ഉപ്പുചാക്ക് ചുമക്കുന്നവർ...

1:00 AM

രാവിലെ പതിവിലും നേരത്തേ ഉണർന്ന ജോസ് ജോർജിന്റെ ചിന്ത അവളെക്കുറിച്ച് ആയിരുന്നു. രണ്ടുദിവസത്തെ ഉറക്കമില്ലായ്മയുടെ ആലസ്യത്തിൽ തുറക്കാൻ മടിക്കുന്ന തന്റെ കണ്ണുകൾ വലിച്ചുകീറി അയാൾ ചുറ്റിലും നോക്കി.

താൻ മരിച്ചിട്ടില്ല...!!

തലേദിവസം കുടിച്ചുവറ്റിച്ച മദ്യക്കുപ്പികൾ മുറിയുടെ മൂലയിൽ മൂക്കുകുത്തി കിടക്കുന്നുണ്ട്. ബോധമണ്ഡലത്തിലേക്ക് വെള്ളിടി വെട്ടാൻ തുടങ്ങിയപ്പോൾ മദ്യത്തിൽ മുങ്ങിയ തൻ്റെ ഇന്നലെകൾ അവൻ്റെ മുന്നിൽ തെളിഞ്ഞുവന്നു. കൺമുന്നിൽ നിന്നും എല്ലാം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പടിയിറങ്ങി പോയവൾ...

അവൾ പറയാതെ ബാക്കിവച്ച വാക്കുകളുടെ കുന്തമുനകൾ...!!

ആ കിടക്കയിലെ മുഷിഞ്ഞ ബെഡ്ഷീറ്റിനുള്ളിൽ നിന്നും ഏന്തിവലിഞ്ഞു പുറത്തേക്ക് നോക്കിയെങ്കിലും, പകൽവെളിച്ചം ചന്നംപിന്നം കണ്ണിൽ കുത്തുന്നതിനാൽ കണ്ണുകൾ തുറക്കാനാവാതെ അവൻ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞുവീണ് ചിന്തയിലാഴ്ന്നു.

"അവന്റെ ചിന്തകളിൽ മുന്നിലൂടെ കടന്നു പോയവരെല്ലാം ഉപ്പുചാക്കും ചുമന്ന് നടക്കുന്നു....!!"

അയാൾ ചിന്തിച്ചു "എന്താണ് ഇവരെല്ലാം ഇങ്ങനെ?"

ചിലരുടെ ചാക്കുകൾ പക്ഷേ പ്രത്യക്ഷമല്ല, ഒരുപക്ഷേ നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത ഏതോ ഒരു ആവരണം കൊണ്ട് അവരാ ചാക്ക് പൊതിഞ്ഞിട്ടുണ്ടാവാം.

അവൻ വീണ്ടും ആലോചിച്ചു... സ്വയം പരിശോധന നടത്തി. ശരിയാണ് ആരും കാണുന്നില്ല എങ്കിലും തന്റെ തലക്ക് മുകളിലുമുണ്ടൊരു ചാക്ക്. എന്നോ എവിടെനിന്നോ തലയിൽ വലിച്ചുകയറ്റിയ വലിപ്പമേറിയ ഒരു ഉപ്പുചാക്ക്.

സോഫിയാ...!!!

അവൻ ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

അവൻ്റെ ഫ്ലാഷ്ബാക്കും പതിവ് ക്ളീഷേകൾ തന്നെ. ആദ്യമായി അവളെ കണ്ടതും, മിണ്ടിയതും, പിണങ്ങിയതും....

ഛേ....

തലച്ചോറിൻ്റെ ചില തരംഗങ്ങളെ പ്രവാഹങ്ങളെ തിരികെ പിടിച്ച അവൻ പിന്നെയും ചിന്തകളിലേക്ക് ഊളിയിട്ടു...

ഇന്നലെ ഞാനെന്തൊരു ഓവറായിരുന്നു...

കള്ള് മൂത്തതും അവളെ കടന്ന് പിടിച്ചതും അവളിപ്പോൾ വേണ്ടെന്ന് പറഞ്ഞതും, അത് കൂട്ടാക്കാതെ വീണ്ടും അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചതും... അവളിൽ അന്നോളം ഉണ്ടായിരുന്ന വിശ്വാസങ്ങളെ അപ്പാടെ തകിടം മറിച്ച് മറ്റൊരു ഉപ്പുചാക്ക് അവളുടെ തലയിലേക്ക് കൂടി വച്ചുകൊടുത്തതും....!!!

ഇനിയവളുടെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്ന് ഓർത്ത് അവന് വീണ്ടും കുറ്റബോധം തോന്നിയോ...

അതോ തലയിലെ ഉപ്പുചാക്ക് വീണ്ടും അലിഞ്ഞ് കണ്ണിലേക്ക് ഇറങ്ങിയതോ... അവൻ്റെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി ഉപ്പുകണികകൾ നിലത്ത് പതിച്ചു ചിന്നിച്ചിതറി...

അവൻ മനസിൽ പിന്നെയും അവളെ ഓർത്തു. എന്തിനീ ഉപ്പുചാക്ക് ഞാനിനി ചുമക്കണം ഞാനിതിവിടെ ഇറക്കി വയ്ക്കുന്നു...

അവൾക്കൊപ്പം പങ്കിടാൻ വച്ചിരുന്ന അതേ വിഷം അയാൾ ഒറ്റക്ക് ഒരു സിപ്പ് മദ്യത്തിനൊപ്പം തൻ്റെ അന്നനാളത്തിലേക്ക് ആവാഹിച്ച് ഒരു സിഗരറ്റ് പുകയുടെ അകമ്പടിയോടെ വായുവിലേക്ക് അപ്രത്യക്ഷമായി...

അവസാനമായി അവൻ്റെ ഉളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നുവോ...??!!!

സോഫി.... യാ....!!!

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook