കുട്ടപ്പന്‍റെ കിളിയും കിളിയുടെ തേപ്പുപെട്ടിയും..

10:20 AM



ഉണങ്ങി എല്ലുന്തി കോലുപോലെയുള്ള ചെറിയ ശരീരത്തിനുള്ളിൽ അല്പമാത്രമായി ജലാംശമുള്ള ചെറിയ ഒരു ഹൃദയവും അതിൽ കുത്തിഞെരുക്കി പ്രണയവും സൂക്ഷിച്ച്, നേരെ മുഖത്ത് നോക്കി മിണ്ടാൻ ധൈര്യം ഇല്ലെങ്കിലും കാണുന്ന തരുണീമണികളെ എല്ലാം നോക്കി വെള്ളമിറക്കി ഇവളെ എങ്ങനെ വളയ്ക്കാം എന്ന് ചിന്തിച്ച് മയിലെണ്ണ നിറച്ച കുപ്പിയും കൊണ്ട് വൈക്ലബ്യചിത്തനായി ട്രെയിനും പിടിച്ച് പപ്പനാവന്‍റെ തിരോന്തോരത്ത് തേരാപാരാ അലഞ്ഞ് നടന്നിരുന്ന കൗമാരകാലം.

എങ്ങനെയെല്ലാം അരിച്ചുപെറുക്കിയാലും പൊക്കവും വണ്ണവും സാരമായ വിഷയം ഉണ്ടാക്കുന്നതിനാൽ സൈസിനൊത്ത ഒരെണ്ണത്തിനെ ഒപ്പിക്കാൻ ഇമ്മിണി പാടായിരുന്നു. പക്ഷേ പ്രതിസന്ധികളിൽ തളരാത്ത യോദ്ധാവിന്‍റെ അശ്രാന്ത പരിശ്രമത്തിന്‍റെ ഭലമായി എങ്ങനെ ഒക്കെയോ ഒരെണ്ണത്തിനെ കണ്ടെത്തി. അകെ മൊത്തം നീളേയും കുറുകെയും അളന്ന് നോക്കിയാലും പൊക്കവും വണ്ണവുമൊക്കെ മ്മടെ ബോടിക്ക് പാകം. കാണാനുള്ള ലുക്കും ഭാവവും ഒക്കെ മ്മടെ ഭാഗത്തും കണക്കായതിനാല്‍ അതിലേക്കൊന്നും വലിയ നോട്ടം പോയില്ല. ആളെ കണ്ട് ബോധിച്ചെങ്കിലും പോയി മിണ്ടാന്‍ ഇമ്മിണി പുളിക്കും. അക്കാര്യം ചിന്തിക്കുമ്പോൾ തന്നെ മുട്ടിടിക്കും പിന്നല്ലേ...!!!

ഇപ്പൊ എന്താ ചെയ്യുക, ആകെ അറിയുന്ന പണി ഓണ്‍ലൈന്‍ പരതലും തള്ളും മാത്രം, എന്നാപ്പിന്നെ അങ്ങനെ ആവാം കളി. ഒരു ചങ്ക് വഴി ചെല്ലക്കിളിയുടെ കൂട്ടുകാരൻ ചെല്ലക്കുട്ടനെ കമ്പനി അടിച്ച് ലവളുടെ പേര് തപ്പിയെടുത്തു "സുറുമി" കൊള്ളാം നല്ല പേര്. സുറുമി കുട്ടപ്പൻ ഇത് പൊളിക്കും.... നമ്മുടെ ചെല്ലക്കുട്ടന്‍ പറഞ്ഞ വിവരങ്ങൾ വെച്ച് സുറുമിയെ ഓര്‍ക്കുട്ട് മുഴുവന്‍ അരിച്ചുപെറുക്കി. നൂറുകണക്കിന് സുറുമികൾ വന്നെങ്കിലും നമ്മടെ സുറുമിയെ അവിടെങ്ങും കണ്ടില്ല. രണ്ടീസം കഴിഞ്ഞ് ഓള്‍ടെ അപ്പന്‍റെ പേരും കൂടെ ചേര്‍ത്ത് ഒന്നുടെ പരതിയപ്പോ അതുതാനല്ലയോ ഇതെന്ന് വർണ്യത്തിൽ ആശങ്ക തോന്നിക്കുംവിധം ഒരെണ്ണത്തിനെ കണ്ടുകിട്ടി "സുറുമി ചാത്തപ്പന്‍". ആളിപ്പോ ഇതാണോ എന്ന് വലിയ തിട്ടമൊന്നും ഇല്ലെങ്കിലും കുട്ടപ്പന്‍റെ വക റിക്വസ്റ്റ് ഒരെണ്ണം അങ്ങട് പെടച്ചു.

നല്ലവനായ കുട്ടപ്പന് ജോലിയോടുള്ള ആത്മാര്‍ഥത വളരെ കൂടുതല്‍ ആയതിനാല്‍ പിറ്റേദിവസം അതിരാവിലെ ചൂട്ടും കത്തിച്ച് അപ്പീസിൽ ചെന്ന് കയറി നേരെ ഓര്‍ക്കുട്ട് തുറന്ന് ആദ്യം നോക്കിയത് തലേ ദിവസം ചെല്ലക്കിളിക്ക് അയച്ച അപേക്ഷ എന്തായെന്നാണ്. ഹൃദയഭേദകം ആയിരുന്നു ആ കാഴ്ച്ച.
കണ്ണില്‍ ചോര ഇല്ലാത്ത ചെല്ലക്കിളി കുട്ടപ്പന്‍റെ ആ അപേക്ഷ നിര്‍ദ്ദയം തള്ളിക്കളഞ്ഞു....!!
ഇനി ചെല്ലക്കിളി ആളെ മനസ്സിലാവാതെ നിരസിച്ചത് ആണെങ്കിലോ എന്താ അങ്ങനെ സംഭവിച്ചുകൂടെ... ?? വീണ്ടും ഒരെണ്ണം കൂടി അങ്ങട് വിട്ട് ക്ഷമയോടെ കാത്തിരുന്നു... വേറെ വഴി ഇല്ലല്ലോ.

ആപ്പീസ് സമയം മുഴുവനും ഓണ്‍ലൈന്‍ പച്ച ലൈറ്റും കത്തിച്ച് കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ കുത്തി ഇരിക്കുമ്പോൾ ചാവാന്‍ കിടക്കുന്ന രോഗി ശ്വാസം തപ്പുന്ന പോലെ ഇടക്കിടെ ലവളുടെ പ്രൊഫൈലില്‍ പരതി നടക്കാണ്ട് ഇരിപ്പുറയ്ക്കാത്ത അവസ്ഥ ആയി പാവം കുട്ടപ്പന്. രണ്ട് ദിവസം കടന്നുപോയി ചെല്ലക്കിളിയെ ദിവസവും കാണാറുണ്ടെങ്കിലും മിണ്ടാൻ ഒടുക്കത്തെ പേടികാരണം സാധിക്കുന്നുമില്ല. അയച്ച അപേക്ഷയാണെങ്കിൽ ഒരു തീരുമാനം ആകാതെ അപ്പ്രൂവല്‍ കാത്ത് കിടക്കുന്ന കേന്ദ്ര ബജറ്റ് പോലെയും. എന്തും വരട്ടെ എന്നുകരുതി അയച്ച അപേക്ഷ ഡിലീറ്റ് ചെയ്തിട്ട് ഒന്നുകൂടി അയച്ചു. ശല്യം ഇനി വേണ്ടെന്ന് കരുതിയാവണം അവള്‍ അപേക്ഷ സ്വീകരിച്ചു. വിശന്നിട്ട് പൊറോട്ടയും പുളിച്ച സാമ്പാറും പാര്‍സല്‍ വാങ്ങിയവന് പൊതി തുറന്നപ്പോള്‍ മട്ടന്‍ ബിരിയാണി കിട്ടിയ പോലെ കുട്ടപ്പന്‍റെ തന്തോയം പറഞ്ഞറിയിക്കാന്‍ പറ്റൂല്ല...!!

ചാറ്റ് ചെയ്യാന്‍ നോക്കിയപ്പോ ചെല്ലക്കിളിക്ക് ഒടുക്കത്തെ ജാഡ.
ഹലോ സുറുമീ, ഇയാളുടെ വീട് കോതമംഗലം അല്ലേ..
ഒരാഴ്ച കഴിഞ്ഞിട്ടും കിളി മിണ്ടുന്നില്ല...
ക്ഷമ കെട്ട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഹലോ സുറുമീ, ഇയാള് കോതമംഗലത്ത് ഒള്ളതല്ലേ..
അല്ല ഞാന്‍ പരപ്പനങ്ങാടിയില്‍ ഒള്ളതാണ്.
ങേ... പരപ്പനങ്ങാടിയാ.. ഇയ്യാള് എന്നെ കണ്ടിട്ടില്ലേ, നമ്മൾ ഒരുമിച്ചാണ് കോതമംഗലത്തൂന്ന് തീവണ്ടി കയറുന്നത്.
ഹ അന്നോടല്ലേ പറഞ്ഞേ മ്മള് അവിടെ അല്ല പരപ്പനങ്ങാടി ഒള്ളതാണെന്ന്...
കടവുളേ അപേക്ഷ കൊടുത്ത ആപ്പീസ് മാറിയോ എന്തോ...!!
സംശയം തോന്നിയിട്ട് ലവളുടെ ഫ്രെണ്ടുക്കളെ ഓരോന്നായി പരതി നോക്കിയപ്പോള്‍ മ്യുച്വല്‍ ഫ്രണ്ട് ദേ കിടക്കുന്നു നമ്മുടെ ചെല്ലക്കുട്ടൻ.
ചെല്ലക്കിളി ഒന്ന് പണിയാന്‍ നോക്കിയതാണ് എന്ന് മനസിലാക്കിയ കുട്ടപ്പൻ പതിയെ ട്രാക്ക് മാറ്റി. സോറി പെങ്ങളെ ആള് മാറിയതാണ്. ഇങ്ങള് ഷെമി...
ങാ... ശരി ആലോചിക്കാം. അതിരിക്കട്ടെ എന്തെരിന് ഇങ്ങള് മ്മക്ക് അപേക്ഷ അയച്ചത്?
അത് പിന്നെ ചെല്ലക്കിളീ നീ പറന്ന് വരുന്ന ആ വരവ് കണ്ടാപ്പിന്നെ ചുറ്റും ഉള്ളതൊന്നും കണ്ണില്‍ പിടിക്കൂല്ല...
എന്ന് തുടങ്ങിയ ചാറ്റിങ് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് ഫെയ്സ്ബുക്കിലേക്കും അവിടെനിന്ന് വാട്സ്ആപ്പിലേക്കും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് ഒരു വടുവൃക്ഷമായി മാറിയത് വളരെ പെട്ടന്നായിരുന്നു.

അങ്ങനെ ട്യൂൺ ചെയ്ത് ഒടുവിൽ അവളെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചതിൽ ഏറിയ പങ്കും അവകാശപ്പെടാവുന്നത് അകാലത്തില്‍ പൊലിഞ്ഞുപോയ ഓർക്കുട്ടിനും, ഇപ്പോള്‍ വലിയ ഗമയോടെ ഹാങ്ങ്‌ഔട്ട്‌ എന്ന് പറയുന്ന പഴയ ഗൂഗിൾ ടാക്കിനും ഒക്കെ ആണ്. അങ്ങനെ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടൊപ്പം വളര്‍ന്ന കുട്ടപ്പന്‍റെ പ്രണയവും തീയും പുകയും പൊട്ടിത്തെറിയും കളിയും ചിരിയും ഒക്കെയായി ഒരു കളര്‍ മസാല പടം പോലെ ഹൌസ് ഫുള്‍ ആയി ഓടിക്കൊണ്ടിരുന്നു. ചില ദിവസങ്ങളിലെ അതി സമ്പൂര്‍ണമായ ചില ഫോണ്‍ വിളികളുടെ അവസാനഭാഗം ഏതാണ്ടൊക്കെ ഇങ്ങനെ ഉണ്ടാവും.

മോളേ..
ഓ...
ചക്കരേ..
ഓ...
എന്തെങ്കിലും പറ..
നീ പറ...
ഇല്ല നീ പറ..!!!

അങ്ങനെ പത്ത് മിനിറ്റ് മുതല്‍ നാലും അഞ്ചും മണിക്കൂറുകള്‍ വരെ നീളുന്ന എത്രയെത്ര "നീ പറ"കള്‍. ആകാശത്തുകൂടി പറന്ന് നടന്ന കിലോ കണക്കിന് ടെക്സ്റ്റ്‌ മെസേജുകള്‍, എണ്ണമില്ലാത്ത ഫോൺ വിളികൾ. കാലങ്ങൾ കഴിഞ്ഞിട്ടും മെസേജിനും ഫോണ്‍ വിളികള്‍ക്കും ഒരന്തവും കുന്തവും ഇല്ല. ഇത് കണ്ട് ക്ഷമ കെട്ട് കൂടെ നടന്ന ചങ്കുകള്‍ മുഖത്ത് നോക്കി തള്ളക്ക് വിളിച്ചിട്ടും ഫോണ്‍ വിളിയുടെ കാര്യത്തില്‍ ഒരു വെത്യാസവും ഉണ്ടായില്ല. ഒടുക്കം അവരും കുട്ടപ്പനെ കൈയൊഴിഞ്ഞു.

ജീവിതവണ്ടി ഉന്തി തള്ളി മാസങ്ങള്‍ കടന്ന് കൊല്ലങ്ങളില്‍കൂടി ഓടിപ്പോകുന്നതിനിടയിൽ പാർക്ക്, ബീച്ച്, തീയേറ്റർ, ഐസ്‌ക്രീം, ചായ, വട, നുള്ള്, പിച്ച്, ഉമ്മ, ഉമ്മുമ്മ.. എന്നിങ്ങനെ കാമുക ഹൃദയങ്ങൾ കൈമാറാത്ത വികാരമുണ്ടോ.... ഓ... ഓ.....
ങാ.. പാട്ടല്ലല്ലോ കഥയല്ലേ.. കഥയിലേക്ക് വരാം.

ഇതിനിടെ ചെല്ലക്കിളി ഒരു തേപ്പ് കമ്പനിയുടെ മുതലാളി ആയിരുന്നു എന്ന് ചില മാന്യമഹാജനങ്ങൾ കുട്ടപ്പനെ ധരിപ്പിക്കാൻ നോക്കിയെങ്കിലും കിളിക്കൂടും പണിഞ്ഞ് കിളിയെ കളിപ്പിച്ച് നടക്കുന്ന കുട്ടപ്പനുണ്ടോ ഇത് കേൾക്കുന്നു...

കിളിയുമായുള്ള കുട്ടപ്പന്‍റെ യഥാർത്ഥ ജീവിതത്തിൽ പാട്ടുകളും റഹ്മാന്‍റെ മൂസ്സിക്കും ഒന്നും ഇല്ലാത്തതുകൊണ്ട് എല്ലാം മ്യൂട്ട് ചെയ്ത സിൽമ പോലെ സമാധാനപരമായും ചെറിയെ ചില തട്ടലും മുട്ടലും ഒക്കെയായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കവേ പാല്‍പായസത്തിൽ വീണ ഒണക്ക മത്തിപോലെ ചെല്ലക്കിളിക്ക് പുതിയ കൂടുമായി അതാ വരുന്നു കാമുകൻ സുപ്രു. ചെല്ലക്കിളി നൈസ് ആയിട്ട് പുതിയ കറണ്ട് കമ്പി വലിക്കാന്‍ തുടങ്ങിയത് പഴയ പ്രൊപ്രൈറ്റര്‍ ആയ കുട്ടപ്പൻ അറിഞ്ഞെങ്കിലും കണ്ട ഭാവം നടിക്കാതെ കിളിയെ പറക്കാന്‍ വിട്ടു. കുറച്ച് കാലം കഴിഞ്ഞപ്പോ ഹൈ വോള്‍ട്ട് കറണ്ട് കയറിയ കുട്ടപ്പന്‍റെ ബാറ്ററിവണ്ടിയുടെ എഞ്ചിന്‍ കംബ്ലീറ്റ് ഔട്ട്‌ ആയ പോലെ അവിടെ അവിടെ ഇടിച്ചിടിച്ച് നില്‍ക്കാന്‍ തുടങ്ങി. കാര്യം എന്തെരാണ്‌ എന്ന് ചോദിക്കുമ്പോ ചെല്ലകിളി പോരുകോഴിയെപ്പോലെ ഒരേ ബഹളം.

അതിവിദഗ്ദ്ധമായി ചെല്ലക്കിളി കൊടുത്ത് വച്ചിരുന്ന പ്രൈവറ്റ് കറണ്ട് കണക്ഷന്‍ വോള്‍ട്ടേജ് കൂടിക്കൂടി വന്നപ്പോള്‍ അടുത്ത് നിന്ന ബള്‍ബുകള്‍ കൂടി കത്താന്‍ തുടങ്ങി. രണ്ട് വഴിക്കുള്ള കറണ്ട് കമ്പിയില്‍ മാറി മാറി ഇരിക്കുന്നത് ചെല്ലക്കിളിക്ക് സുഖമുള്ള കാര്യം ആണെങ്കിലും റിവേഴ്‌സ് കറണ്ട് കൂടി വന്ന് തന്‍റെ ട്രാന്‍സ്ഫോര്‍മര്‍ അടിച്ച് പോകാണ്ട് നോക്കേണ്ടത് ഓപ്പറേറ്റർ കുട്ടപ്പന്‍റെ ജ്വാലി ആണല്ലോ അതുകൊണ്ട് കുട്ടപ്പൻ പതിയെ സ്കൂട്ടാവാനുള്ള വഴി നോക്കി. കിളി മാറി മാറി കറണ്ട് കമ്പിയില്‍ ഇരുന്നാല്‍ ഷോക്കടിക്കില്ലെങ്കിലും അതില്‍ തോട്ടയിട്ട് ഇളക്കാന്‍ പോയാല്‍ കുട്ടപ്പന്‍റെ അവസ്ഥ...!!

കിളി പതിയെ കണക്ഷന്‍ അടുത്ത ലൈനിലേക്ക് പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ കിളിയോട് ബെര്‍തെ ഒന്നറിയാന്‍ വേണ്ടി കുട്ടപ്പൻ ചോദിച്ചു എന്തെരപ്പീ.. മ്മട കണക്ഷന് പവര്‍ ഇല്ലാഞ്ഞിട്ടാണാ നീ അപ്പുറത്തെ സുപ്രു അണ്ണന്‍റെ ലൈന്‍ പിടിച്ചത്??

ചെല്ലക്കിളി: ദേണ്ട ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം.. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ഒണ്ടല്ല. അവന്‍റെ ഒരു കണക്ഷന്‍ ധ്രിഷ്ട ധൃളങ്ക തക തോം....!!!
ഞാന്‍: ങാ... ശരിയാണ്. ഞാന്‍ അത് ചോദിക്കാന്‍ പാടില്ലായിരുന്നു. ഓവര്‍ ലോഡ് വരുമ്പോ കണക്ഷന്‍ ട്രിപ്പ് ആവുന്ന് മ്മള് മറന്നു... നീ പിന്നേം ഷെമി.

കാലതാമസം ഇല്ലാതെ സുപ്രു അണ്ണന്‍റെ കണക്ഷന്‍ എടുത്ത ചെല്ലക്കിളി ഹൈ ബീം ലൈറ്റ് പോലെ തിളങ്ങി കാണപ്പെട്ടു, ഒടുക്കം പാവപ്പെട്ട കുട്ടപ്പന്‍റെ കണക്ഷൻ ഉപയോഗിച്ച ബില്ല് പോലും ചെല്ലക്കിളി അടക്കാതെയായി എന്നുവച്ചാല്‍ മണിക്കൂറുകളോളം നീണ്ട് നിന്ന ഫോണ്‍ സല്ലാപം ആഴ്ചയില്‍ ഒരു ദിവസം പോലും ഇല്ലാണ്ടായി. കാര്യം എന്താണെന്ന് അറിയാന്‍ ഒരു ദിവസം ചെല്ലക്കിളിയെ വിളിച്ച് തീര്‍ന്നപ്പോ ഏതാണ്ടൊക്കെ കാര്യങ്ങള്‍ ചെല്ലക്കിളി പറയാതെ തന്നെ കുട്ടപ്പനും മനസിലായി. പുതിയ കണക്ഷന് ഇപ്പൊ പവര്‍ കൂടുതലാണ് മ്മട കുട്ടപ്പന്‍റെ കണക്ഷന് പഴയ പവര്‍ ഇല്ല. അപ്പഴും കിളി ഒരു കാര്യം കൂടി പറയാന്‍ മറന്നില്ല "കൂടുതല്‍ പവറില്‍ കത്താന്‍ വേണ്ടിയല്ല കുട്ടപ്പാ ഞാനീ കണക്ഷന്‍ മാറ്റി സ്ഥാപിച്ചത്. മുയലാളിക്കത് വഴിയെ മനസിലാവും"...

സമയം പോലെ വിശദമായ കാര്യ വിവരങ്ങള്‍ സുപ്രു അണ്ണനെ ബോധ്യപ്പെടുത്താന്‍ കുട്ടപ്പൻ ശ്രമിച്ച് നോക്കി എങ്കിലും ഓപ്പണായി കരണ്ട് വിട്ടുകൊണ്ടിരുന്ന സുപ്രു അണ്ണന് കിളിയെ കമ്പിയില്‍ നിന്ന് പറത്തി വിടാന്‍ മനസ്സ് വന്നില്ല. എന്നാല്‍ പിന്നെ എന്തേലും ആവട്ട് പുല്ല് എന്നുവച്ച് പുതിയ വഴിക്ക് കറങ്ങി നടന്നെങ്കിലും കൂടൊഴിഞ്ഞ കിളിയുടെ നനഞ്ഞൊട്ടിയ പപ്പും പൂടയും ഒക്കെ കൂട്ടിൽ നിന്ന് തൂത്തെറിയാന്‍ കുട്ടപ്പന് കുറെ അധികകാലം വേണ്ടിവന്നു.

പിന്നീടുള്ള കഥയില്‍ സുപ്രു അണ്ണന്‍റെ സര്‍വീസ് വയറും കടിച്ചുമുറിച്ച് കിളി വേറെ ഹെവി ലൈനിലേക്ക് പറന്നകന്നു... അത്രയും നാള്‍ നീട്ടി വലിച്ചിട്ടിരുന്ന ലൈനില്‍ ആകെ ഉണ്ടായിരുന്ന ബള്‍ബും അടിച്ച് പോയ സുപ്രു അണ്ണനും ഗുദാഹവാ....

ജീവിതത്തിൽ കയറ്റവും ഇറക്കവും എന്നപോലെ സുഖവും ദുഃഖവും എന്നപോലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് പ്രണയവും വിരഹവും. എന്ന തത്വശാസ്ത്രത്തില്‍ എത്തി നില്‍ക്കുന്ന പഴയ കുട്ടപ്പൻ മുയലാളി ഇപ്പഴും കിളി പിടുത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു... പണം, പ്രശസ്തി, സുഖം, സന്തോഷം, അധികാരം, പ്രണയം എന്നിങ്ങനെ ജീവിതത്തിൽ എന്തൊക്കെ നേടിയാലും അവയൊക്കെയും കൈവിട്ടുപോകാൻ ചില നിമിഷങ്ങൾ മാത്രം മതിയാകും... എന്ന ഗുണപാഠം വയറുനിറയെ കലക്കി കുടിച്ചിട്ടും എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്നും പറഞ്ഞ് കുട്ടപ്പൻ മൊതലാളി ഇപ്പോഴും തേരാപാരാ വാക്കിംഗ് തുടരുന്നു...

കഥാവസാനം കുട്ടപ്പന്‍റെ കവിഹൃദയം ഇങ്ങനെ മന്ത്രിച്ചു...

"എന്നോ ഒരു കാലത്തിൽ പടർന്നുപന്തലിച്ച പ്രണയത്തിന്‍റെ കയ്പവല്ലരിയിൽ നിന്നും പറിച്ചെടുത്ത ടൺ കണക്കിന് ഭാരമുള്ള തേപ്പുകട്ട ഒറ്റക്ക് ചുമന്ന് എന്‍റെ നെഞ്ചത്ത് കയറ്റി വച്ച് പടിയിറങ്ങിപോയ നാടൻ പെൺകൊടീ... അന്ന് നീ എന്നെ ചിന്തിക്കാൻ പഠിപ്പിക്കുകയായിരുന്നു... എന്നോ എന്നിൽ ഒതുങ്ങിക്കൂടുകയും എല്ലുന്തിയ ശരീരത്തിൽ ആവേശത്തോടെ പടർന്നുകയറുകയും ചെയ്തിരുന്നവളേ, ഒടുവിൽ ഇന്നാരുടെയോ വിയർപ്പുമണം നിന്നെ തരളിതയാക്കുമ്പോൾ ഞാനറിയുന്നു, പ്രണയം മനോഹരമെന്ന്"...

നോട്ട്: ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ കുട്ടപ്പൻ ഉത്തരവാദിയല്ല....

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook