വീടുമാറി കയറിയ കാട്ടുപറമ്പിൽ പച്ചാളത്തെ തിരികെ വീട്ടിൽ എത്തിച്ച് യുവാവായ കുട്ടപ്പൻ മാതൃകയായി.

11:43 AM



വാർത്ത: ഇന്ന് രാവിലെ വീടുമാറി കയറിയ കാട്ടുപറമ്പിൽ പച്ചാളത്തെ തിരികെ വീട്ടിൽ എത്തിച്ച് യുവാവായ കുട്ടപ്പൻ മാതൃകയായി.

തലേ ദിവസം രണ്ടെണ്ണം അടിച്ച് ഞായറാഴ്ച രാവിലെ ഒന്ന് കിടന്നുറങ്ങാൻ നോക്കിയ പച്ചാളത്തിന്റെ പ്ലാൻ ആകെ പൊളിഞ്ഞു. നേരം വെളുത്താത്തപ്പോ പെണ്ണുംപിള്ള പതിവുപോലെ തുടങ്ങി, ദേ മനുഷ്യാ കാലത്തേ ചായ വേണേൽ പോയി പാല് മേടിച്ചിട്ട് വാ. എനിക്കിവിടെ പിടിപ്പത് പണിയുണ്ട്. ഇന്നലെ കൊണ്ടിട്ടത് ഉൾപ്പടെ തുണികൾ എല്ലാം അലക്കണം, മുറ്റമൊക്കെ ആകെ കൊടുമൂടി കിടക്കുന്നു. പിള്ളേർക്ക് കാപ്പി ഉണ്ടാക്കണം. കിടന്നുറങ്ങാതെ ഒന്ന് എണീറ്റ് പോകുന്നുണ്ടോ... പിന്നെ ഉച്ചക്ക് എന്തെങ്കിലും വേണമെങ്കിൽ വരുമ്പോൾ ഒരു കിലോ അരിയും കറി വെക്കാൻ വല്ലതും കൂടി വാങ്ങിക്കോ ഇവിടെ ഒന്നും ഇല്ല.

പട്ടിണി കിടക്കാൻ വയ്യാത്തതിനാൽ മറ്റു വഴികളില്ലാതെ ഏത് നേരതാണോ ഇവളെ വലിച്ച് തലയി വച്ചതെന്ന് ഭാര്യയെ ചീത്തയും പറഞ്ഞുകൊണ്ട് മനസ്സില്ലാ മനസ്സോടെ അയയിൽ കിടന്ന പച്ച കളസവും വലിച്ചുകേറ്റി പച്ചാളം ചെല്ലപ്പണ്ണന്റെ പലചരക്ക് കടയിലേക്ക് വച്ചുപിടിച്ചു. ഇന്നലത്തെ കിക്ക് അത്രക്കങ്ങു വിട്ടിട്ടില്ലാത്ത പച്ചാളം ഉറക്കപ്പിച്ചിൽ അരിയും പപ്പടം വറുക്കാനുള്ള എണ്ണയും കുളിക്കാൻ സോപ്പും വാങ്ങി പറ്റിപ്പുബുക്കിൽ കണക്കും എഴുതിച്ച് തിരികെ നടന്നു.



പുല്ലാണിമുക്കിൽ നിന്ന് തെക്കോട്ട് പോകേണ്ട പച്ചാളം വഴിതെറ്റി പടിഞ്ഞാറോട്ട് ഒറ്റ വിടൽ ആയിരുന്നു. അവസാനം വഴിതെറ്റി കുട്ടപ്പന്റെ വീട്ടിലെത്തി. ആരോടും ചോദിക്കാതെ കസേരയിൽ കയറി ഇരിപ്പുമായി. കുട്ടപ്പനെ വീട്ടിൽ കണ്ട പച്ചാളം ചോദിച്ചു, നീ എപ്പോ എത്തി? ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയിരുന്നു, വാ ഇരിക്ക്. ചായ കുടിച്ചിട്ട് പോവാം.

എടിയേ...
കുറ്റിക്കാട്ടിൽ തങ്കമ്മോ.. രണ്ട് ചായ ഇങ്ങെടുത്തോ.

പറഞ്ഞുകഴിഞ്ഞപ്പോഴാണ് താൻ ചായക്ക് പകരം എണ്ണയും സോപ്പുമാണ് വാങ്ങിയതെന്ന് പച്ചാളത്തിന് ഓർമ്മ വന്നത്.
അപ്പോഴേക്കും കുട്ടപ്പൻ പച്ചാളത്തിന് വീടും മാറിയ കാര്യം പറഞ്ഞറിയിച്ചു. ഇതുകൂടി കേട്ടപ്പോൾ പാമ്പുപിടിച്ചവനെ തവള കടിച്ചപോലെ ശോകമൂകനായി ഇരുന്ന പച്ചാളത്തെ സൽസ്സ്വഭാവിയും സൽഗുണ സമ്പന്നനും ആയ കുട്ടപ്പൻ തിരികെ വീട്ടിൽ എത്തിച്ചു.

ങാ.. നിങ്ങൾ എത്തിയോ മനുഷ്യാ, പിള്ളേരുണർന്നു പാലിങ്ങ് എടുത്തോ, കുട്ടപ്പൻ ചേട്ടാ ഇരിക്ക് ചായ കുടിച്ചേച്ചും പോവാം. തങ്കമ്മ പറഞ്ഞു.
ഉറക്കമുണർന്ന പിള്ളേരുടെ കലപില പിറകിൽ എവിടെയോ ഉയർന്നുകേട്ടു.

ഇല്ല പെങ്ങളെ, അൽപ്പം ധൃതയുണ്ട് എന്നുപറഞ്ഞു അവിടന്ന് സ്‌കൂട്ടായി തിരികെ സ്വന്തം വീട്ടിലേക്ക് നടന്നപ്പോൾ കുട്ടപ്പൻ ആലോചിച്ചു, പാലിന് പകരം എണ്ണയും, കേക്കിന് പകരം സോപ്പും. പച്ചാളത്തെ പെണ്ണുംപിള്ള എടുത്തിട്ട് അലക്കാണ്ടിരുന്നാൽ കൊള്ളാം..!!!


You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook