പ്രണയലേഖനം; അനിർവചനീയമായ ആത്മരതി...
1:13 PM
നീയല്ലാതെ മറ്റൊരാളായി മാറുന്ന നിന്നോട് എനിക്ക് ദേഷ്യം തോന്നുന്നു.
ആദ്യം നിന്നെ തല്ലി ആ ദേഷ്യം തീർക്കണം. എന്നിട്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം. ഒക്കെ വെറുതെ ആണെന്ന് പറയണം. നീ ഒറ്റയ്ക്കല്ല എന്ന്.
എനിക്ക് നായര് പെണ്ണിനെ അല്ല. ഭ്രാന്തും വെളിവുകേടും നിറയെ ഉള്ള പെണ്ണിനെ ആണ് വേണ്ടത്.
താലി കെട്ടാൻ അല്ല....
കെട്ടാതെ,
കെട്ടിയിടാതെ തുറന്ന് വിട്ട് സ്നേഹിക്കാൻ.
അലഞ്ഞുതിരിഞ്ഞ് എന്നെങ്കിലും തമ്മിൽ കാണുമ്പോൾ സ്നേഹവും, നിരാശയും ഒക്കെ തോളോട് തോൾ ചേർന്നിരുന്നു പങ്കുവെക്കാൻ. കലഹിക്കാൻ, കാമിക്കാൻ അങ്ങനെ അങ്ങനെ.. ഒടുവിൽ വീണ്ടും അലഞ്ഞു തിരിയാൻ. പിന്നെയും കാണാം എന്ന് പ്രതീക്ഷകൾ ബാക്കി വച്ച്, വാഗ്ദാനങ്ങൾ ഇല്ലാതെ, നൽകാതെ ഒരാത്മാവായി ഒരു ജന്മം മുഴുവൻ...
കാത്തിരിക്കില്ല നിന്നെ...
അപ്രതീക്ഷികമായി എന്നെങ്കിലും വരും എന്ന് പ്രതീക്ഷിക്കും. വരുവോളം പ്രതീക്ഷകൾക്ക് മങ്ങലില്ല.
വരണം എന്ന പറച്ചിൽ ഇല്ല. അത് ആജ്ഞാപിക്കൽ ആവും. പാടില്ല. അടിച്ചേല്പിക്കലുകൾ മാറണം. പൂർണമായും നീ, നീ തന്നെയാവണം. ചിന്തകൾ, പ്രവർത്തികൾ, തീരുമാനങ്ങൾ എല്ലാം.
അങ്ങനെ നീയായി മാറുന്ന നിന്നെ ഞാൻ ഇന്നേ പ്രണയിക്കുന്നു.
എനിക്ക് നിന്നെ താലി കെട്ടേണ്ട. നിന്നെ എന്റേതെന്ന് മുദ്ര കുത്തുകയും വേണ്ട. നിന്റെ സ്വപ്നങ്ങളിലേക്ക് പറന്ന് പോകുന്ന നിന്നെ എനിക്ക് കാണണം.
മാറണം. മാറ്റം അനിവാര്യമാണ്...
ഈ വാക്കുകൾക്ക് അതീതമാണ് നീയെന്ന യക്ഷി. ഉടലും ഉള്ളവും ഒരുപോലെ മൂടുന്ന ലഹരി. കാമത്തേക്കാൾ ഏറെ മറ്റൊരു ലോകത്തേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോകുന്ന അനിർവചനീയമായ ആത്മരതി.
പ്രണയം | ആത്മരതി | ലഹരി
അഭിപ്രായങ്ങളൊന്നുമില്ല: