ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും
8:02 PMകാട്ടിലേക്ക് ഉല്ലാസയാത്ര പോയി തിരികെ വരുന്നവർ വന്യജീവികളുടെ അന്തകരാവുന്നത് ഖേദകരമാണ്. ദയവായി ഇത്തരം ശീലങ്ങൾ ഒഴിവാക്കൂ, നാട്ടിൽ നമുക്ക് എന്നപോലെ കാട്ടിൽ വന്യജീവികൾക്കും സ്വൈര്യമായി ജീവിക്കേണ്ടതുണ്ട്.
കാട്ടിലേക്ക് "ഉല്ലാസയാത്ര" അങ്ങനെതന്നെ പറയണം ഏറിയപങ്കും സഞ്ചാരികൾ കാട് കാണാൻ പോകുന്നത് വനത്തെ അറിയാനല്ല, അവരുടെ ഉല്ലാസത്തിനുവേണ്ടി മാത്രമാണ്. അതുകഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കുറെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, വനമേഖലയ്ക്ക് പരിചയമില്ലാത്ത മറ്റു വിധ മാലിന്യങ്ങളും അവിടെക്കൊണ്ടു നിക്ഷേപിച്ചിട്ട് തിരികെ പോരും.
"പ്രകൃതിയെ നശിപ്പിക്കാൻ മനുഷ്യനല്ലാതെ ലോകത്ത് മറ്റൊരു ജീവികൾക്കും സാധിക്കില്ല" എന്ന് ഞാൻ ഉറപ്പിച്ചു പറയാനും കാരണം ഇതുതന്നെയാണ്. അടിസ്ഥാന സൗകര്യവികസനം, സുഖലോലുപതകൾ തുടങ്ങി നാം ദിനംപ്രതി ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്തു തന്നെയാണ്. മനുഷ്യർ ഒരേസമയം പ്രകൃതിയുടെ ഗുണഭോക്താക്കളും അന്തകരുമാണ്. അതേസമയം മനുഷ്യൻ ഒഴികെയുള്ള മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഗുണഭോക്താക്കൾ മാത്രമാണ്.
ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ മനുഷ്യന് ഇനിയൊരിക്കലും സാധ്യമല്ല. എന്നാൽ വനമേഖല പോലുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കാതെ, അവയുടെ ജീവന്, സ്വൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കാതെ നമുക്ക് ജീവിക്കാൻ സാധിക്കും.
എന്നാൽ നമ്മൾ ചെയ്യുന്നതോ ഏതെങ്കിലും കാട്ടിലേക്ക് കുറേ പ്ലാസ്റ്റിക് കുപ്പികളും, പാക്ക് ചെയ്ത ഭക്ഷണങ്ങളും, ഗ്ലാസ് ബോട്ടിലുകളിൽ ബിയറും, മറ്റ് മദ്യക്കുപ്പികളും ഒക്കെ വലിച്ചു ചുമന്ന് കയറി പോകും, പറയുന്നത് "കാട് കാണാൻ കാടിനെ അറിയാൻ പോകുന്നു" എന്നാണ്. സത്യത്തിൽ ഇങ്ങനെയുള്ളവർ ചെയ്യുന്നത് കാടിനെ അറിയാനുള്ള പോക്കല്ല, കാടിനെ നശിപ്പിക്കാനും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിക്കാനും, അതിനൊപ്പം വന്യജീവികളെ ഇല്ലായ്മ ചെയ്യാനുമാണ്.
അല്ലെങ്കിൽ നിങ്ങൾ പോകുമ്പോൾ എന്തുകൊണ്ട് നിങ്ങളുടെ പേഴ്സണൽ ദുശീലങ്ങളെ കാട്ടിലേക്ക് ആനയിക്കുന്നു? ദയവായി ഇത്തരം ശീലങ്ങൾ ഒഴിവാക്കൂ, നാട്ടിൽ നമുക്ക് എന്നപോലെ കാട്ടിൽ വന്യജീവികൾക്കും സ്വൈര്യമായി ജീവിക്കേണ്ടതുണ്ട്.
താഴെ കൊടുത്തിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് ഇത്രയെങ്കിലും പറയണമെന്നു തോന്നി. എഴുതിയത് ആരെന്ന് അറിയില്ല, എങ്കിലും പറയേണ്ട പ്രസക്ത ഭാഗങ്ങൾ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:
മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്: മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും ഒക്കെ പൊത്തിപ്പിടിച്ച് കയറുന്നത്. വലിച്ചെറിയുന്ന മദ്യക്കുപ്പിയുടെ ചില്ലുകള്‍ പാറകളില്‍ തട്ടി പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും. ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് അതു കിടക്കുക. ആന തന്റെ വലിയഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്ക് ചെല്ലും.
ആനയ്ക്ക് മൂന്നുകാലില്‍ നടക്കാനാകില്ല. അതുകൊണ്ട് രണ്ടു,മൂന്നുതവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളില്‍ക്കയറും. പിന്നെ അതിന് നടക്കാനാകില്ല. ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും. ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. പിന്നെ ആന ജീവിക്കില്ല. ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അത് അഞ്ചാറുദിവസംകൊണ്ട് അസ്ഥികൂടമായി മാറും. പിന്നെ വേദനിച്ചു നരകിച്ചു മരിക്കും.
കാടിനുള്ളില്‍ മദ്യകുപ്പികള്‍ , പ്ലാസ്റിക് ഒക്കെ ഉപേക്ഷിക്കരുതേ. ഓരോ ജീവനും വിലപെട്ടതാണ്. നമ്മുടെ തമാശ മറ്റൊരു കൂട്ടം ജീവികളുടെ ജീവന് പോലും ഭീക്ഷണി ആണ്. പ്രിയ്യ സുഹൃത്തേ ബോധവാനാകുക കൂട്ടുകാരേ ബോധവാന്മാരാക്കുക.
കടപാട് : എഴുതിയ ആളിന്.
അഭിപ്രായങ്ങളൊന്നുമില്ല: