വേറെ എന്തും ഒരു മനുഷ്യന് പിടിച്ച് നിർത്താം, ഇക്കാര്യത്തിൽ എനിക്കറിയില്ല

1:45 PM

കേരളത്തിൽ പൊതുവേ പബ്ലിക് ടോയ്‌ലറ്റുകളും യൂറിനലുകളും വളരെ വിരളമായി മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. ഇനി അഥവാ കണ്ടുകിട്ടിയാൽ തന്നെ അവയിൽ പലതും ഉപയോഗിക്കാൻ പറ്റാത്തതോ, പൂട്ടിയിട്ടതോ ഒക്കെ ആയിരിക്കും.

ഒരാൾക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി കൊള്ളാവുന്ന ഒരു ടോയ്‌ലറ്റ് കിട്ടിയാൽ ഈ നാട്ടിൽ അവനോളം ലക്കി വേറെ ഇല്ലെന്ന് വേണമെങ്കിൽ പറയാം. ഇക്കാര്യത്തിൽ പലതവണ കേരളത്തിലെ പല ബസ് സ്റ്റാൻഡുകളിലും പെട്ടുപോയിട്ടുള്ള ഒരാളാണ് ഞാൻ.

അത്യാവശ്യ അവസരങ്ങളിൽ ഓടിപ്പിടിച്ച് ഒരു ടോയ്‌ലറ്റ് കണ്ടുപിടിച്ച് വരുമ്പോ അവിടെ ഒന്നുകിൽ വെള്ളം കാണില്ല, അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റാത്ത വിധം മുന്നേ വന്നവർ വൃത്തികേടാക്കി വച്ചിട്ടുണ്ടാവും. ഇത് രണ്ടും അല്ലെങ്കിൽ കതക് ഉണ്ടാവില്ല. എന്നിങ്ങനെ നമുക്ക് മുന്നിലുള്ള പ്രശ്നങ്ങൾ നിരവധിയാണ്.

വേറെ എന്തും ഒരു മനുഷ്യന് പിടിച്ച് നിർത്താം, ഇക്കാര്യത്തിൽ ആർക്കൊക്കെ എത്രയൊക്കെ സാധിക്കും എന്ന് അവനവനു മാത്രമേ അറിയൂ. ശങ്ക തോന്നിക്കഴിഞ്ഞാൽ ഏറിയാൽ പത്ത് മിനിറ്റ് അതിനപ്പുറം സംഗതി പിടിച്ച് വയ്ക്കുക എന്നത് എനിക്ക് സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ലോഡ് ഇറക്കി വയ്ക്കുക എന്നതിനപ്പുറം വേറെ ഓപ്ഷൻ ഒന്നും ഇല്ലെന്ന് നിർദ്ദയം എനിക്ക് എന്നോട് തന്നെ പറയേണ്ടി വരും.

പരമാവധി ദൂര യാത്രകളിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ട് ആവും യാത്ര ചെയ്യുക, എന്നാലും ചിലപ്പോൾ പണി കിട്ടാറുണ്ട്.

വളരെ മുൻപ് ഒരു ദിവസം വെളുപ്പാൻകാലത്ത് വൈഫിനെ കോട്ടയം ബസ് കയറ്റി വിടാൻ കിളിമാനൂർ സ്റ്റാൻഡിൽ കൊണ്ടുചെന്ന് ഇറക്കി ആളുടെ ബസ്സ് വരുന്നതിന് മുന്നേ വയറിനുള്ളിൽ ഒരു ഗുളുഗുളും ശബ്ദം...!!

പെട്ട്... ഒന്നും നോക്കാനില്ല.

എഡിയേ... നിനക്ക് ബസ് വന്നാൽ വേണമെങ്കിൽ കേറി പൊക്കോ... ഞാൻ ഫ്രീയാവുമ്പോ വിളിക്കാം എന്നുംപറഞ്ഞ് സ്റ്റേഷൻ ഓഫീസിലേക്ക് ഒറ്റ ഓട്ടം, പോയി കാര്യം പറയുന്നു, ചേട്ടൻ സ്ഥലം പറഞ്ഞുതരുന്നു, അവിടെ മുഴുവനും കറങ്ങി നടന്ന് വല്ലവിധേനയും സ്ഥലം കണ്ടുപിടിക്കുന്നു. അകത്ത് കയറി നോക്കുന്നു...

വാവ് പൊളി സാനം... കൂടിന് അടപ്പില്ല. വേണേൽ പബ്ലിക് ആയി കാര്യം സാധിക്കുക പോവുക.

ഒരു ഒഴിഞ്ഞ കോണിലാണ് സംഗതി എന്നതുകൊണ്ട് പെട്ടന്ന് ആരും കാണില്ല. പക്ഷേ എങ്ങാനും സമാന ചിന്താഗതിക്കാർ കാര്യസാധ്യത്തിന് വന്നാൽ നമ്മുടെ കലാപരിപാടി ലൈവ് കാണാം എന്നൊരു അഡ്വാൻ്റേജ് ഉണ്ട്. സമ്പൂർണ സുതാര്യത. അതാണ് കമ്പനി നൽകുന്ന ഗാരൻ്റി.

വേറെ നിവർത്തി ഇല്ലാണ്ട് അന്നുവരെ ഉത്സവപ്പറമ്പിൽ നാൽപ്പത് ബോക്‌സുകളിൽകൂടി വരുന്ന യേശുദാസിൻ്റെ ശബ്ദത്തിനൊപ്പം മാത്രം പാട്ട് പാടിയിട്ടുള്ള ഞാൻ നാല് സിനിമാപ്പാട്ടുകൾ മുദ്രാവാക്യം വിളിക്കുന്ന പോലെ ഒറ്റയിരുപ്പിന് പാടി തീർത്തത് ഓർക്കുമ്പോ ഇപ്പോഴും ആകെയൊരു കുളിരാണ്...!!

കൊട്ടാരക്കര സ്റ്റാൻഡിലും സെയിം അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇവിടെ വില്ലൻ വെള്ളം ആയിരുന്നു. ഒരു ബോട്ടിൽ വെള്ളം അന്ന് കയിൽ ഉണ്ടായിരുന്ന കാരണം ഒരു പൊടിക്ക് രക്ഷപ്പെട്ടു. അല്ലെങ്കിൽ ടാപ്പിൽ വെള്ളം വരുന്നത് വരെ അവിടെയിരുന്ന് വേരിറങ്ങി മരമായേനെ...!!

ഒരിക്കൽ കോട്ടയം സ്റ്റാൻ്റിൽ കയറി, കണ്ടപാടെ ആ ഫ്ലോയങ്ങ് പോയിക്കിട്ടി. അന്നെന്നല്ല, അടുത്ത ഒരാഴ്ചത്തേക്ക് എനിക്ക് അങ്ങനെ ഒരാവശ്യം പിന്നീട് ഉണ്ടായിട്ടില്ല. അത്രക്ക് കലാപരമായിരുന്നു എനിക്കും മുന്നേ പോയ മഹാനുഭാവൻ അവിടെ കാണിച്ചു വച്ചിരുന്നത്.

ഇത്രയും പറഞ്ഞത് ഞാൻ കടന്നുപോയ എൻ്റെ അവസ്ഥ മാത്രമാണ്. ഇതേ അവസ്ഥകൾ പലർക്കും ഉണ്ടായിട്ടുണ്ടാവാം. സംഗതി കക്കൂസ് കേസ് ആയതുകൊണ്ട് ആരും മിണ്ടാത്തത് ആവാം. മനസ്സിലാക്കേണ്ടത് ഇതൊരു മനുഷ്യൻ്റെ അല്ല, ഒരു കൂട്ടം ആളുകളുടെ ഓരോ ദിവസത്തെയും അവസ്ഥയോ, ദുരവസ്ഥയോ ഒക്കെയാണ്.

എത്ര സ്റ്റേഷനുകളിൽ ടോയ്ലറ്റുകൾ ആവശ്യത്തിന് വെള്ളവും വെളിച്ചവും ഉള്ള രീതിയിൽ, ഡോറുകൾ, നന്നാക്കി, വൃത്തിയോടെ മനുഷ്യർക്ക് ഉപയോഗിക്കാൻ പാകത്തിന് നൽകുന്നുണ്ട്?

നിങ്ങളിൽ എത്ര പേര് പബ്ലിക് ടോയ്ലറ്റുകൾ ആവശ്യം കഴിഞ്ഞ് അടുത്ത ആളിനായി വൃത്തിയാക്കും?

ഇത് എൻ്റെ മാത്രമല്ല, ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന സകല മനുഷ്യർക്കും ആവശ്യമുള്ള കാര്യമാണ്.

ഇന്നലെ രാത്രി തൃശൂർ റയിൽവേ സ്റ്റേഷനിലെ യൂറിനൽ ചില നല്ലവരായ യാത്രികർ ഹാൻസും മറ്റു വേസ്റ്റുകളും വാരിയിട്ട് ബ്ലോക്ക് ആക്കി വാട്ടർ ടാങ്ക് പോലെ ആക്കി ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എഴുതണം എന്ന് തോന്നി എഴുതിയതാണ്.

നിങ്ങൾ സ്വയം ആലോചിക്കുക... നിങ്ങളുടെ പബ്ലിക് ബിഹേവിയർ എങ്ങനെയാണ് എന്ന്. ഇത്തരത്തിൽ ഒരവസ്ഥ വരുമ്പോൾ നിങ്ങൾ എങ്ങനെ ഇതിനെ ഫെയ്സ് ചെയ്യുമെന്ന്.

നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഇങ്ങനെ ആണോ എന്ന്... !!

- Prasanth S Pushpa / obscuremasc

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook