മേരിയും തലച്ചുമടും കുറെ നാണയങ്ങളും...
1:51 AMകഥാകാരൻ ഭക്തിയുടെയും സാമാന്യം ഭേദപ്പെട്ട അന്ധവിസ്വാസങ്ങളുടെയും അഴുക്കും മെഴുക്കും നിറഞ്ഞ പടുകുഴിയിൽ മുങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന കാലത്തായിരുന്നു തമിഴ്‌നാട്ടിലെ പേരറിയാത്ത ഏതോ ഒരു സ്ഥലത്തെ മേരിയുടെ പള്ളിയിലേക്ക് തീർഥയാത്ര പോയത്. സുഹൃത്തായ ചാത്തപ്പന്‍ പറഞ്ഞാണ് കാര്യങ്ങള്‍ സാധിച്ചുതരുന്ന അത്ഭുത സിദ്ധികളുള്ള 5തമിഴ്നാട് സ്വദേശി മേരിയെപ്പറ്റി കഥാകാരന്‍ കുട്ടപ്പന്‍ ആദ്യമായി കേള്‍ക്കുന്നത്. ആയതിന്‍ പ്രകാരം മേരിയെ കാണാനും ചില കാര്യങ്ങള്‍ തരപ്പെടുത്താനുമായി നിറയെ ക്രിസ്‌തീയ ഭക്തിഗാനങ്ങൾ കുത്തിനിറച്ച പാട്ടുപെട്ടിയും ഒരു കൂട്ടം ഭക്ത മനസുകളുമായി തിങ്ങിഞ്ഞെരുങ്ങിയ ഒരു വാഹനം ഇങ്ങു കേരളത്തിലുള്ള നാട്ടിൻപുറത്തെ കവലയിൽ നിന്ന് തമിഴ്നാടുള്ള ഏതോ ഒരു സ്ഥലത്തേക്ക് പുറപ്പെടുകയായി. പുറപ്പെടുന്നതിനും അര മണിക്കൂർ മുൻപേ തന്നെ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റിൽ കഥാകാരൻ കുട്ടപ്പനും ചങ്ങായി ചാത്തപ്പനും തങ്ങളുടെ സ്ഥാനമുറപ്പിച്ചു.
യാത്ര തുടര്‍ന്നപ്പോള്‍ ചാത്തപ്പൻ ഭക്തിയുടെ കൊടുമുടിയിൽ കയറിയിരുന്ന് മേരിയെ തതള്ളിത്തുടങ്ങി. തുടര്‍ച്ചയായി അഞ്ചുതവണ പോയി കണ്ട് പ്രാര്‍ഥിച്ചു നാണയം പതിച്ചാല്‍ ആഗ്രഹിച്ച കാര്യം നടക്കും. ചാത്തപ്പന്‍ ഇത് തുടർച്ചയായി നാലാം തവണയത്രേ.. അഞ്ചുതികഞ്ഞാൽ ആഗ്രഹാസഭല്യം ഉറപ്പായി. ചാത്തപ്പന്റെ വാക്കുകൾ കേട്ട കുട്ടപ്പന്റെ കണ്ണുകൾ പ്രതീക്ഷകൾ കൊണ്ട് വിജൃംഭിത കുംഭിതമായി പുറത്തേക്ക് തള്ളി നിന്നു.
കാലങ്ങളായി ഉള്ള തള്ളിന്റെ ശക്തി കൂടിയപ്പോൾ കഥാകാരൻ മൂക്കും കുത്തി താഴെ വീണു. അതിന് കാരണവുമുണ്ട്. സാധ്യതയില്ലാത്ത എന്നാൽ ഒഴിവാക്കാനാവാത്ത എന്തോ ഒന്ന് കുട്ടപ്പനും സാധിക്കാനുണ്ടായിരുന്നു. ഇനി എങ്ങാനും തമിഴ്‌നാട്ടിലെ മേരി സഹായിച്ചാൽ സംഗതി ജോറായില്ലേ.
ചാത്തപ്പന്റെ തള്ളിൽ നിന്ന് വഴിമാറിപോയ കുട്ടപ്പൻ മനസ്സിലോർത്തു.. "ഇതിപ്പോ വലിയ നഷ്ടമില്ലാത്ത കച്ചോടമാണല്ലോ. സംഗതി എന്തായാലും മ്മള് കൂട്ടിയാൽ കൂടില്ല. ഇതിപ്പോ ഏറിയാൽ അഞ്ച് ദിവസത്തെ തമിഴ്നാട് യാത്ര. സംഗതി ഒത്താൽ സംഭവം പൊളിക്കും."
മനുഷ്യന്റെ ആഗ്രഹങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും അനുസൃതമായി കുറുക്കുവഴികൾ നോക്കുക സ്വഭാവികമാണല്ലോ. ഇതിപ്പൊ ഒത്താല്‍ മേരിക്ക് ഒരു പൊൻതൂവൽ കൂടെ കൂട്ടത്തില്‍ പുതിയ തള്ളും കുട്ടപ്പന്‍റെ വക ഫ്രീ.
ഏതോ ചാവാലിപ്പട്ടി വണ്ടിക്ക് വട്ടം ചാടിയതുമൂലം ദ്രുതഗതിയിൽ വാഹന നിയന്ത്രിതാവിനുണ്ടായ ജീവൻരക്ഷാ യാത്രതടസാഖാതത്തിൽ ചിന്തക്ക് ഭംഗം വന്നപ്പോഴാണ് കുട്ടപ്പൻ തന്റെ മനോരാജ്യത്ത് നിന്ന് തിരികെ സീറ്റിൽ വന്ന് വീണത്. അപ്പോഴും ചാത്തപ്പന്റെ തള്ളിനൊപ്പം കെ.ജി. മാർക്കോസ് പാടുന്നുണ്ടായിരുന്നു "മമപിതവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ..."
മേരിയെക്കുരിച്ചുള്ള പ്രത്യേകതാ വിവരണത്തിലേക്ക് കടന്ന ചാത്തപ്പൻ പറഞ്ഞതിങ്ങനെ. ആഗ്രഹം മനസ്സിൽ വിചാരിച്ച് ഒരു രൂപ നാണയം അവിടെ ഭിത്തിയിൽ ഒട്ടിക്കണമത്രെ. നാണയം ഒട്ടിയാൽ ആഗ്രഹം നടന്നിരിക്കും... അങ്ങനെ അഞ്ചു തവണ മാസത്തില്‍ ഒരു ദിവസവീതം. കേള്‍ക്കാന്‍ ഗുളിക കഴിക്കുന്ന സമയക്രമംപോലെ അല്ലേ...!!
ഇത് കേട്ട കഥാകാരൻ ഞെട്ടി...!!!
സ്വതവേ സംശയാലുവായ കുട്ടപ്പൻ ചോദിച്ചു
കുട്ടപ്പന്‍: അതെങ്ങനെ സാധിക്കും, ഉടായിപ്പല്ലേ അളിയാ.. വീട്ടിലെ ഭിത്തിയില്‍ ഒട്ടാത്ത നാണയം എങ്ങനെ അവിടെ ഒട്ടും?"
ചാത്തപ്പന്‍: അത് നല്ല വിശ്വാസം ഉണ്ടെങ്കില്‍ ഒട്ടും. ഞാന്‍ കണ്ടിട്ടുള്ളതാണ്.
കുട്ടപ്പന്‍: എനിക്ക് അത്ര വിശ്വാസം ഇല്ല. ഇതില്‍ എന്തോ ഉടായിപ്പ് ഉണ്ട്...
പിന്നെ ചാത്തപ്പന്റെ വായില്‍ നിന്ന് കഥാകാരൻ കേട്ടത് തന്റെ കർണ്ണപടങ്ങളെ ധൃതങ്കപുളകിതമാക്കിയ രണ്ട് മൂന്ന് മലയാളം വാക്കുകൾ മാത്രം. വയറുനിറഞ്ഞ കഥാകാരൻ ശേഷം കണ്ണുകൾ പുറത്തേക്ക് തള്ളി പ്രകൃതിഭംഗികൾ ആസ്വദിച്ചു.
തിരുവനന്തപുരം കണ്ടത് കഥാകാരന്‍ വ്യക്തമായി ഓർക്കുന്നു. ശേഷം കുട്ടപ്പന്‍ അനന്തമായ ബോധമില്ലായ്മയുടെ അന്തരാളങ്ങളിൽ കിടന്ന് ദീര്‍ഖക്കൂർക്കംവലിച്ചു... കണ്ണ് തുറന്നപ്പോൾ ഏതോ പുതിയ പേരറിയാത്ത കടും മേടും കടന്ന് വാഹനം ദ്രുതഗതിയിൽ പായുകയായിരുന്നു.
ദിവാകരന്‍ മാമന്‍ പണിയും കഴിഞ്ഞ് കൈക്കൊട്ടും തോളിലിട്ട് കടലിൽ മുങ്ങിക്കുളിക്കാൻ പോയ ഗ്യാപ്പിൽ വന്ന് ചാർജെടുത്ത ഇരുളും ചാറ്റൽ മഴയും കൂടി എന്തൊക്കെയോ രഹസ്യ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ വണ്ടി നമ്മളെയും വഹിച്ച് ഏതോ വിശാലമായ പാർക്കിങ് ഏരിയയിൽ കൊണ്ടുനിർത്തി. വണ്ടിയിൽ നിന്നും പുറത്തുചാടി ചുറ്റിനും ഒന്ന് കറങ്ങി നോക്കിയപ്പോൾ കണ്ണുടക്കിയത് ഒരുവശത്തായി കാടുമൂടിയ ഒരു ചുടലപ്പറമ്പിന്റെ പ്രേതഭംഗിയിലായിരുന്നു. വെളിച്ചം മങ്ങിയ സമയത്ത് പെയ്തിറങ്ങുന്ന മഴ ഒന്നുകൂടി കനത്തപ്പോൾ ചുടലപ്പറമ്പിന്റെ വന്യത ഇരട്ടിയായി. അവിടെ ആദ്യം കണ്ട പള്ളിയിൽ ചിലരൊക്കെ പോയിവന്നരുന്ന സമയം ചാത്തപ്പനും, കുട്ടപ്പനും കൂടി ആദ്യം കണ്ട ചായക്കടയിൽ കയറി ബോണ്ടയും ചായയും കരസ്ഥമാക്കി തിരികെ വന്നു. ചുടലപ്പറമ്പിന്‍റെ നിശാസൗന്ദര്യത്തിൽ നുകർന്ന ബോധത്തിന്‍റെ ബോണ്ടക്ക് എല്ലിൻ കഷണത്തിന്റെ കാഠിന്യവും ചായക്ക് തീയുടെ തീഷ്ണതയും ഉണ്ടായിരുന്നു...
ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഉയര്‍ന്നുവന്ന മഴയും കീറിമുറിച്ച്, വാഹന നിയന്ത്രിതാവ് എങ്ങോട്ടൊക്കെയോ വളയം തിരിച്ച് തിരിച്ച് ജനത്തിരക്കുള്ള ഒരു സ്ഥലത്ത് കൊണ്ടെത്തിച്ചു. ദൂരയാത്രയില്‍ വാളും പരിചയും റോഡില്‍ ഉപേക്ഷിച്ച് തളര്‍ന്നുകിടന്ന ചാത്തപ്പന്‍ തല ഉയര്‍ത്തി പറഞ്ഞു ഇതാണ് സ്ഥലം. പുറമേ പ്രകടമാക്കിയില്ലെങ്കിലും ആദ്യ കാഴ്ച്ചയില്‍ തന്നെ അവിടെ എന്തൊക്കെയോ അടിച്ചുമാറ്റലുകള്‍ കഥാകാരന്റെ തലയില്‍ തെളിഞ്ഞുവന്നു.
ആദ്യം നടന്നത് അരി, പൊരി, എണ്ണ, ചന്ദനം ഇത്യാദി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റാലിലേക്കാണ്. അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ സ്റ്റാളുകള്‍ അവിടെയുണ്ട്. ചാത്തപ്പന്‍ പറഞ്ഞതനുസരിച്ച് മേല്പറഞ്ഞ സാധനങ്ങള്‍ വാങ്ങി കഥാകാരനും പുറകേ നടന്നു.
നടന്നുകയറുന്നത് ഒരു മലമുകളിലേക്കാണ് എന്ന് മനസിലായി. പോകുന്നവരെല്ലാം വാങ്ങിയ സാധനങ്ങള്‍ കെട്ടാക്കി തലയില്‍ വച്ചിട്ടുണ്ട്. ചത്തപ്പനും പറഞ്ഞു അങ്ങനെ വേണം മല കയറാന്‍.
കൂടെ നാമജപവും.. അമ്മേ ശരണം മേരീ ശരണം...!!
കുട്ടപ്പന് വീണ്ടും സംശയം... എവിടെയോ ഇതുപോലെ തലച്ചുമടായി അരിപൊരി ചന്ദനങ്ങള്‍ കൊണ്ടുപോകുമല്ലോ...
അതെ സംശയമില്ല,
പുലിയെ പിടിക്കാന്‍ പോയ അയ്യപ്പന്റെ അടുത്തേക്ക് തന്നെ...!!
കര്‍ത്താവെ മേരി മതം മാറിയോ..??
കേരളത്തിലെ കാട്ടില്‍ കിടക്കുന്ന അയ്യപ്പന് ഇവിടെ തമിഴ്നട്ടുകാരി മേരിയുമായി എന്താ ബന്ധം?
ആകെ കിളി പോയ കുട്ടപ്പന്‍ എല്ലാരേയും പോലെ കെട്ടും തലയിൽ കയറ്റി പതിയെ മലകയറ്റം തുടങ്ങി. പടവുകൾ പൂർണ്ണമായും മലയിലെ പാറ വെട്ടി ഉണ്ടാക്കിയവയാണ്. തുടർച്ചയായുള്ള മഴയിൽ വഴുക്കലുള്ള പടവുകൾ കയറാൻ ആളുകൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. കയറ്റവും ഇറക്കവും ഒരേ വഴിയിൽ ആയതും സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനബാഹുല്യവും ഒരുതരത്തിൽ കഥാകാരനെ അതിശയപ്പെടുത്തി. എങ്കിലും അയാളുടെ ചിന്ത മറ്റൊന്നായിരുന്നു.
ആഗ്രഹം ഉറച്ചതാണെങ്കിൽ ഭിത്തിയിൽ ഒട്ടുന്ന നാണയം...!!
മലയുടെ മുകളിൽ എത്തിയ കുട്ടപ്പൻ കണ്ട കാഴ്ച വിസ്മയകരമായിരുന്നു. നാലുപാടും വലിയ ജനക്കൂട്ടം പള്ളിയുടെ നാലുഭിത്തികളിൽ അകവും പുറവും നാണയങ്ങൾ ഒട്ടിക്കാൻ ശ്രമിക്കുന്നു. താഴെ വീഴുന്ന നാണയങ്ങൾ എടുത്ത് കളി ഞമ്മളോട് വേണ്ട എന്നമട്ടിൽ വീണ്ടും വീണ്ടും ഒട്ടിക്കാൻ ശ്രമിക്കുകയാണ് പലരും. ഇതൊക്കെ കണ്ട് ഒരു പിടിയും കിട്ടാതെ പകച്ചു നിന്ന കുട്ടപ്പൻ ഇവ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ചുറ്റിനും പരതി നടന്ന മേരിയുടെ കാവൽ ഭടന്മാർ തടഞ്ഞു. ഇത് കണ്ടുനിന്ന ചാത്തപ്പൻ പറഞ്ഞു "ഇവിടെ ഫോട്ടോയും വീഡിയോയും എടുക്കാൻ പാടില്ല നോക്കി നിൽക്കാതെ പോയി നാണയം ഒട്ടിച്ച് പ്രാർദ്ധിച്ചോ..."
എന്നാപ്പിന്നെ ഒട്ടിച്ചേക്കാം എന്ന് കരുതി ഒട്ടിക്കാൻ നോക്കിയപ്പോ കഥാകാരനെ വടിയാക്കി നാണയം താഴെ വീണുകൊണ്ടേയിരുന്നു. കഥാകാരൻ ചിന്തിച്ചു, ഇതെന്താ ഈ പണ്ടാരം ഞാൻ ഒട്ടിക്കുമ്പോ മാത്രം ഇങ്ങനെ? തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ കുട്ടപ്പന്റെ തലയിൽ ബൾബ് കത്തിയത് വളരെ പെട്ടന്നാണ്.
ഒരു പ്രത്യേക ഭാഗത്ത് ഒരു വലിയ കൂട്ടം ആളുകൾ കൂടിനിന്ന് നാണയം ഓടിക്കുന്നു, അവിടെ ഓട്ടിക്കുന്ന എല്ലാ നാണയങ്ങളും താഴെ വീഴാതെ നിൽക്കുന്നുമുണ്ട്. ആൾകൂട്ടവും നാണയം പതിക്കലും ഒക്കെ കണ്ട് എന്തൊക്കെയോ ഡൗട്ടടിച്ച കുട്ടപ്പൻ നേരെ പോയി ഭിത്തിയിൽ നാണയം ഒട്ടിച്ചു. അതിശയം എന്നുപറയട്ടെ അതവിടെ ഒട്ടി. സംശയാലുവായ കുട്ടപ്പൻ അവിടെ ഒന്ന് ചുരണ്ടിനോക്കി. കുട്ടപ്പൻ വീണ്ടും ആദ്യം നാണയം പതിച്ച് പരാജയപ്പെട്ട ഇടങ്ങളിൽ വീണ്ടും പോയി ചുരണ്ടിനോക്കി. ഇല്ല ഇവിടെ സംഗതി ഇല്ല...
ഇത് കണ്ട മേരിയുടെ മറ്റൊരു കുഞ്ഞാട് വന്ന് വീണ്ടും ശാസ്ത്രജ്ഞൻ കുട്ടപ്പനെ അവിടെനിന്നും പിടിച്ചുമാറ്റി. ശക്തി കുറഞ്ഞ ചാറ്റൽമഴ തലയിൽ വീണപ്പോഴേക്ക് കുട്ടപ്പൻ ചിന്തയിലാണ്ടു...
കൂട്ടിയും കിഴിച്ചുമൊക്കെ നോക്കി കുട്ടപ്പൻ ഒരു നിഗമനത്തിൽ എത്തി.
ഭിത്തിയോട് ചേർന്ന് ഏതു നേരവും മെഴുകുതിരികൾ കത്തിനിൽക്കുന്ന തിനാൽത്തന്നെ അവ ഉരുകി വായുവിൽ പടർന്ന് ഭിത്തിയിലും പറ്റിപ്പിടിക്കുന്നുണ്ട്. അതിനാലാണ് ചില ഭാഗങ്ങളിൽ നാണയം ഒട്ടിപ്പിടിക്കുന്നത്. അതുതന്നെയല്ലേ നാണയങ്ങൾ ഒട്ടിപ്പിടിക്കുന്ന ഭാഗത്ത് നിന്നും മെഴുക് ചുരണ്ടിയെടുക്കാൻ സാധിച്ചതും മറ്റിടങ്ങളിൽ മെഴുക് കിട്ടാതിരുന്നതും.
ഹോ... മേരിയുടെ ഓരോ അത്ഭുതങ്ങൾ..!!
പണ്ടേതോ ക്ലാസ്സുകളിൽ പഠിച്ച സയൻസിന്റെ ഏതാണ്ടൊക്കെ തലയിൽ കറങ്ങിനടന്ന് കിളിപോയ കുട്ടപ്പൻ നോക്കിനില്കവേ പുതുതായി വന്ന നൂറുകണക്കിന് വിശ്വാസികൾ അവിടെ തിക്കും തിരക്കും ഉണ്ടാക്കി ഒരിക്കലും നടക്കാത്ത ഏതൊക്കെയോ ആഗ്രഹങ്ങൾ സാധിക്കാനായി നാണയങ്ങൾ പതിക്കുന്ന തിരക്കിലായിരുന്നു.
പുതിയ അപേക്ഷകൾ കെട്ടുകണക്കിന് വന്ന് മറിഞ്ഞപ്പോൾ പഴയ അപേക്ഷ കൈമോശം വന്നതാണോ, മറന്നതാണോ എന്തോ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അഞ്ചുതവണ തികച്ച ചാത്തപ്പന്റെ ആഗ്രഹങ്ങൾക്കോ ഒട്ടിപ്പിടിച്ച നാണയങ്ങൾക്കോ ഇതുവരെയും തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല.
ഭാഗ്യം എന്നുപറയട്ടെ മേരി സന്തോഷവതിയാണ്. കാരണം ചാത്തപ്പൻ അതൊക്കെ എന്നേ മറന്നു.
പുതിയ അത്ഭുതങ്ങൾക്കായി ചാത്തപ്പൻ ഇന്നും ഓടിക്കൊണ്ടേയിരിക്കുന്നു...
2007 ലോ മറ്റോ നടത്തിയ ഒരു യാത്രയിൽ നിന്നും.
അഭിപ്രായങ്ങളൊന്നുമില്ല: