പാലക്കാടിന്‍റെ മണ്ണില്‍ നമ്മുടെ യാത്രകൾ അവസാനിക്കുന്നില്ല; യാത്രകൾ തുടരും....
7:52 PM
തലേ ദിവസത്തെ അലച്ചിലും ക്ഷീണവും അത്രക്ക് ഉണ്ടായിരുന്നതുകൊണ്ട് പാലക്കാട്ടെ പ്രധാന പരിപാടി കഴിഞ്ഞപ്പോള്‍ എത്രയും വേഗം വീട്ടിലേക്ക് മടങ്ങുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം. ഒപ്പം വന്ന കൂട്ടുകാരി(ഹരിത)യെ അവിടെ ഉപേക്ഷിച്ച് പോവാൻ മനസ്സ് വരാത്തതിനാൽ അവളെയുംകൂടി അടുത്ത പോകേണ്ട സ്റ്റേഷനില്‍ എത്തിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ തിരിച്ച് എന്നെ അവൾ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.
വാഹന സൗകര്യങ്ങള്‍ തീരെ ഇല്ലാതിരുന്ന ലൊക്കേഷനില്‍ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ ഹരിത, ഡോബിള്‍, അജിഷ്മ, സുഹാസ് എന്നിവർക്കൊപ്പം കുമ്മനടിച്ച് ഞാനും റോബിനും അവർക്കൊപ്പം കാറില്‍ കടന്നുകൂടി.
അവിടെ നിന്നും പാലക്കാട് ടൌണ്‍ സ്റ്റേഷനില്‍ വന്ന് എത്രയും വേഗം വീട്ടിൽ എത്തുകയാണ് ലക്ഷ്യം. അതിനായി റോഡ് കണ്ടാൽ ബോധമില്ലാത്ത ആളുകൾക്ക് (പോകുന്ന പൊക്ക് കണ്ടാല്‍ അമ്മാവന്‍റെ പറമ്പില്‍ മാങ്ങാ പറിക്കാന്‍ പോണപോലെ തോന്നും) ഇടയിലൂടെ ഗൂഗിളിന്‍റെ ചേച്ചി പറയുന്നത് കേട്ട് റയിൽവേ സ്റ്റേഷനിലേക്ക് വിട്ട വണ്ടി നേരെ പോയത് ലോകത്തിന്‍റെ മറ്റേ അറ്റത്തുള്ള ഏതോ ഒരു സ്ഥലത്താണ്...
ചേച്ചി ചതിച്ചാശാനെ...
ചേച്ചി ചതിച്ചെങ്കിൽ എന്താ,
വഴിവക്കില്‍ ഇരുന്ന് നമ്മുടെ ചോദ്യം കേട്ട് അടുത്ത മാസം ഉത്തരം തന്ന അപ്പാപ്പന്‍റെ സഹായം കൊണ്ട് വളരെ വേഗം പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോ കണ്ടെത്താനായി.
അപ്പാപ്പന് സ്തുതിയായിരിക്കട്ടെ...!!
ചെന്ന പാടെ ചങ്ക് അളിയൻ ഡോബിള്‍നേയും കരളിന്‍റെ കഷണം ഹരിതയെയും അവരുടെ വഴിക്ക് ബസ് കയറ്റി വിട്ട ശേഷം സുഹാസിന്‍റെ ഏതോ സുഹൃത്തിനെ വെയിറ്റ് ചെയ്ത് പോസ്റ്റടിച്ച് ഇരുന്നു. അതിനിടെ പാലക്കാട് കടപുഴകി വീണ കരിമ്പനകളെ വലിച്ചിട്ട് കീറി മുറിച്ചു കുറ്റങ്ങളും കുറവുകളും പരിശോധിച്ച് ഞാനും, അജിഷ്മയും റോബിനും മലയാളികൾക്ക് മാതൃകയായി...
കാത്തുനിന്ന കക്ഷി "അഞ്ചു" എത്തിയപ്പോൾ അവൾ പ്രതീക്ഷിക്കാത്ത രണ്ടെണ്ണം ദേ കാറിനുള്ളിൽ കുമ്മനടിച്ച് ഇരിക്കുന്നു. "ഇതാരപ്പാ" എന്ന് കുറ്റവിചാരണ നടക്കുന്ന സമയത്ത് മുന്നോട്ട് നീങ്ങിയ കാറിന്‍റെ ലക്ഷ്യം പാലക്കാട് ജംങ്ഷൻ ആയിരുന്നു. 'നമ്മളെ അവിടെ തള്ളണം, പോകണം' അതാണ് അവരുടെ ലക്ഷ്യം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എങ്കിലും ചില സംഗതികൾ മാർഗ്ഗതടസ്സം ഉണ്ടാക്കുക തന്നെ ചെയ്യും. വഴിമധ്യേ അങ്ങനെ ഒരു തടസ്സമായത് വിക്ടോറിയ കോളേജ് ആണ്. അതുവരെ പോസ്റ്റ് ആയിരുന്ന നമ്മളെ എന്തെങ്കിലും കാണിക്കാം എന്ന് കരുതി വിക്ടോറിയ ഒന്ന് കറങ്ങി കാണാം എന്ന് അഞ്ചു പറഞ്ഞപ്പോൾ നോ പറയാൻ തോന്നിയില്ല.
ആ കവാടം കടന്ന് അകത്ത് കയറി കോളേജ് വരാന്തയിലൂടെ നടന്നപ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ചില നിമിഷങ്ങളെ, പഴയതിലും മിഴിവോടെ കാണാൻ സാധിച്ചു. ഭാവിയിലേക്കുള്ള ചില ഓർമകളെ ചിത്രങ്ങളാക്കി ചിരിത്രങ്ങളുടെ കെട്ടിടങ്ങളോടും, മുത്തശ്ശിമരത്തോടും വിട പറഞ്ഞ് അവിടെ നിന്നും യാത്ര തുടർന്നത് അനിവാര്യമായ വിടവാങ്ങലിന് മുൻപ് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി ആയിരുന്നു. അവിടെ നിന്നും കഴിച്ച സ്വാദിഷ്ടമായ മസാല ദോശയ്ക്കും, ഫിൽറ്റർ കോഫിക്കും ഇനിയും കുറെ വര്ഷങ്ങൾക്കപ്പുറം ചില കഥകൾ പറയാൻ ഉണ്ടാവാം.
യാത്ര പറയാൻ തുടങ്ങിയ നമ്മൾ പക്ഷേ യാത്ര പോയത് ലിസ്റ്റിൽ അതുവരെ ഇല്ലാത്ത ഹരിയേട്ടന്‍റെ ഫ്ലാറ്റിലേക്ക് ആയിരുന്നു. അവിടെ ചെന്നപ്പോൾ പടചട്ടയൊക്കെ അണിഞ്ഞ് ഭൂമിയുടെ മടിത്തട്ടിൽ കുംഭകർണ്ണനെ സേവിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ മഹാഭാരത യുദ്ധം കഴിഞ്ഞു കിടക്കുന്ന ആർജ്‌ജുനനെപോലെ എനിക്ക് തോന്നിയത് എന്‍റെ തെറ്റാണോ...!!
രാജാവ് കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് പ്രതീക്ഷിച്ച ഒരാൾക്ക് പകരം പുതിയ 4 എണ്ണത്തിനെ. സ്ക്രിപ്റ്റിൽ ഇല്ലാതെ അതിക്രമിച്ചു കയറിയ ഞങ്ങളെ ഉറക്കത്തിന്‍റെ ആലസ്യത്തിൽ പരിചയപ്പെട്ടു എങ്കിലും നമുക്കൊപ്പം ഒരു യാത്രക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇതിനിടെ തന്‍റെ പ്ലാനിംഗിൽ വന്ന അപാകത കാരണം അജിഷ്മക്ക് തുടർന്നുള്ള സീനുകൾ വിടേണ്ടി വന്നതിനാൽ അവൾ വീട്ടിലേക്ക് യാത്രയായി. ഒടുവിൽ യാത്രക്ക് നിർബന്ധിച്ച് കുളിപ്പിച്ച് റെഡിയാക്കിയ ഹരിയേട്ടനെയും വണ്ടിയിൽ കയറ്റി കവ-യിലേക്ക് നമ്മൾ യാത്രയായി.
തുടക്കത്തിൽ മൂഡ് ഓഫ് ആയിരുന്ന ഹരിയേട്ടനെ കട്ട ചളി പറഞ്ഞു വെറുപ്പിച്ച് മൂഡ് മാറ്റി കംപ്ലീറ്റ് ജോളി ആക്കി പോകുന്ന വഴിക്ക് കണ്ണിൽ കണ്ട മരത്തില്‍ വലിഞ്ഞു കയറി നാലഞ്ച് പടവും പിടിച്ച് വഴിയോരത്ത് കണ്ടതെല്ലാം വാങ്ങി കഴിച്ചും യാത്ര തുടർന്നു. കവ എത്തിയപ്പോൾ ബ്ലഡി ഗ്രാമവാസികൾ ഉമ്മറത്തെ ഗേറ്റ് പൂട്ടിയിരിക്കുന്നു, കൂടെ ഒരു ബോർഡും "അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ്" എങ്കിൽ പിന്നെ അങ്ങനെയാവട്ടെ എന്ന് കരുതി വണ്ടി അടുക്കള വഴി തിരിച്ചു നിർത്തി, ഇറങ്ങി നടന്നു....
നമ്മളോടാ കളി...
ഓരോ അടിയും മുന്നോട്ട് വെക്കുമ്പോൾ കൂടുതൽ കൂടുതൽ മനോഹരിയായി "കവ" നാലുപാടും കുന്നുകളാലും അതിനുള്ളിൽ വീണ്ടും അതിവിശാലമായ ജലപ്പരപ്പിനാലും ചുറ്റപ്പെട്ട മനോഹരിയായ ഭൂപ്രകൃതി. നമുക്കുവേണ്ടി മാത്രം പെയ്ത നനുത്ത ചാറ്റൽ മഴയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ ഞങ്ങൾ ഏറെ മിസ് ചെയ്തത് നിങ്ങളെ ആയിരുന്നു അജിഷ്മ, ഹരിത, ടോബിൾ... അവളുടെ വിശാലമായ മാറിൽ തലവച്ച് ആകാശം നോക്കി കിടന്നപ്പോൾ കാറ്റേറ്റ് വീശിയടിച്ച വെള്ളത്തിന്‍റെ അലകൾ ചുറ്റിലും ഒരു കടലിരമ്പം സൃഷ്ടിച്ചപ്പോൾ ഒപ്പം ഉണ്ടാവണം എന്ന് ഏറെ ആഗ്രഹിച്ചത് നിന്നെയാണ് ഹരിത...
ഏറെ നേരം അവിടെയിരുന്ന് സംസാരിച്ച നമ്മൾക്ക് ആ പ്രകൃതിയുടെ കനിവ് നൽകിയ ഇളവെയിലും ചാറ്റൽ മഴയും കണ്ണിനും മനസിനും ഒരുപോലെ കുളിർമ നൽകുന്ന കാഴ്ച്ചകൾ ആയിരുന്നു. അവ ആവോളം ആസ്വദിച്ച് ആ വശ്യമായ സൗന്ദര്യത്തോട് യാത്ര പറഞ്ഞു വഴിവക്കിലെ ചേട്ടന്‍റെ കടയിൽ നിന്നും പൈനാപ്പിൾ കഷണങ്ങള്‍ വാങ്ങി കടിക്കാൻ തുടങ്ങുമ്പോൾ അവിടെയും നിങ്ങളെ മിസ്സ് ചെയ്തിരുന്നു. എരിവുള്ള സംഭാരം വാങ്ങി പല കൈ മാറി കുടിച്ചു രസിച്ച്, വഴിയിൽ കറങ്ങി നടന്ന ആടുകൾക്ക് പൈനാപ്പിൾ എങ്ങനെ ഓസടിക്കാം എന്ന് പഠിപ്പിച്ചുകൊടുത്ത് നമ്മൾ യാത്രയാവുമ്പോൾ, നമുക്ക് പിറകിൽ വന്നവരുടെ പൈനാപ്പിൾ തഞ്ചത്തില്‍ അകത്താക്കുന്ന തിരക്കിൽ ആയിരുന്നു അനുസരണയുള്ള ആ ആടുകൾ....
തുടർന്നുള്ള യാത്രയിൽ മലമ്പുഴ ഡാമിന്‍റെ ആകർഷകമായ സൗന്ദര്യം ആസ്വദിച്ചു നടക്കുമ്പോള്‍ നമുക്കായി പറഞ്ഞുവച്ചപോലെ വീണ്ടും വന്ന ആ മഴ നമ്മുടെ മനസിനും ശരീരത്തിനും വളരെയേറെ കുളിർമ നൽകി, നയനമനോഹര കാഴ്ചയായി. കെട്ടിപ്പിടിച്ചും അവിടെയാകെ ചുറ്റിക്കറങ്ങിയും സൊറപറഞ്ഞും സമയങ്ങൾ കടന്നുപോകുമ്പോൾ ആ മഴത്തുള്ളികള്‍ക്കൊപ്പം നിങ്ങൾ ഓരോരുത്തരും എന്നിലേക്ക് കൂടുതല്‍ ആഴത്തില്‍ ഊര്‍ന്നിറങ്ങുകയായിരുന്നു.
ഡാമിന്‍റെ ഒരു വശത്ത് വെടിയുണ്ടകൾക്ക് മുന്നിൽ പതറാതെ വിരിമാറ് കാണിച്ചിരിക്കുന്ന എന്‍റെ യക്ഷിപ്പെണ്ണിനെ കാണാതെ പോവാൻ എങ്ങനെ എനിക്ക് സാധിക്കും... അവള്‍ക്കരികില്‍ എത്തി അവളുടെ വശ്യമായ സൗന്ദര്യം ആവോളം കണ്ടാസ്വദിച്ച് ടാറ്റാ പറഞ്ഞു പിരിയുമ്പോൾ ഒരു വാക്ക് ഞാനവൾക്ക് കൊടുത്തിരുന്നു.
"ഇന്ന് കൂടെ ഇല്ലാതെപോയ ചങ്കുകളെയും കൂട്ടി വീണ്ടും നമ്മൾ ഈ വഴി വരും"
റോപ് വേയിൽ കയറി ആകാശക്കാഴ്ച ആസ്വക്കുമ്പോൾ ഒപ്പമിരുന്ന ഹരി @sree.hari.940641 എന്ന മനുഷ്യനെ ഞാൻ കൂടുതൽ അറിയുകയായിരുന്നു. അയാളുടെ ജീവിതത്തിലൂടെ, ഞങ്ങളുടെ അനുഭവങ്ങളിലൂടെ, പരസ്പരം നമ്മളെ കണ്ടുമുട്ടിച്ച ഘടകങ്ങളിലൂടെ, അതിന് കാരണമായ വ്യക്തികളിലൂടെ. ഹരിയേട്ടാ നിങ്ങളെ കാണാനായി വീണ്ടും ഞാന്‍ വരും. അതുപക്ഷേ എനിക്ക് നിങ്ങള്‍ തന്ന വാക്കിന്‍റെ ഉറപ്പിന്മേല്‍ മാത്രമായിരിക്കും...
ക്ഷണിക്കാതെ, ക്ഷണിക്കപ്പെടാതെ എങ്ങനെയോ ഒത്തുചേർന്ന് നിമിഷങ്ങൾ കൊണ്ട് അവസാനിക്കേണ്ട ഒരു യാത്ര എത്തി നിൽക്കുന്നത് മനോഹരമായ ഒരു ദിവസത്തെ മുഴുവൻ ഓർമകളിൽ ആണ്. ഓരോ നിമിഷവും അങ്ങേയറ്റം ആസ്വദിച്ചു ചിലവഴിക്കാൻ സാധിക്കുക എന്നത് ഒരു കൂട്ടായ്മയുടെ വിജയം ആണെങ്കിൽ, എവിടെയോ പിരിയേണ്ട നമ്മൾ ഒരുമിച്ച് ഒരുവഴിക്ക് യാത്ര തുടർന്നത് വെറുതെ അല്ലെങ്കിൽ, നമ്മുടെ യാത്രകൾ അവസാനിക്കുന്നില്ല.
യാത്രകൾ തുടരും....
സൗഹൃദം | ജീവിതം | യാത്രകള്‍ | അനുഭവങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല: