അന്ന് നിഹാല്‍ പറഞ്ഞു ഈ ലോകം എന്‍റെ മുന്നിൽ എത്ര ചെറുതാണ്...

10:39 AM

നിസാരമായ പ്രതിസന്ധികളിൽപോലും പലരും മാനസികമായി തകരുകയും ജീവിതത്തില്‍ ഒന്നും നേടാന്‍ ഇല്ല എന്നുപറഞ്ഞ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയും ഒക്കെ ചെയ്യുമ്പോള്‍ എന്നെ വളരെയേറെ വിസ്മയിപ്പിച്ചത് വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള നിഹാല്‍ മാത്രമാണ്.

നിഹാല്‍ - ഇന്നും അധികം ആർക്കും പരിചയം ഇല്ലാത്ത "Hutchinson Gilford Progeria Syndrome" പ്രൊഗേറിയ (Progeria) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടിലാത്ത അസുഖത്തിന്‍റെ ഉടമ. 2009-ല്‍ റിലീസ് ആയ അമിതാബ് ബച്ചന്‍റെ പാ (paa) എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് വളരെ വേഗം മനസിലാക്കാന്‍ സാധിക്കും പ്രോഗേറിയ എന്താണെന്ന്. ഈ അസുഖം ബാധിച്ചവർക്ക് പരമാവധി ആയുസ്സ് 14-15 വർഷം വരെ മാത്രം. ചെറിയ പ്രായത്തിൽ തന്നെ വയസാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യേണ്ടിവരുന്ന ദുരവസ്ഥ അനുഭവിക്കുന്ന ലോകത്തിലെതന്നെ 80 ഓളം പേരിൽ പേരിൽ ളും. ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും, ലോകം മുഴുവന്‍ വ്യാപിച്ച പ്രോഗേറിയ ക്യാംപെയിന്‍റെ മുഖമുദ്രയും ഒക്കെ നിഹാല്‍ തന്നെ ആയിരുന്നു. 20 Jan 2011ന് ജനിച്ച നിഹാല്‍ 2 May 2016 ന് 15 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.

നിഹാല്‍...

സുക്കര്‍ അണ്ണന്‍റെ സഹായത്തോടെ മുംബൈ നഗരത്തിന്‍റെ ഏതോ ഒരു കോണില്‍ നിന്ന് 2015-ല്‍ ആദ്യമായി പരിചയപ്പെടുമ്പോള്‍ അവന് പ്രായം പതിമൂന്ന്. വരകളെയും, വര്‍ണ്ണങ്ങളെയും, ജീവനില്ലാതെ ചലിക്കുന്ന റോബോട്ടുകളേയും ഈ ലോകത്തെ വൈവിധ്യങ്ങളെയും ഒക്കെ അത്ഭുതത്തോടെ നോക്കിക്കാണുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു ഇത്തിരിക്കുഞ്ഞന്‍. പതിനഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അറുപത് വയസ്സുവരെയുള്ള വിഷമതകള്‍ മുഴുവനും അനുഭവിച്ച് തീരത്ത് ഈ ലോകത്തോട് വിട പറയേണ്ടി വന്നവന്‍.

നിഹാലിന്‍റെ പേര്‍സണല്‍ നമ്പര്‍ എനിക്ക് തരുന്നത് അവന്‍റെ അച്ഛനും ഇന്ന് എന്‍റെ സുഹൃത്തുമായ ശ്രീനിവാസ് ബിറ്റ്ല ആണ്. ആദ്യമൊക്കെ സംസാരിക്കാന്‍ മടി കാണിച്ചെങ്കിലും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി. ഇടക്കെപ്പോഴെങ്കിലും ഓണ്‍ലൈനില്‍ കാണുമ്പോള്‍ എന്താണ് പരിപാടികള്‍ എന്ന് ചോദിച്ചാല്‍ പടം വരയ്ക്കുന്നു, നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുന്നു, റോബോട്ടുകളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെ ഉത്തരങ്ങള്‍ പലതാണ്. നമ്മള്‍ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്നാണ് അവന്‍റെ അഭിപ്രായം, തന്‍റേതായ ഒരു ലോകത്തില്‍ അവന്‍ അവന്‍റെ വിഷമങ്ങള്‍ ഒക്കെ മറന്ന് സന്തോഷവാനായി അങ്ങനെ നടക്കും.

കുഞ്ഞനുജത്തിയോടും അനിയനോടും കൂട്ടുകാരോടുമൊപ്പം ഓടിക്കളിക്കാന്‍ അസുഖം അനുവദിക്കാത്ത വിഷമമൊക്കെ അവന്‍ മറന്നിരുന്നത് അവന്‍റേതായ ആ ലോകത്തില്‍ മാത്രമായിരുന്നു. സ്വകാര്യമായ ആ ലോകത്ത് ഇടിച്ചുകയറി ശല്യപ്പെടുത്താന്‍ ചെന്നിരുന്ന എന്നോട് തെല്ലും പരിഭവങ്ങള്‍ അവന്‍ കാട്ടിയിരുന്നില്ല, എല്ലായ്പോഴും വളരെ സന്തോഷത്തോടെ തന്നെ എന്നെ അവന്‍ നേരിട്ടിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വല്ലാതെ അലട്ടുന്ന സമയങ്ങളില്‍ മാത്രം ഞാന്‍ പിന്നെ വരാം എന്നുപറഞ്ഞ് എന്നെ ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു എങ്കിലും തരം കിട്ടിയാല്‍ അതിനിടയിലും ഇങ്ങോട്ട് വന്ന് സംസാരിക്കാന്‍ ശ്രമിക്കുമായിരുന്നു.

നിഹാലിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് താരം അമീർ ഖാനെ നേരിൽ കാണണം എന്നത്. ഈ ആഗ്രഹം ഒരിക്കല്‍ നിഹാല്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിക്കുകയും വൈറല്‍ ആയ ആ പോസ്റ്റ്‌ അദ്ദേഹം കാണാന്‍ ഇടയാവുകയും ചെയ്തു. നിഹാലിന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ അദ്ദേഹം അവന്‍റെ വീട്ടില്‍ അതിഥിയായി എത്തുകയും ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ ലോകത്തെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ട് ആയ അസിമോയെ നേരില്‍ കണ്ട് സംവദിക്കാൻ (റോബോട്ടുകളോട് വളരെ വലിയ താല്പര്യം ഉണ്ടായിരുന്ന നിഹാലിന് സ്വപ്നതുല്യമായിരുന്നു 2016-ല്‍ അസിമോയുമായി ഉള്ള സംവാദം) ഹോണ്ടയുടെ ക്ഷണം സ്വീകരിച്ച് യാത്ര തിരിച്ചപ്പോഴും ഒക്കെ അതിനെക്കുറിച്ച് ഉള്ളിലുള്ള ഭയവും അങ്കലാപ്പും അതിലേറെ ആവേശവും പങ്കുവെക്കവേ അവൻ എന്നോട് തമാശയായി പറഞ്ഞ വാക്കുകള്‍ ഇന്നും എന്നെ ചിന്തിപ്പിക്കുന്നു.




"ഈ ലോകം എന്‍റെ മുന്നിൽ എത്ര ചെറുതാണ്....!!"

നിഹാല്‍ അസിമോയെ കണ്ടപ്പോള്‍:


അന്ന് അവന്‍ വരച്ച മനോഹരമായ ഗണപതിയുടെ ചിത്രം അമീർ ഖാന് സമ്മാനമായി നൽകിയപ്പോഴും, അവനേറെ ഇഷ്ടപ്പെടുന്ന അസിമോയുമായി കാര്യങ്ങള്‍ പറയുമ്പോഴും ഒക്കെ അത് ലോകം മുഴുവൻ വലിയ വാർത്തയായിരുന്നു. എന്നാൽ വർത്തകളെക്കാൾ മുൻപേ ആ ചിത്രങ്ങൾ "Me with Aamir Uncle" "Me with my robo friend" എന്നീങ്ങനെ അവന്‍റെ വക തലക്കെട്ടുകളോടെ എന്‍റെ ഇന്‍ബോക്സില്‍ മിനിട്ടുകള്‍ക്കകം കിട്ടുമ്പോള്‍ അവനോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നിന്‍റെ അടുത്ത ആഗ്രഹവും ഉടനേ സാധിക്കട്ടെ എന്ന്.

അവന്‍റെ പിറന്നാള്‍ സമ്മാനമായി അവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "കറുപ്പിൽ വെള്ള വരയുള്ള" ഈ രണ്ടു ചിത്രങ്ങൾ അന്ന് ഞാന്‍ സമ്മാനിച്ചപ്പോള്‍ അവന്‍ പറഞ്ഞു, "എനിക്ക് കിട്ടിയ പിറന്നാള്‍ മധുരങ്ങള്‍ ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് തീരുമെങ്കില്‍ ഇത് എന്നും എന്നോടൊപ്പം ഉണ്ടാവും"



അനിവാര്യമായ മരണം മുന്നിൽ കാണുമ്പോഴും നിഹാല്‍ അവന്‍റെ ഒരിക്കലും ഭേദമാവാത്ത അസുഖത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. "I have the rare power to be young and old at the same time. ഒരേ സമയം ചെറുപ്പവും വാർധക്യവും കൊണ്ടുനടക്കാനുള്ള പ്രത്യേക കഴിവ് എനിക്കുണ്ട്" അപ്പോഴൊക്കെയും എനിക്ക് കാണാന്‍ സാധിച്ചത് ഒരുതരത്തിലുള്ള അവസ്ഥകള്‍ക്കും മാനസികമായി തളര്‍ത്താനാവാത്ത നിഹാലിനെയാണ്.



ശരിയാണ് നിഹാൽ...

നിന്‍റെ ഇച്ഛാശക്തിക്കുമുമ്പിൽ ഈ ലോകം എന്നും വളരെ ചെറുതായിരുന്നു.

പ്രൊഗേറിയ ബാധിതരായ എല്ലാ കുട്ടികള്‍ക്കും വളരെ വലിയ മാതൃകയും പ്രചോദനവുമായിരുന്നു ഒരു പ്രതിസന്ധികളിലും ആത്മവിശ്വാസവും ധൈര്യവും കൈവിടാത്ത നിഹാല്‍. നമ്മുടെ സന്തോഷങ്ങളെ നമ്മള്‍ തന്നെ കണ്ടെത്തണം. എത്ര വലിയ ദുഃഖം ഉണ്ടെങ്കിലും സന്തോഷിക്കാനുള്ള കാരണങ്ങള്‍ അപ്പോഴും നമുക്കൊപ്പം ഉണ്ടാവും എന്ന് അവന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. നമ്മുടെ ദിവസങ്ങളില്‍ ഒന്നില്‍പോലും സങ്കടം പറച്ചിലുകള്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. എപ്പോഴും സന്തോഷങ്ങള്‍ മാത്രം...

പക്ഷേ അപ്രതീക്ഷിതമായ ആ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. നമ്മള്‍ അവസാനമായി സംസാരിച്ച ദിവസം.

അന്നൊരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നു അതുകഴിഞ്ഞു തിരികെ വന്നാൽ ഉടൻ വിളിക്കാം. തമ്മിൽ കാണാൻ കാത്തിരിക്കുന്നു എന്നു പറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. avan തിരികെ വരുന്ന ദിവസവും കാത്തിരുന്ന എനിക്ക് പക്ഷേ കേൾക്കാനായത് ഒരിക്കൽപോലും ഇനി ഒന്ന് കാണാൻ സാധിക്കാതെ എല്ലാം ഉപേക്ഷിച്ച് നീ മറ്റൊരു ലോകത്തേക്ക് യാത്രയായി എന്ന വാർത്തയാണ്...

എന്‍റെ ചെവിയില്‍ പിന്നെ മുഴങ്ങി കേട്ടിരുന്നത് നിന്‍റെ ഒരു വാക്ക് മാത്രം "എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ നിങ്ങളും ഉണ്ട്"...!!



അന്ന് ഞാന്‍ കരഞ്ഞില്ല. നിനക്കത് ഇഷ്ട്ടമായിരുന്നില്ല.

ഇന്ന് പക്ഷേ എഴുതി തീർത്ത ഓരോ വരികളിലും നിന്‍റെ ഓർമകള്‍ക്കൊപ്പം നിറയുന്ന കണ്ണുകളും എന്നെ സ്നേഹത്തോടെയും, അത്യധികം വേദനയോടെയും കുത്തിനോവിക്കുമ്പോൾ അറിയുന്നുവോ നിഹാല്‍, നീ തന്നു മുഴുവിക്കാതെ പോയ ആ സ്നേഹം....

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook