കൊറോണ പടരുന്ന സാഹചര്യത്തിൽ ബാർ, ബിവറേജുകൾ എന്തുകൊണ്ട് അടച്ചിടുന്നില്ല?

4:02 PM



കൊറോണ പടരുന്ന സാഹചര്യത്തിൽ ബാർ, ബിവറേജുകൾ എന്തുകൊണ്ട് അടച്ചിടുന്നില്ല, അടച്ചിടണം എന്നൊക്കെ പലരും പറഞ്ഞും ഷെയർ ചെയ്തും കാണുന്നുണ്ട്. എന്തുകൊണ്ടാവാം..?

പ്രളയം, നിപ്പ തുടങ്ങിയ ദുരന്തങ്ങളിൽ നിന്ന് കേരളത്തിന് ചെലവായത് ഇനിയും തിരിച്ചുപിടിക്കാൻ കഴിയാത്തത്ര കോടികളാണ്. അതിന്റെ സെസ് ഇപ്പോഴും ഞാനടക്കം ആളുകളിൽ നിന്ന് ഈടാക്കുന്നുമുണ്ട്. അത്രയേറെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇന്ന് കേരളവും കേന്ദ്രവും ലോകം മുഴുവനും ഒന്നായി അഭിമുഖീകരിക്കുന്ന വിഷയമാണ് കൊറോണ, കോവിഡ് 19. കേന്ദ്രസഹായമോ, അന്യരാജ്യങ്ങളിൽ നിന്നുള്ള സഹായമോ ഈ അവസരത്തിൽ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അത്രകണ്ട് സ്ഥിതിഗതികൾ ഇപ്പോൾ വഷളാണ്.

സ്റ്റേറ്റിന്റെ വരുമാനത്തിൽ വലിയൊരു ശതമാനം എക്‌സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തന്നെയാണെന്നത് വലിയൊരു സത്യമാണ്. അതിനു പുറമെ ജി.എസ്.ടി വഴിയും കെ.എസ്.ആർ.ടി.സി വഴിയും കേരളത്തിന് വരുമാനം ഉണ്ട്.

ഇപ്പോൾ കൊറോണ വൈറസ് ബാധ തടയുന്നതിനും ഐസൊലേഷൻ സംവിധാനങ്ങൾക്കുമായി വളരെ വലിയൊരു തുക ഓരോ ദിവസവും കേരളത്തിന് ചിലവാകുന്നുണ്ട്. ഇത് എത്രനാൾ ഇങ്ങനെ തുടരേണ്ടിവരുമെന്നും ലോകത്ത് ഒരാൾക്കും പറയാനും സാധ്യവുമല്ല.

കൊറോണ ലോകത്താകമാനം വ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പൊതുവായി ഉപയോഗിക്കുന്ന മാളുകൾ അടക്കം അടച്ചിട്ട അവസ്ഥയിൽ സ്റ്റേറ്റിന് കിട്ടേണ്ട ജി.എസ്.ടി വരുമാനം കുത്തനെ കുറയുക തന്നെ ചെയ്യും. യാത്രക്കാർ ഗണ്യമായി കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി യും നടുവൊടിഞ്ഞ കഴുതയെപോലെ ആണ്. സ്റേറ്റിന് ഓരോ ദിവസവും വരുമാനം തീർത്തും കുറഞ്ഞു വരികയും, അതോടൊപ്പം കൊറോണ കാരണമുള്ള ചിലവ് ക്രമാതീതമായി വർധിക്കുകയും കൂടിയാണ്. അതും കണക്കിലെടുക്കേണ്ടതുണ്ട്.

സ്റ്റേറ്റിനെ സംബന്ധിച്ച് മറ്റുള്ള വരുമാന സ്രോതസുകൾ എല്ലാം തുലോം കുറവുമാണെന്നിരിക്കെ പിന്നെയുള്ളത് ബാർ ബിവറേജസ് സംവിധാനങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോൾ ഒരു പ്രത്യേക സാധനം മാത്രം വിൽക്കുന്ന വെറുമൊരു വില്പനശാല മാത്രമായ മദ്യശാലകൾ കൂടി പൂട്ടിയാൽ സർക്കാരിന് വരുമാനം ഞാനോ നിങ്ങളോ അടക്കം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമോ?

ഓർക്കുക ഒരാൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോകുന്നപോലെ തന്നെയാണ് മറ്റൊരാൾ മദ്യപിക്കാൻ ബാറിൽ പോകുന്നതും. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം കൂടുതൽ ജനങ്ങൾ വന്നുകൂടുന്ന സ്ഥലം അങ്ങനെ നോക്കിയാൽ ഹോട്ടലുകളാണ്. എന്നുകരുതി ഇതുവരെ ഹോട്ടലുകൾക്ക് വിലക്കില്ല. ശുചിത്വം പാലിക്കണം എന്ന നിർദ്ദേശം മാത്രമാണുള്ളത്. അതുപോലെ മാർജിൻ ഫ്രീ, മാവേലി സ്റ്റോറുകൾ പോലെ ഒരു കച്ചവട സ്ഥാപനം മാത്രമാണ് സിവിൽ സപ്ലൈസ്.

സർക്കാർ സംവിധാനങ്ങളുടെ ശമ്പളം, പെൻഷൻ തുടങ്ങി ചികിത്സാ ചിലവ് എല്ലാം കൂടി എത്ര കോടികളാണ് ചിലവെന്ന ഏകദേശ ധാരണപോലും ഇല്ലാതെ കടന്നുപോകുന്ന അവസരത്തിൽ ഏക വരുമാനമാർഗമായ ബാർ, സിവിൽ സപ്ലൈസ് തുടങ്ങിയ മദ്യവില്പനശാലകൾ അടച്ചിട്ടാൽ ആകെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കൂടി നില്കും എന്നുമാത്രമല്ല ഇവിടെ കള്ളവാറ്റും മറ്റു നിരോധിത ലഹരിവസ്തുക്കളും ഒഴുകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എത്രയൊക്കെ ഗീർവാണം മുഴക്കിയാലും ഏതൊരു ഗവർമെന്റ് സംവിധാനത്തിനും ഫലപ്രദമായി വ്യാജവാറ്റ് തടയാനും സാധിക്കില്ല. അതിപ്പോ ഈ ഗവർമെന്റല്ല ഇനി ഏത് ഗവർമെന്റ് ആയാലും.

അത്തരത്തിൽ ഒരു മദ്യ ദുരന്തം കൂടി ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ ഉണ്ടായാൽ അതുകൂടി താങ്ങാൻ നമ്മുടെ ഗവർമെന്റിനോ ഹോസ്പിറ്റലുകൾക്കോ കഴിഞ്ഞെന്നുവരില്ല. മാത്രമല്ല അതുണ്ടാക്കുന്ന ഭാരിച്ച സാമ്പത്തികബാധ്യത വേറെയും. ഇപ്പോൾതന്നെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മറ്റും ചെയ്ത സാഹചര്യത്തിൽ ആശുപത്രികളിൽ ഗർഭിണികൾ, കാൻസർ രോഗികൾ, ഹൃദയ ശ്വാസകോശ രോഗികൾ തുടങ്ങി നിരവധി രോഗികൾ പ്രതിസന്ധിയിലാവാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.

മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെവന്നാൽ ബാറും, ബിവറേജുമടക്കം കേരളത്തിലെ സകല വ്യാപാരസ്ഥാപനങ്ങളും എല്ലാം പൂട്ടണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ എന്തുകൊണ്ട് ബാറുകൾ മാത്രം പൂട്ടുന്നില്ല എന്നുചോദിക്കുമ്പോൾ അതിനുപിന്നിൽ ഇങ്ങനെ ചില കാര്യങ്ങൾ കൂടിയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നു.

ബാറോ, പള്ളിയോ, അമ്പലമോ തുടങ്ങി മറ്റേതു പൊതുസ്ഥലങ്ങളോ ആയാലും ആവശ്യമില്ലാത്ത യാത്രകൾ, ആൾക്കൂട്ടങ്ങൾ, എന്നിവ പാടില്ലെന്ന നിർദ്ദേശങ്ങൾ പൊതുജങ്ങൾക്ക് നൽകിയിട്ടുള്ളത് അനുസരിക്കാൻ ഞാനടക്കം ഓരോ പൗരനും ബാധ്യസ്ഥനാണ്. അങ്ങനെ അനുസരിക്കുമ്പോൾ മാത്രമേ കൊറോണ എന്ന മഹാമാരി ഇല്ലാതാക്കാനും സാധിക്കുകയുള്ളൂ... അതിന് വിമർശനബുദ്ധി മാത്രം പോരാ വിവേകവും ലേശം അനുസരണാശീലവും കൂടി വേണം. നമ്മുടെ നാട്ടിൽ പിന്നെ ഓപ്പോസിറ്റ് പാർട്ടിക്കാർ പറയുന്നത് അനുസരിച്ചുള്ള ശീലം ഇല്ലാലോ... അതിപ്പോ ജനങ്ങൾ ഒന്നടങ്കം ചാവുന്ന കാര്യം ആയാലും എന്തിലും ഏതിലും നെറികെട്ട രാഷ്ട്രീയ കളികൾ മാത്രം.

ബിത്വ: ഈപറഞ്ഞതൊക്കെയും എന്റെ പരിമിതമായ അറിവിൽ തോന്നിയ കാര്യങ്ങളാണ്. നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. (രണ്ടായാലും കക്ഷിരാഷ്ട്രീയം എന്റെ വിഷയമല്ല), എന്നാൽ കഴിയുന്നപോലെ ബോധവത്കരണം നടത്താനും സ്വയം വേണ്ട മുൻകരുതലുകൾ എടുക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.

കൊറോണ | മദ്യവില്പനശാലകൾ | ഗവർമെന്റ്

Image Credit: keralatourpackages.com

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook