മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിച്ച് മനുഷ്യനായി മരിക്കുക; മരണശേഷവും മനുഷ്യനാവുക.
11:47 AM
ജനിച്ചപ്പോൾ മുതൽ എന്‍റെ തലയിൽ ഞാൻ പോലുമറിയാതെ അടിച്ചേല്പിക്കപ്പെട്ട ജാതി മതം, അത് എന്തുതന്നെ ആയാലും പറയാനോ അതിന്‍റെ ലേബലിൽ അറിയപ്പെടാനോ തീരെ താൽപര്യമില്ല. ഒരു നാളിൽ ജനിച്ചു വീണത് മനുഷ്യകുഞ്ഞായി മാത്രം. നിമിഷങ്ങൾക്കുള്ളിൽ ജാതി മതം ഒക്കെ എന്നോട് ചേർക്കപ്പെട്ടു. അറിവുവച്ച കാലം മുതൽ വെറുപ്പുളവാക്കുന്ന ഒന്ന് മാത്രമാണ് എനിക്ക് ഇവ രണ്ടും.
മതപരമായ ഒരുവിധ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ദൈവങ്ങളിലോ ഒന്നും തെല്ലും വിശ്വാസം ഇല്ലെങ്കിലും പൊതുവെ പറയാറുള്ള ജീവിതാഭിലാഷം അല്ലെങ്കിൽ അവസാനത്തെ ആഗ്രഹം എന്നൊന്ന് എനിക്കും ഉണ്ട്..
മനുഷ്യനായി ജനിച്ചു. മനുഷ്യനായി ജീവിച്ച് മനുഷ്യനായി മരിക്കുക, മരണശേഷവും മനുഷ്യനാവുക അതാണ് അതുമാത്രമാണ് എന്നും ഏറ്റവും വലിയ ആഗ്രഹം.
മനുഷ്യനായി ജീവിക്കാനും മരിക്കാനും എനിക്കൊരാളുടെയും സഹായം ആവശ്യമില്ല. എന്നാൽ മരണശേഷവും മനുഷ്യനാവാൻ ചിലരുടെ സഹായം കൂടിയേ തീരൂ...!!
വിശ്വാസികളുടെ വിശ്വാസപ്രകാരം ജീവിച്ചിരിക്കുമ്പോൾ ഉള്ള അവസാന ആഗ്രഹം സാധിച്ചുകൊടുത്തെങ്കിൽ മാത്രമേ ആത്മാവിന് ശാന്തി കിട്ടുകയുള്ളൂ. ഈ വക വിശ്വാസങ്ങൾ ഒന്നും എനിക്കില്ല എങ്കിലും ഒരാഗ്രഹം എനിക്കും ഉണ്ട്.
ജീവിക്കുമ്പോൾ സാധിക്കുന്ന സഹായങ്ങൾ എല്ലാവർക്കും ചെയ്യുക, മരണശേഷവും അതുതന്നെ ആവർത്തിക്കുക. ഇതേ ആഗ്രഹം കൊണ്ടുതന്നെയാണ് എന്‍റെ മരണശേഷം ഓരോ അവയവങ്ങളും ദാനം ചെയ്തിട്ടുള്ളതും, മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്കായി ദാനം ചെയ്തിട്ടുള്ളതും. 01/17/2015-ൽ രജിസ്റ്റർ ചെയ്യുകയും അന്നുമുതൽ എന്നും കൂടെ ഈ ഡോണർ കാർഡ് കരുതുന്നതും എപ്പോഴാ നമ്പർ വരിക എന്നറിയില്ലല്ലോ...
എന്‍റെ എറ്റവും വലിയ ആഗ്രഹമാണെങ്കിലും ഇത് സാധിക്കുമോ എന്നത് സംശയമാണ് പലപ്പോഴും എന്നെ അലട്ടുന്നത്. അടുത്ത ബന്ധുക്കളുടെ സമ്മതമില്ലാതെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടവർക്ക് അതിന് സാധിക്കില്ല.
ഇപ്പോൾ ഈ പോസ്റ്റ് എന്തിനാണെന്നു ചോദിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഈ ശരീരം ജീവൻ വെടിയുമ്പോൾ ദയവായി ഇത് കാണുന്ന നിങ്ങൾ എങ്കിലും എന്‍റെ ഈ ആഗ്രഹം സാധിച്ചുതരിക. മരണം അറിഞ്ഞാൽ എത്രയും വേഗം വിവരം മെഡിക്കൽ കോളേജ് അധികാരികളെ അറിയിക്കുക. അവർ വന്ന് ശവശരീരം കൊണ്ടുപോക്കോട്ടെ...
മതപരമായതോ മറ്റു ആചാരപ്രകാരമോ ഉള്ള ഒരു തരത്തിലും എന്‍റെ ശവശരീരം നശിപ്പിക്കുകയോ മറവുചെയ്യുകയോ ചെയ്യാതെ മെഡിക്കൽ കോളേജിന് പൂർണ്ണമായും വിട്ടുകൊടുക്കുക. എന്‍റെ ഓർമ്മക്കായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നുള്ളവർ (അഥവാ ഉണ്ടെങ്കിൽ മാത്രം) ദയവായി അനാവശ്യ ചടങ്ങുകൾക്ക് പണം ചിലവാക്കാതെ ആ പണം ഏതെങ്കിലും അനാഥാലയത്തിന് നൽകുക. കുറഞ്ഞത് ആരുമില്ലാത്ത നൂറുപേർക്കെങ്കിലും ഒരു നേരത്തെ ആഹാരം ലഭിക്കും. വീട്ടിലും എന്‍റെ ഈ ആഗ്രഹങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ആരിലൂടെയാണ് ഇത് സാധിക്കുക എന്ന് പറയാൻ കഴിയില്ല.
എന്‍റെ ചിന്തകൾ പ്രവർത്തികൾ ഒക്കെ വിചിത്രമായി പലർക്കും തോന്നിയാലും എനിക്കിവയൊക്കെയും വളരെ പ്രിയപ്പെട്ട ആഗ്രഹങ്ങൾ മാത്രം...
മനുഷ്യന് ജീവിതം ഒന്നേയുള്ളൂ മരണവും. പൂർണ്ണമായും അന്യന് കൂടി ഉപകാരിയാവുക എന്നത് മാത്രം ജീവിതലക്ഷ്യം...
ജീവിതം | മരണം | മാനുഷികം
അഭിപ്രായങ്ങളൊന്നുമില്ല: