ബാലന്‍ പറഞ്ഞു; സോറി എനിക്കിങ്ങനെ ഒരാളെ അറിയില്ല..!!

8:09 PM



അയലത്തെ വീട്ടിലെ ദൂരദർശന്‍റെ ആന്റിനയും, വി.സി.ആറും, ടേപ്പ് റെക്കോർഡറും നമ്മുടെ മനസ്സിൽ സന്തോഷം നിറച്ചിരുന്ന കാലം. ശക്തിമാനും, ശ്രീകൃഷ്ണനും, ജയ്‌ ഹനുമാനും, ചിത്രഗീതവും, ആകാംക്ഷാഭരിതമായ തിരനോട്ടവും കാണാന്‍ സിനിമാപ്പെട്ടിയുടെ മുന്നില്‍ കാത്തിരുന്ന കാലം.

സ്കൂളിലേക്കുള്ള വഴിയിൽ ആരാന്‍റെ മാങ്ങാക്ക് കല്ലെറിഞ്ഞും ആ കല്ല് ഏതെങ്കിലും വീട്ടിന്‍റെ ഓട് പൊളിച്ച് അവിടെനിന്നും "ഈ നാശം പിടിച്ച പിള്ളേരെ ഞാൻ ഇന്ന് ശരിയാക്കും" എന്നുപറഞ്ഞു വരുന്ന വീട്ടുകാരുടെ കണ്ണിൽപെടാതെ നിലവിളിച്ച് തെക്കുവടക്ക് ഓടിയും, വഴിവക്കിലെ കൂട്ടുകാരന്‍റെ പറമ്പിലെ കാരക്കയും, പുളിഞ്ചിക്കായും കയറിപ്പറിച്ചും, കല്ലെറിഞ്ഞു വീഴ്ത്തിയും, കല്ല് തുളഞ്ഞുകയറിയ ഭാഗം കടിച്ചുതുപ്പി, ബാക്കിയുള്ളത് ഇട്ടേക്കുന്ന തുണിയിൽ തുടച്ച് കടിച്ചുതിന്നും, തല്ലുപിടിച്ചും സൗഹൃദം പങ്കുവച്ചിരുന്ന പരസ്പരം കൂട്ടുകാരുടെ വീടോ വീട്ടുകരെയോ പോലും പരിചയമില്ലാത്ത, സ്‌കൂൾ ദിവസങ്ങളിൽ മാത്രം കാണുകയും കൂട്ടുകൂടുകയും ചെയ്തിരുന്ന കുറെ അധികം കൂട്ടുകാർ...

അഞ്ചാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെ അങ്ങനെ കളിച്ചുചിരിച്ച് അര്‍മാദിച്ചു നടക്കുമ്പോള്‍ പലരുടെയും അഞ്ചാറ് കൊല്ലത്തെ കൂട്ടുകൂടലിന്‍റെയും അടിപിടിയുടെയും അക്രമത്തിന്റെയും ശവപ്പെട്ടിയിൽ ആണിയടിച്ചുകൊണ്ട് പത്താംക്ലാസ് വലിയ പരീക്ഷയും, അതിന് മുന്നോടിയായുള്ള അവധിയും ഒക്കെ വന്നടുത്തു.

