കോട്ടയം ബസ് സ്റ്റാന്റിന്റെ ഈ ദുരവസ്ഥക്ക് യഥാർത്ഥ കാരണക്കാർ ആര്?
10:48 PMതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരു ചോദ്യം ബാക്കിയുണ്ട്... ഇന്നലെയും ഇന്നും കോട്ടയം വഴി യാത്ര ചെയ്തപ്പോൾ തോന്നിയത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിൽ ഒന്നായ കോട്ടയം ബസ് സ്റ്റാന്റിന്റെ ഈ വികസനത്തിന് പിന്നിൽ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ അവരുടെ മുഴുവൻ കഴിവും പുറത്തെടുത്തപ്പോൾ സ്റ്റാന്റിലേക്ക് കയറുന്ന ബസുകൾക്ക് കുതിര സവാരിയുടെ നൂതന അനുഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നത് വലിയൊരു നേട്ടമാണ്.
സ്റ്റേഷൻ ഓഫീസ് കെട്ടിടം ഇനിയൊരു കാറ്റടിച്ചാൽ ഫ്ലയിങ് ഓഫീസ് ആക്കി മാറ്റാനോ, അല്ലെങ്കിൽ യാത്രികരായി വരുന്ന ജനങ്ങളുടെ തോളിൽ വിശ്രമിക്കാനോ സാധ്യതയുള്ള നിലയിൽ മനോഹരമായി മോഡി പിടിപ്പിച്ചരിക്കുന്നു. ഉള്ളിലെ കമ്പികൾ വലിഞ്ഞുമുറുകിയ ഞരമ്പുകൾ പോലെ പുറത്തേക്ക് തള്ളി നിൽക്കുന്നത് കെട്ടിടത്തിന്റെ ഉൾക്കരുത്തും വിളിച്ചോതുന്നതാണ്.
കഴിഞ്ഞ ദിവസം രാത്രി ഇതേ സ്റ്റാൻഡിൽ ബസിൽ ഇരിക്കുമ്പോൾ കാണാൻ സാധിച്ച അപൂർവ്വ കാഴ്ച എന്റെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ ഈറനണിയിക്കുകയുണ്ടായി. ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ തൂണുകളിൽ ഒന്നിൽ ചാരി നിന്ന ഒരു യാത്രികന്റെ ചുമലിലേക്ക് റൂഫിൽ നിന്ന് താഴേക്ക് വച്ചിരിക്കുന്ന ഡ്രൈനേജ് പൈപ്പ് ചരിഞ്ഞുനവീഴുന്ന മനോഹരമായ കാഴ്ചയായിരുന്നു അത്. ഒരു സർക്കസ്കാരന്റെ മെയ് വഴക്കത്തോടെ അയാൾ ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രം തത്കാലം ബോഡിയിൽ പോറൽ ഏൽക്കേണ്ടി വന്നില്ല. തികച്ചും അപ്രതീക്ഷിതമായി നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു കഴിഞ്ഞതുകൊണ്ട് ആ മനോഹരദൃശ്യങ്ങൾ കാമറയിൽ പകർത്താൻ സാധിക്കത്തിന്റെ ഖേദം പ്രകടിപ്പിക്കുന്നു..
സമീപഭാവിയിൽ ഈ പ്രദേശത്തെ ഒരു ടൂറിസം സ്പോട്ട് ആയികൂടി പ്രഖ്യാപിക്കേണ്ടതാണ്. കെട്ടിടങ്ങളുടെ സ്കെലിറ്റൻ അടുത്ത് നിന്ന് കണ്ടു മനസിലാക്കാൻ സാധിക്കുന്നത് വരും തലമുറയ്ക്ക് ഇത്രക്ക് അധഃപതിച്ച ഭരണാധികാരികളെ തിരിച്ചറിയാൻ ഒരു മുതൽകൂട്ട് ആവുമെന്നതിൽ സംശയമൊന്നുമില്ല.
വികസനങ്ങൾ പറഞ്ഞു തകർത്ത് തിമിർത്ത് വോട്ട് അഭ്യർത്ഥിക്കുമ്പോൾ ബഹുമാനപ്പെട്ട ഇടത്, വലത് രാഷ്ട്രീയക്കാരെ.... ഓർമ്മ വരണം ഇവിടെകൂടി യാത്ര ചെയ്യുന്നത് സാധാരണ ജനങ്ങൾ ആണെന്നും അവർക്കും ജീവിക്കാൻ അവകാശം ഉണ്ടെന്നും.
നന്ദി, നമസ്കാരം...
വികസനം | പ്രാദേശികം | രാഷ്ട്രീയം
അഭിപ്രായങ്ങളൊന്നുമില്ല: