മുഖത്ത് ധരിക്കേണ്ട മാസ്കുകൾ "ബ്രാ" ആയി മാറുമ്പോൾ..
നിങ്ങൾ അപകടം വിളിച്ചുവരുത്തുകയാണ്.
പല രാജ്യങ്ങളും പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിൽ വളരെയേറെ മുന്നിൽ എത്തിയെങ്കിലും, കൊറോണ വൈറസ് കൂടുതൽ അപകടകാരിയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ പഠനങ്ങൾ തെളിയിക്കുന്നത് കോവിഡ് 19 വായുവിൽകൂടെയും പകരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് തന്നെയാണ്.
നമ്മുടെ നിരത്തുകളിൽ ഇപ്പോൾ സർവസാധാരണമായ ഒരു കാഴ്ചയാണ് താടിക്ക് കീഴെ ബ്രാ പോലെ മാസ്ക് ധരിച്ചു നടക്കുന്ന ആളുകൾ. അറിഞ്ഞോ അറിയാതെയോ ഇവർ സ്വമേധയാ അപകടം വിളിച്ചുവരുത്തുകയും, അതോടൊപ്പം മറ്റുള്ളവരെ അപകടത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.
എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടത്?
ധരിക്കുന്നയാളുടെ മൂക്കും, വായും പൂർണ്ണമായും മൂടുന്ന താരത്തിലാവണം മാസ്ക് ധരിക്കേണ്ടത്. എങ്കിൽ മാത്രമേ മൂക്കിലൂടെയും വായിലൂടെയും, അകത്തേക്കും, പുറത്തേക്കുമുള്ള വൈറസ് വ്യാപനം നമുക്ക് തടയാനാവൂ.
എന്തിനാണ് മാസ്ക് ധരിക്കുന്നത്?
നമ്മൾ മറ്റൊരാളുമായി അടുത്ത് ഇടപഴകുമ്പോൾ, അവരുടെ ഉച്ച്വാസവായുവിലൂടെ പുറത്തേക്ക് വരുന്ന വൈറസ് നമ്മുടെ ശരീരത്തിലേക്കോ, നമ്മുടെ ശരീരത്തിൽ നിന്ന് മറ്റുള്ളവരിലേക്കോ വ്യാപിച്ച് ഉണ്ടാവുന്ന അപകടസാധ്യതകൾ ഒഴിവാക്കുകയാണ് മാസ്ക് ധരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാൽ മുഖത്ത് ധരിക്കേണ്ട മാസ്ക് ബ്രാ പോലെ താടിക്ക് സപ്പോർട്ട് കൊടുക്കാൻ ഉപയോഗിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത് മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങുക തന്നെയാണ്. ഇതുമൂലം നമ്മെ ബാധിക്കുന്ന വൈറസ് നമ്മിലൂടെ മറ്റുള്ളവരിലേക്ക് അനായാസം പകരുന്നു. രോഗവ്യാപനം അതിവേഗത്തിൽ ഉണ്ടാവാൻ നമ്മൾ തന്നെ സാഹചര്യമൊരുക്കുന്നു.
ശ്രദ്ധിക്കുക, നമ്മുടെ ആരോഗ്യസംരക്ഷണത്തിനും, ജീവനും വേണ്ടി ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാതിരിക്കുകവഴി നിങ്ങൾ ചെയ്യുന്നത് സാമൂഹികദ്രോഹവും, നിയമപരമായ കുറ്റവുമാണ്. നഷ്ടം നിങ്ങൾക്ക് മാത്രമല്ല മുഴുവൻ സമൂഹത്തിനുമാണ്.
കൊറോണ വൈറസിനെതിരെ നമുക്ക് പടപൊരുതാം, ഉത്തമബോധ്യത്തോടെ...
- പ്രശാന്ത് എസ് പുഷ്പ
കൊറോണവൈറസ് | മാസ്ക് | കോവിഡ്-19