സ്കൂള്‍ പൂട്ടാന്‍ പോകുന്ന അവസാന ദിവസങ്ങളിലെ തിരക്കിട്ട ജോലികളിൽ ഒന്നായിരുന്നു കൂട്ടുകാർ തമ്മിലുള്ള ഓട്ടോഗ്രാഫ്‌ ശേഖരണം. അന്നത്തെ കാലത്ത് പിരിഞ്ഞുപോകലിന്‍റെ ഓര്‍മകളില്‍ കാത്തുസൂക്ഷിക്കാൻ ആകെ ഉണ്ടായിരുന്നത് പലർക്കും ഓർമകൾ അക്ഷരങ്ങളാക്കിയ ഓട്ടോഗ്രാഫുകൾ മാത്രമായിരുന്നു. വർണ്ണശബളമായ നിറവിന്യാസങ്ങളിൽ പല വലിപ്പത്തിൽ ഉള്ള ഓട്ടോഗ്രാഫുകൾ കടകളിൽ തിങ്ങിനിറയുന്ന ദിവസങ്ങൾ. അവ വാങ്ങാൻ പാങ്ങില്ലാത്ത ചില വിരുത പുത്രീ പുത്രന്മാർ അച്ഛന്റെയോ അമ്മയുടേയോ വലിയ ഡയറി ഓട്ടോഗ്രാഫാക്കി, ഇനി ഈ ഡയറിക്കും വകുപ്പില്ലാത്ത കുറെ ടീംസ് പിന്നെയും ഉണ്ട്. ഭാഗ്യവശാൽ ഞാനും അതില്പെടും... അതിനിപ്പോ എന്താ?

ഒരു ബുക്കിന്‍റെ നാല് ഭാഗങ്ങളിൽ നിന്ന് പന്ത്രണ്ട് വിഷയങ്ങളുടെ നോട്ടുകൾ ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ നേരെയും കുറുകെയും എഴുതിത്തള്ളുന്ന നമ്മളോടാ കളി.. എന്തൊക്കെയോ എഴുതി പകുതിയായ ഏതോ ഒരു വിഷയത്തിന്‍റെ നോട്ട്ബുക് തന്നെ നമ്മുടെ ഓട്ടോഗ്രാഫ്. അല്ലെങ്കിൽത്തന്നെ ആ ബുക്കിന്‍റെ ആദ്യത്തെ 5 പേജ് നോക്കിയാൽ പഠിക്കാനുള്ള 7 ഉം സിലബസിൽ ഇല്ലാത്ത 16 ഉം വിഷയങ്ങൾ അതിൽ ഉണ്ടാവും. അപ്പോൾ ഇതൊക്കെ ഒരു വലിയ കാര്യമാണോ... ഇങ്ങനെയെങ്കിലും ആ ബുക്കിന് ഒരു ഉപയോഗമൊക്കെ വേണ്ടേ..!!

എല്ലാരും തിക്കും തിരക്കും പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടി ചാടി നടന്ന്

"എന്നെ ഓർത്തില്ലേലും മറക്കല്ലേ ചക്കരെ..."
"ഇതാ നിനക്കായി ഒരു ചെമ്പരത്തിപ്പൂ, ചെവിയിൽ വച്ചോ നന്നായി ചേരും.."
"സ്നേഹിച്ചാൽ ചങ്ക് പറിച്ചു തന്നില്ലേലും ചോദിച്ചാൽ വെള്ളമെങ്കിലും തരണേ.."

എന്നിങ്ങനെ തട്ടുപൊളിപ്പൻ ഡയലോഗുകൾ കൂട്ടുകാരുടെ ഓട്ടോഗ്രാഫുകളിൽ എഴുതിനിറച്ച് ഒരൊപ്പും ഇട്ട് അടിയിൽ വരക്കുമ്പോൾ വലിയ ഗമയാണ് എഴുതുന്നവര്‍ക്ക്. അപ്പോഴും അടുത്ത ആൾ ക്യൂ നിക്കുന്നുണ്ടാവും തന്‍റെ ഊഴവും കാത്ത്‌. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പഠന അവധിക്ക് സ്‌കൂൾ അടപ്പും ആയിക്കഴിഞ്ഞാൽ പലരും പിന്നെ കാണുന്നത് പരീക്ഷ എഴുതാൻ വരുമ്പോഴാണ്.

അന്ന് ലോഡുകണക്കിന് ഓട്ടോഗ്രാഫ് വാങ്ങിക്കൂട്ടിയ ആരുടെയെങ്കിലും കൈയില്‍ ഇപ്പോള്‍ ഈ സാധനം ഉണ്ടോ ആവോ..???

കൂട്ടത്തിലെ പഠിപ്പിസ്റ്റുകൾ വീട്ടിലിരുന്ന് പുസ്തകങ്ങൾ തിന്നുതീർത്തപ്പോൾ എന്നെപ്പോലെ തലതെറിച്ച ചില കുരിപ്പുകൾ ചൂണ്ടയും കൊണ്ട് തോട്ടിലും, തവളയെ പിടിക്കാൻ വയലിലും, റോഡിൽ പട്ടം പറത്തിയും, വീട്ടുമുറ്റത്ത് കുഴികുത്തി ഗോലി കളിച്ചും, വേറെ കുറെ എണ്ണം മടലും പൊക്കികൊണ്ട് പാടത്തും ഉണ്ടാവും. എന്നാല്‍ ചില അതിവിരുതന്മാർ പഠിക്കാന്‍ ഉണ്ടായിരുന്ന മൊത്ത പുസ്തകങ്ങളുടെ ചെറിയ പതിപ്പ് ഉണ്ടാക്കുന്ന തിരക്കിലാവും. ഇവരാണ് പരീക്ഷക്ക് ആവശ്യമായ ഉത്തരങ്ങൾ സപ്ലെ ചെയ്യുന്നത്. അവരത്രേ ത്യാഗികൾ...

ശിശിരകാരത്തില്‍ കൊടും വേനല്‍ പോലെ ദേ വന്നു പരീക്ഷ...!!

അവധി ദിവസങ്ങളിൽ വീട്ടില്‍ കുത്തിയിരുന്ന് ബുക്കുകൾ തിന്ന് തീർത്തവർ അത് അപ്പാടെ പേപ്പറിലേക്ക് ചർദ്ദിക്കുബോൾ കിലോ കണക്കിന് കുഞ്ഞ് കോപ്പികള്‍ കൊണ്ടുവന്ന ത്യാഗികള്‍ ക്ലാസ്സില്‍ അത് സപ്ലെ ചെയ്തും ചോദ്യങ്ങളുടെ ഉത്തരം ഏത് പേപ്പറില്‍ ആണെന്ന് തപ്പിപ്പെറുക്കിയും ഇരിക്കുന്നുണ്ടാവും. ഞാനുള്‍പ്പെടുന്ന മറ്റൊരു കൂട്ടം അവിടെ കയറിയിരുന്ന് ടിപ്പുസുൽത്താനും തവളകളും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റിയും, കണക്കിലെ റൂട്ടിനുള്ളിൽ ബാറ്റ് പോയാലുള്ള ദുരവസ്ഥയിൽ, മലയാളം വൃത്തത്തിൽ കെട്ട് പൊട്ടിയ പട്ടത്തെ സമന്വയിപ്പിച്ചും, ഗുരുത്വാകർഷണത്തിൽ ചൂണ്ടക്കുള്ള പങ്ക് കണ്ടെത്തിയും, കുഴിയില്‍ വീണ ഗോലിയുടെ രസതന്ത്രം വിവരിച്ചും ഒക്കെ ആ ചടങ്ങ് വളരെ ഭംഗിയായി കഴിച്ചുകൂട്ടും. ശേഷം ഭാഗം പതിവുപോലെ വീട്ടിലും പറമ്പിലും, തോട്ടിലും തെണ്ടിപെറുക്കി നടക്കും...

പരീക്ഷാഭലം വരുന്ന ദിവസം അതിരാവിലെ ഒരുവശത്ത് ഒരുകാലത്തും വേണ്ടാത്ത പത്രം കയ്യിൽ കിട്ടാനായി വീട്ടുകാരുടെ ക്ഷമയും കളഞ്ഞുള്ള കാതിരിപ്പും മറുവശത്ത് നമ്മുടെ കുംഭകർണ്ണ സേവയും.. നിർലോഭം തുടരും...

അവസാനം ഭലം വന്നപ്പോള്‍ എന്തോ പപ്പൻ പാസ്സായി...!! എന്തെരോ എന്തോ..

പിന്നെ ഒന്നുരണ്ടുപേരെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്കൂളില്‍ പോയപ്പോള്‍ കണ്ടതൊഴിച്ചാല്‍ ആരുമായും ഒരു ബന്ധവും ഉണ്ടായിട്ടില്ല. ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നില്ല. കുറച്ചുപേര്‍ വീണ്ടും തുടര്‍ പഠനത്തിന് അടുത്ത സ്കൂളില്‍ കണ്ടുമുട്ടി. അവിടെയും മേല്പറഞ്ഞ തരത്തില്‍ കാര്യങ്ങള്‍ മുറപോലെ നടക്കുകയും പലരും പലവഴി പിരിയുകയും ചെയ്തു.

സൗഹൃദങ്ങൾ നിലനിർത്താൻ വേണ്ടി ആകെ ഉണ്ടായിരുന്ന സാങ്കേതികവിദ്യ തപാലും, ലാൻഡ് ഫോണുകളും മാത്രമായിരുന്നു. അതും അഞ്ചോ പത്തോ പേരുടെ വീട്ടിൽ മാത്രം ഉണ്ടാവും ഫോൺ. അതിൽ വിളിക്കണമെങ്കിൽ തന്നെ ബൂത്തിൽ പോകാൻ കാശ് വേണ്ടേ..!!

നീണ്ട ആറേഴ് കൊല്ലങ്ങൾക്ക് ശേഷം വീട്ടുകാരോട് അടിപിടി അക്രമം നടത്തി ഫ്രീ കമ്പൂട്ടര്‍ വേണം എന്ന അടങ്ങാത്ത ആഗ്രഹത്തില്‍ കമ്പൂട്ടര്‍ പഠിക്കാന്‍ തിരുവനന്തപുരത്തേക്ക്. സമീപ കാലങ്ങളില്‍ തന്നെ നോകിയയുടെ ഒരു കുഞ്ഞ് മൊബൈലും കൈയില്‍ കിട്ടി. കിട്ടാവുന്ന പഴയ സുഹൃത്തുക്കളുടെ ഒക്കെ നമ്പരുകള്‍ വാങ്ങുന്നു സേവ് ചെയ്യുന്നു. ആകെ ഉണ്ടാവുന്നത് മിസ്സ്‌ കാള്‍ ചെയ്യാനുള്ള അമ്പത് പൈസയാവും അതുകൊണ്ട് കാള്‍ എടുക്കല്ലെടാ തെണ്ടീ എന്നും പറഞ്ഞ് ദിവസവും മുറതെറ്റാതെ അങ്ങോട്ട്‌ മിസ്സ്ഡ് കാള്‍ ചെയ്യുന്നു. മറന്നിട്ടില്ല അളിയാ എന്നമട്ടില്‍ അവിടന്ന് ഇങ്ങോട്ടും ഒരു കാള്‍ വരുന്നു. ഫോണ്‍ ചെയ്യലില്ല സംസാരമില്ല.

ആയിടക്കാണ് ആരോ പറഞ്ഞ് അറിയുന്നത് ഗൂഗിൾ എന്നൊരു സംഭവമുണ്ട്. എന്തും അതിൽ കിട്ടുമത്രേ... ലോകത്തിന്‍റെ അനന്ത സാധ്യതയിലേക്കുള്ള വാതായനങ്ങള്‍ അവിടെ തുറക്കപ്പെടുന്നു..

യുണിടെക്കില്‍ നിന്ന് ശ്രീകുമാര്‍ സാറിന്‍റെ കണ്ണുവെട്ടിച്ച് ഇന്റര്‍നെറ്റില്‍ നുഴഞ്ഞുകയറി തപ്പിപ്പിടിച്ച് ഗൂഗിളിൽ എത്തുന്നു, അവിടെനിന്ന് ജി-മെയിലിലേക്കും ഓർക്കുട്ടിലേക്കും പിച്ചവച്ചു കയറുന്നു.. ഓർക്കുട്ട് അതൊരു സംഭവം തന്നെ ആയിരുന്നു എവിടെയോ ഇരിക്കുന്ന പണ്ട് കൈവിട്ടുപോയ നമ്മുടെ സുഹൃത്തുക്കളെ അവിടെ തിരഞ്ഞുപിടിച്ചപ്പോള്‍ പലർക്കും അതിശയകരമായ മാറ്റങ്ങൾ. പലരുമായും ഫോട്ടോകളും സന്ദേശങ്ങളും കൈമാറി സൗഹൃദം പുതുക്കി. ആ മാറ്റത്തിന്‍റെ കുത്തൊഴുക്കിൽ സമയത്തിന്‍റെ നല്ലൊരുഭാഗം സ്ക്രാപ്പുകൾക്കും ചാറ്റിങ്ങിനും വഴിമാറി. സ്ക്രാപ്പ് ബുക്കും, ടെസ്റ്റിമോണിയലും ഓര്‍ക്കുട്ട് കമ്യൂണിറ്റികളും വഴി പഴയകാല ഓർമകൾ തളിരിട്ടു പുഷ്പ്പിച്ചങ്ങനെ നിന്നു.. കാലങ്ങൾ ദിവസങ്ങളെ മുന്നോട്ട് തള്ളിനീക്കിയപ്പോള്‍ ഓർക്കുട്ടിൽ നിന്നും ഓരോരുത്തരായി പതിയെ ഫെയ്സ്ബുക്കിലേക്ക് തെറിച്ചുവീണു. ഇതിനിടയില്‍ ഓര്‍ക്കുട്ടിന് ദയാവധവും ലഭിച്ചു.

ഈ കാലത്തിനിടയിൽ ദൂരദർശൻ കേബിൾ ടി.വി.ക്കും ഡിഷ്‌ ടി.വി.ക്കും വഴിമാറിയപ്പോൾ, വി.സി.പി.യും ഓഡിയോ ടേപ്പുമൊക്കെ സി.ഡി.പ്ലെയറുകള്‍ക്കും കോംപാക്റ്റ് ഡിസ്കുകള്‍ക്കും വഴിയൊരുക്കി പുരോഗതിയുടെ മാതൃകകളായി. അപ്പോഴേക്കും പെൻഡ്രൈവുകളുടെയും മെമ്മറി കാര്‍ഡുകളുടെയും മുട്ടകൾ എവിടെയൊക്കെയോ വിരിഞ്ഞു തുടങ്ങിയിരുന്നു.

ഓർക്കുട്ടിൽ ഉണ്ടായിരുന്നവരും ഇല്ലാത്തവരുമായി നഷ്ട്ടപ്പെട്ട വളരെയേറെ സുഹൃത്തുക്കളെ ഫെയ്‌സ്ബുക്ക് തിരികെ തന്നു. പഠനകാലത്ത് തമ്മിൽ മിണ്ടാത്തവർപോലും ഇങ്ങോട്ട് വരികയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിചിരിച്ചും അങ്ങനെതന്നെ. സ്‌കൂൾ കാലങ്ങളിൽ പൂർണമായും അന്തർമുഖനായ എന്നെ പലരും തിരിച്ചറിയുന്നതിൽ ആദ്യം അതിശയം തോന്നിയെങ്കിലും കൂടെ പഠിച്ചവർക്ക് തമ്മിൽ മനസ്സിലാവാൻ അധികം കാര്യങ്ങള്‍ ഒന്നും വേണ്ട പഠിച്ച ക്ലാസ്സും വർഷവും തന്നെ ധാരാളം എന്ന് പിന്നെ മനസ്സിലായി. മനസിലാവുമോ എന്ന് സംശയിച്ചിരുന്നു എല്ലാ ആൺ പെൺ സുഹൃത്തുക്കൾക്കും എന്നെ വളരെ വേഗം മനസിലായി.

അവിടെയൊക്കെ വെത്യസ്തനായത് നമ്മുടെ ബാലൻ തന്നെയാണ്...

വളരെ നാളത്തെ തിരച്ചിലിനൊടുവിൽ ആരുടെയോ മ്യൂച്വൽ ഫ്രണ്ട് ആയി ബാലനെ കാണുന്നു. എന്‍റെ ബാലന്‍, എന്‍റെ സ്വന്തം ബാലന്‍... പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. പത്താംക്ലാസിലെ അങ്കം കഴിഞ്ഞ് നീണ്ട 15 വർഷങ്ങൾക്ക് ശേഷം കാണുന്നതാണ്. റിക്വസ്റ്റ് അയച്ച് കുറെ ദിവസമായിട്ടും ബാലന്‍റെ അനക്കമില്ല. ഇനി ആളെ മനസിലവാഞ്ഞിട്ടാണോ എന്നറിയാൻ മെസ്സേജ് അയച്ചു.

ടാ അളിയാ...
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറുപടി വന്നു. (ആരാണ്?)
അളിയാ ഞാൻ നിന്റെ കൂടെ സയൻഷ്യയിൽ പഠിച്ചതാണ്.. പേര് പപ്പന്‍.
ബാലൻ: എനിക്കറിയില്ലല്ലോ.
പപ്പന്‍: 2003 ഇൽ രാജീവൻ സാറിന്റെ സയൻഷ്യയിൽ പഠിച്ച ബാലൻ അല്ലേ നീ?
ബാലൻ: അതെ.
പപ്പന്‍: നിനക്ക് ഓർമയില്ലേ നിന്‍റെ തൊട്ടു പുറകിലെ ബഞ്ചിൽ ഇരുന്ന പപ്പനാടാ ഞാന്‍. സ്കൂളിൽ ബി-ഡിവിഷനിലെ, നിന്‍റെ തൊട്ടടുത്ത ക്ലാസ്.
ബാലൻ: ഇല്ല. എനിക്ക് ഇങ്ങനെ ഒരാളെ അറിയില്ലല്ലോ...

ഒടുവിൽ അറിയാവുന്ന തിരിച്ചറിയൽ അടയാളങ്ങളും ചിഹ്നങ്ങളും, സംഭവങ്ങളും ഒക്കെ ബാലനെ പറഞ്ഞുകേൾപ്പിക്കുന്നു. എല്ലാം കേട്ട ശേഷം ബാലൻ ഇങ്ങനെ പറഞ്ഞു.

സോറി എനിക്കിങ്ങനെ ഒരാളെ അറിയില്ല..!!

അന്ന് ഞാനവന്‍റെ ഗ്ലാസ്സിലേക്ക് പകർന്നുവച്ച നുരഞ്ഞുപതഞ്ഞു പൊങ്ങിവന്ന സൗഹൃദത്തിന്‍റെ ഒന്നൊന്നര പതിറ്റാണ്ടോളം പഴകിയ ലഹരിക്കുപ്പി തട്ടിമറിച്ചുകൊണ്ട്‌ ഏതോ കണ്ടൻപൂച്ച അപ്പുറത്തെ പറമ്പിലേക്ക് മതിലുചാടി എങ്ങോട്ടെന്നില്ലാതെ പാഞ്ഞുപോയി...

ആവോ... തവള പിടിച്ചും പട്ടം പറത്തിയും നടന്ന പപ്പനെ പഠിപ്പിസ്റ്റായ ബാലൻ എന്തിന് ഓർക്കണം..!!

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook