്നാല്‍ നമ്മുടെ സതി ടീച്ചര്‍ ഉണ്ടോ വിടുന്നു. കിട്ടുന്ന ഗാപ്പില്‍ ഒക്കെ കയറി ക്ലാസ്സ് എടുക്കും. ഫോട്ടം പിടിക്കാനുള്ള മെഷീനുമായി ആ മനുഷ്യൻ സ്കൂളിൽ എത്തി എന്നറിഞ്ഞാൽ പിന്നെ ഒരാവേശമാണ്. ടീച്ചര്‍ ഇല്ലാത്ത സമയം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനെകുറിച്ചും മുടി ചീകി ഒതുക്കുന്ന സ്റ്റൈലിനെക്കുറിച്ചും, പടം പിടിച്ച് കഴിഞ്ഞാല്‍ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചും ഒക്കെ കൂലങ്കഷമായ ചർച്ചയാണ്.
എല്ലാ ക്ലാസ്സുകളിലെയും ഒരുമിച്ചുള്ള ഈ ചർച്ച കുറച്ചു സമയത്തിനകം ഏതാണ്ട് കേരള മന്ത്രിസഭ കൂടിയ പോലെ ആകെ അലമ്പും അട്ടഹാസവുമായി മാറിയിട്ടുണ്ടാവും. ബഹളം ക്ലാസ്സുകളും, സ്കൂളും കടന്ന് അടുത്ത പഞ്ചായത്തിലേക്ക് വ്യാപിക്കും എന്ന അവസ്ഥയെത്തുമ്പോൾ പ്രതിരോധ മാർഗം എന്നോണം ഓഫീസ് റൂമിൽ നിന്നും ആറ്റംബോംബ് വര്‍ഷിക്കും പോലെ അനില്‍ കുമാര്‍ സാറിന്‍റെ ഒരു വരവുണ്ട്.
അടുത്ത ക്ലാസ്സില്‍ നിന്ന് ഒരു അശരീരിയും...
ഗൂര്‍ഘ വരുന്നേയ്...
ശ്... ശ്... ഗൂര്‍ഘ.. ഗൂര്‍ഘ....
കൈയില്‍ ഒരു ചൂരല്‍ വടിയുമായി വരുന്ന വഴിയിലെ തടസ്സങ്ങളെ ഒക്കെ നിഷ്പ്രഭമാക്കി അത് നിമിഷങ്ങള്‍ കൊണ്ട് നമ്മെ കടന്നുപോകും. പിന്നെ അവിടെയാകെ ഒരു സ്മശാന മൂകതയും ചില ഞെരങ്ങലുകളും മാത്രം.
അങ്ങനെ ഒരാഖാദത്തിൽ നിന്ന് സാവധാനം ഓരോ പ്രതിയോഗികൾ ജീവൻ വച്ചുതുടങ്ങുമ്പോഴേക്കും ഉച്ചഭക്ഷണത്തിന്‍റെ മണി മുഴക്കം. പിന്നെ പാത്രവുമായി കഞ്ഞി വാങ്ങാൻ ഓട്ടം വാങ്ങിയ കഞ്ഞിക്ക് പയർ കുറഞ്ഞതിന് പയര്‍ വിളമ്പിയ കൂട്ടുകാരന്‍റെ മെക്കിട്ടു കയറ്റം. ശേഷം പാത്രം കാലിയാക്കി ഗ്രൌണ്ടിലെ കുത്തിമറിച്ചിലും കഴിഞ്ഞ് ക്ലാസ്സില്‍ വരുമ്പോള്‍ രാവിലെ പടം പിടിക്കാനായി സൂക്ഷിച്ച ഗ്ലാമര്‍ ഒക്കെ പോയി ഒരുമാതിരി തെണ്ടിപിള്ളേരേപോലെ ആയിക്കഴിഞ്ഞിട്ടുണ്ടാവും . ക്ലാസ്സിലെ സ്ത്രീ ജനങ്ങളാകട്ടെ ഒരു മുടിനാരു പോലും അനങ്ങാതെ ചലിക്കുന്ന ബൊമ്മ പോലെ അവിടെത്തന്നെ ഉണ്ടാവും. പിന്നെ കുറച്ച് വെള്ളം നനച്ച് തലയൊക്കെ ഒന്ന് വെടിപ്പാക്കി നമ്മളും കയറി ഇരിക്കും.
ഒടുവിൽ മ്മടെ നമ്പർ ഒക്കെ വന്ന് പടം പിടിക്കാനായി ആ പടർന്നു പന്തലിച്ച മാവിൻ ചുവട്ടിൽ കുറെ നേരം പടം പിടുത്തക്കാരനും സാറന്മാരും കൂടി ഒരു ഒരു ബഹളം തന്നെ.
നീ അവിടെ നില്‍ക്ക്, മറ്റവന്‍ ഇങ്ങോട്ട് വാ... മുകളില്‍ കയറി നില്‍ക്ക്... ഇരിക്കവിടെ...
പൊക്കം അനുസരിച്ച് നമ്മളെ നിരത്തി നിർത്താൻ പെടുന്ന പാടുകളെ. എങ്ങനെ ഒക്കെ നിരത്തിയാലും മ്മള് മുൻപിൽ തന്നെ ഉണ്ടാവും. അങ്ങനെ രാജാവിനെപോലെ മേശക്ക് മുകളിൽ കയറി നില്‍കുമ്പോള്‍ ഫോട്ടോ മാമന്‍റെ വക അങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്ക് ഒന്നുകൂടി ദേ ഇവിടെ...
കഴിഞ്ഞു...!
മിണ്ടാതെ പോയി ക്ലാസിൽ ഇരിക്കണം എന്ന ഉപദേശം തന്ന് അടുത്ത പടം പിടിക്കാനായി ടീച്ചേഴ്സ് അങ്ങോട്ട്. വരാൻ പോണ നമ്മടെ പടത്തേക്കാളും അപ്പുറത്തെ ക്ലാസിലെ കാമുകീടെ പടം എങ്ങനെയും ഒപ്പിക്കണം, ഒത്താല്‍ രണ്ടുംകൂടി ഒരുമിച്ച് വെട്ടി ഒട്ടിച്ച് കണ്ടങ്ങനെ ആസ്വദിക്കണം.... അങ്ങനെ അങ്ങനെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് കണ്ട് നമ്മൾ ക്ലാസിലേക്കും. അവിടെ ചെന്നാല്‍ ദേ കിടക്കുന്നു സവാളവട. സതിടീച്ചര്‍ ക്ലാസ്സെടുക്കാന്‍ റെഡി. മറ്റു മാര്‍ഗങ്ങള്‍ ഇല്ലല്ലോ അനുഭവിക്കുക തന്നെ.
പിന്നത്തെ സീൻ വരുന്നത് ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞ് അതേ ക്ലാസ്സിൽ. ടീച്ചർ വരുന്നു ഹാജർ എടുത്ത് കഴിഞ്ഞ് പറയുന്നു സ്കൂൾ ഫോട്ടോ വേണ്ടവർ പേര് നൽകണം.
ഒരു ഫോട്ടോ പത്ത് രൂപയാണ്....!
ഇതിപ്പോ ആകെ ഗുലുമാൽ ആയല്ലോ. കഴിഞ്ഞ മാസം സ്റ്റാമ്പുകൾ വാങ്ങിയതിന്‍റെ 8 രൂപയുടെ ചീത്തവിളി ഇതുവരെ തീർന്നിട്ടില്ല. അപ്പൊ ദേ വരുന്നു അടുത്ത ഇടിത്തീ. ഇതെങ്ങാനും വീട്ടിൽ ചെന്ന് പറഞ്ഞാൽ കഴിഞ്ഞു. കയ്യിൽ കിട്ടുന്ന സാധനത്തിന് നമ്മുടെ മുതുകത്ത് പാട് വീഴും. 5 രൂപ ഉണ്ടെങ്കില്‍ ഒരു ദിവസത്തെ മീന്‍ വാങ്ങാം എന്നിരിക്കെ ഫോട്ടോ വാങ്ങാന്‍ 10 രൂപ ചോദിച്ചാല്‍ അടി കിട്ടാന്‍ കാരണം വേറെ വേണ്ടല്ലോ.
പത്ത് പൈസയുടെ പുളിമുട്ടായി വാങ്ങാൻ കാശില്ലാത്ത സമയം. ആരോടും കടം വാങ്ങാനും പറ്റില്ല. എല്ലാരും തുല്യ ദുഃഖിതർ...!!
ഒടുവില്‍ കരഞ്ഞും വിളിച്ചും ഡാ പുല്ലേ നിനക്ക് പടം വാങ്ങാന്‍ പറ്റില്ല എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കും...
ഫോട്ടോ വാങ്ങിയവര്‍ ഭാഗ്യവാന്മാര്‍. അവരോട് തീരാത്ത അസൂയയും, പിന്നെ അതൊന്ന് കാണാനുള്ള ആവേശവുമായി ഫോട്ടോ തരുന്ന ദിവസം സ്കൂളിലേക്ക്. ടീച്ചര്‍ വന്ന് പേര് വിളിച്ച് ഫോട്ടോകള്‍ തന്നുകഴിഞ്ഞാല്‍ പിന്നെയും കുറെ നേരം ബഹളമാണ് ഇതൊന്ന് കാണണ്ടേ. ടീച്ചറും കുറച്ചുനേരം കണ്ണടക്കും. അവസാനം പടം പിടിച്ച് പ്രിന്‍റ് ആയി വന്നപ്പോ ദേണ്ടെ ഇങ്ങനെ ആയി. അമ്മച്ചിയാണേ സത്യം എന്‍റെ മുടി ഇങ്ങനെ അല്ല... ഒടുവില്‍ ബഹളം കൂടുന്നു എന്ന് കാണുമ്പോള്‍ ചൂരല്‍ വടി കൊണ്ട് മേശവലിപ്പില്‍ രണ്ടടി.
എല്ലാം നിശബ്ദം.
തിരികെ വീട്ടില്‍ വന്നാല്‍ ഫോട്ടോക്ക് പൈസ തരാത്തതിലുള്ള ദേഷ്യവും പ്രതിഷേധവും ഒക്കെയായി പിന്നെയും ഒന്നുരണ്ട് ദിവസങ്ങള്‍..
ഒടുവില്‍ ഇവയൊക്കെയും ഓര്‍മകള്‍ക്ക് വഴിമാറും.
ഇന്ന് ഈ ഫോട്ടോ വീണ്ടും കാണുമ്പോള്‍ മനസ്സില്‍ ഒരു നൂറ് ഓര്‍മകളും, വിങ്ങലുകളും ഇപ്പോഴും ബാക്കി.
ജനിച്ചു വീഴുന്ന പിള്ളാര്‍ക്ക് പോലും മൊബൈല്‍, ടാബ് DSLR ക്യാമറ എല്ലാം കിട്ടുന്ന ഇക്കാലത്ത് അന്നത്തെ ഈ ഓര്‍മകളുടെ ഒക്കെ വലിപ്പവും മാധുര്യവും അന്ന് ഇവ നല്‍കിയ വലിയ വേദനകളും മറക്കാനാവില്ല.
ഞങ്ങളുടെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന പ്രിയപ്പെട്ട അനില്‍കുമാര്‍ സാറിന്‍റെ അന്നത്തെ വിളിപ്പേര് (ഗൂര്‍ഘ). കൈയില്‍ ഒരു ചൂരല്‍ വടിയുമായി ആ വരവ് കണ്ടാല്‍, ഗൂര്‍ഘ എന്ന പേര് കേട്ടാല്‍ മുട്ടിടിക്കാത്ത ഒരാള്‍ പോലും അന്ന് സ്കൂളില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. (എന്നെ ജീവിതത്തില്‍ ഏറ്റവുമധികം നടുക്കിയ മരണം. അതിനെക്കുറിച്ച് പിന്നെയൊരിക്കല്‍ എഴുതാം.) സാറിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.
ഓര്‍മ്മകള്‍ | സ്കൂള്‍ | ക്ലാസ്സ് റൂം | പഠനം
അഭിപ്രായങ്ങളൊന്നുമില്ല: