പക്ഷേ ഞണ്ടിനറിയോ കുണ്ടിയുടെ വേദന....!!!

4:51 PM



തോപ്രാംകുടി എന്ന മനോഹരഗ്രാമം.
പുലര്‍കാല മനോഹാരിതയില്‍ പഠനത്തിനും ജോലികള്‍ക്കുമായി ഇറങ്ങിയ തരുണീമണികളുടെ വരവുപോക്കുകള്‍ കണ്ടാസ്വദിക്കുന്ന പ്രമാണികള്‍ നിരന്ന കവലയിലെ പ്രമുഖ കോഴിയായ കുട്ടപ്പായിയുടെ തട്ടുകട.

കടയില്‍ ആള് കൂടിയപ്പോള്‍, പുലര്‍ച്ചെ മഞ്ഞിന്‍റെ കുളിരിനൊപ്പം വലിച്ച് കയറ്റിയ വെളുത്ത പുകയുടെ എന്തോ ഒരിത് തലയില്‍ ബാക്കി ഉണ്ടായിരുന്ന കുട്ടപ്പായി ഓര്‍ഡര്‍ ചെയ്ത ചായ മേശയിലേക്ക്‌ നല്‍കിക്കൊണ്ട് തന്‍റെ പതിവ് ശൈലിയില്‍ പുതിയ കഥ പറഞ്ഞുതുടങ്ങി...

"ഏകാന്തതയുടെ അപാരതയിൽ ഞണ്ടിനെ പിടിക്കാൻ പോയ ചിണ്ടന്‍ ചേട്ടന്‍റെ കുണ്ടിയിൽ ഞണ്ടിറുക്കി. കണ്ടുനിന്ന കേളൻ ചേട്ടൻ കുണ്ടിക്ക് പാളയും കെട്ടി പാട്ട കൊട്ടി. കൊട്ട് കേട്ട മണ്ടൻ മാരാർ താഴെതോട്ടിൽ മറിഞ്ഞു വീണു. വീണിടം വിഷ്ണുലോകം. കണ്ടിടം കൈലാസം.
കിട്ടി മാരാര്‍ക്കും ഞണ്ടിന്‍റെ കടി കുണ്ടിക്ക്...
നമ്മൾക്കെന്താ ഇപ്പൊ...
പക്ഷേ ഞണ്ടിനറിയോ കുണ്ടിയുടെ വേദന....!!!"


ടാ കുട്ടപ്പായീ.......!!!
നീട്ടിയുള്ള വിളി കേട്ട് കുട്ടപ്പായി തിരിഞ്ഞ് നോക്കിയപ്പോള്‍ ഊരിപ്പിടിച്ച വാളുപോലെ കൈയില്‍ ചൂടുള്ള ചായ ഗ്ലാസുമായി അലറിക്കൊണ്ട്‌ നാട്ടിലെ വലിയ പ്രമാണിയും സല്‍സ്വഭാവിയുമായ തോപ്രാംകുടിയില്‍ ചാക്കോച്ചന്‍.
നീ എന്ത് വൃത്തികേടുകളൊക്കെയാടാ രാവിലെ ഈ വിളിച്ച് പറയുന്നത്..
നിര്‍ത്തടാ നിന്‍റെ കു...

ച്ഛായ്...
ആഭാസത്തരം.

ദേഷ്യം കൊണ്ട് ചുവന്ന ചാക്കോച്ചന്‍റെ മുഖത്ത് നോക്കിയ കുട്ടപ്പായി ഒരു ചൂട് വാഴക്കാപ്പം ചായക്കടയിലെ സ്ഥിരം പത്രപ്പുഴുവിന് നല്‍കിക്കൊണ്ട് തുടര്‍ന്നു,
അല്ല ചാക്കോച്ചായാ,
നമ്മള് പറയുമ്പോ ആഭാസം ആവുന്ന അതേ കുണ്ടി സിനിമയില്‍ ആവുമ്പോ ആകെ കൈയടിയും ചിരിയും ബഹളവും ഒക്കെ ആണല്ലോ...

മൂലയില്‍ ഇരുന്ന് പുട്ട് തട്ടിക്കൊണ്ടിരുന്ന ഏതോ ഒരുത്തന്‍ ഇത് കേട്ട് ചിരിച്ചത് കണ്ട് കുരു പൊട്ടിയ ചാക്കോച്ചന്‍ ദേഷ്യത്തോടെ ചോദിച്ചു,
എന്താടാ ഇത്ര ഇളിക്കാന്‍, ഇവിടെ ആരെങ്കിലും മുണ്ടില്ലാതെ നില്‍ക്കുന്നോ?

ചാക്കോച്ചന്‍റെ വര്‍ത്താനം അത്ര സുഖിക്കാത്ത കുട്ടപ്പായി പുഴുങ്ങിയ മുട്ട മേശപ്പുറത്ത് നിരത്തി വച്ചിട്ട് ഇങ്ങനെ പറഞ്ഞു,
ഇവിടെ ആരും മുണ്ടില്ലാതെ നില്‍ക്കുന്നില്ല ചാക്കോച്ചാ,
കഴിഞ്ഞ ദിവസം രാത്രി തെക്കേലെ അമ്മിണി ചേച്ചീടെ പറമ്പിലൂടെ മുണ്ടില്ലാതെ ഓടിയ ഒരു കുണ്ടിക്ക് ചാക്കോച്ചന്‍റെ തല ഉണ്ടായിരുന്നോ എന്നൊരു സംശയം...
അല്ല അതൊരു സംശയം മാത്രമാണ്...

കുറ്റം പറയരുതല്ലോ ചെട്ടനെപോലെ ഉള്ള മാന്യന്മാര്‍ എല്ലാം ചേച്ചിക്കെതിരാണ്.

ഇതുകൂടി കേട്ട ചാക്കോച്ചന്‍ കയ്യിലിരുന്ന വാഴക്കാപ്പം തറയില്‍ പോയ വിഷമത്തില്‍ തന്‍റെ കുണ്ടിത പരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് "കുണ്ടിതോജ്വല" രാഗത്തില്‍ അമ്മിണി ചേച്ചിയെയും നാട്ടിലെ മറ്റുചിലരെയും ചേര്‍ത്ത് ഒരു മുഴുനീള കുണ്ടിതകാവ്യം രചിച്ചു. വ്യക്തതയില്ലാത്ത വരപോലെ കിടന്ന കുട്ടപ്പായിയുടെ ചോദ്യത്തിന് ചക്കോച്ചന്‍റെ കുണ്ടിതോജ്വലകാവ്യം വ്യക്തത നല്‍കി. കടയില്‍ കൂടി നിന്നവരൊക്കെ ചക്കോച്ചന്‍റെ "കുണ്ടിത" രാഗത്തില്‍ ധൃതങ്കപുളകിതരായി പുഴുങ്ങിയ മുട്ട അപ്പാടെ വിഴുങ്ങിയപോലെ കണ്ണുംമിഴിച്ച് നിന്നപ്പോള്‍ കുട്ടപ്പായി ഉച്ചക്കുള്ള ചിക്കനില്‍ മസാല ചേര്‍ത്തുകൊണ്ട് ചോദിച്ചു..

അല്ല ചാക്കോച്ചായോ...
ഇത്രയും കുണ്ടിതഭീകരരാഗം പാടാന്‍ നിങ്ങടെ കുണ്ടിയേല്‍ ആണോ മ്മടെ ഞണ്ട് കടിച്ചത്?
ആവോ എനിക്കെന്താ.. അല്ല നമ്മൾക്കെന്താ...
ഞണ്ടിനറിയോ ചാക്കോച്ചാ അന്‍റെ കുണ്ടിയുടെ വേദന....!!!

പുറകില്‍ നിന്നും മസാല ഇട്ട കോഴിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറുമ്പോള്‍ കുട്ടപ്പായി ഇങ്ങനെ പറഞ്ഞു നിര്‍ത്തി,
എന്നാലും ചാക്കോച്ചാ,
മരുന്ന് പുരട്ടാന്‍ പാവം ആ അമ്മിണിച്ചേച്ചി മാത്രേ ഉണ്ടായിരുന്നുള്ളൂ. അവരെ എങ്കിലും ഒന്ന് ഓര്‍ക്കാമായിരുന്നു...!!!

നോട്ട്: "ഞണ്ട്" തലയില്‍ മുണ്ടിട്ട് രണ്ട് സ്വഭാവങ്ങളില്‍ നടക്കുന്ന മാന്യന്മാരുടെ കുരു കടിച്ച് പൊട്ടിക്കുന്ന പ്രതീകമാണെങ്കില്‍, "കുണ്ടി" അവരുടെ ദുഷിച്ച സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.

സദാചാരം | ആഭാസം | മാന്യത

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook