കാലങ്ങള്‍ കടന്ന ഓര്‍മ്മകള്‍ തേടി ശ്രീകുമാര്‍ സാറിനൊപ്പം...

11:11 AM



വലിയ പ്രതാപം ഒന്നുമില്ലാത്ത ബേക്കറി ജംങ്ഷനിലെ സ്കൂൾ ഓഫ് മൾട്ടിമീഡിയ എന്ന ലോകത്ത് നിന്ന് കൂട്ടുപിരിഞ്ഞ്‌ പലവഴി പോയശേഷം ലീവിന് വരുമ്പോഴൊക്കെ കാണാം വിളിക്കാം എന്നൊക്കെ പറഞ്ഞു പറ്റിച്ച് ഒടുക്കം കൊല്ലങ്ങൾക്ക് ശേഷം ഓൺലൈൻ വന്ന് കല്യാണം വിളിക്കാം എന്നും പറഞ്ഞ് പോയ ആളെ കാണുന്നത് കല്യാണം കഴിഞ്ഞ് പെണ്ണുംപിള്ളയുമായി ഉള്ള പടം പിടിച്ച് ഫെയ്സ്ബുക്കിൽ കൊണ്ടിട്ടപ്പോഴാണ്. അന്ന് ഇൻബോക്സിൽ പോയി ഭീഷണിപ്പെടുത്തിയപ്പോൾ പറയുവാ ഒന്നിനും സമയം കിട്ടിയില്ല, എല്ലാം പെട്ടന്നായിരുന്നത്രേ...!!

കുറേക്കാലം പറഞ്ഞുപറ്റിച്ച് വീണ്ടും അടുത്ത വരവിന് ഉറപ്പായും കാണാം എന്ന് ഒരുമാസം മുന്നേ പറഞ്ഞപ്പോതന്നെ ഉറപ്പിച്ചതാണ് ഇനിയുള്ള ലീവിന് ഈ മുതലിനെ വിടില്ല എന്ന്. നാട്ടിലേക്കുള്ള വരവും തുടർന്നുള്ള ദിവസങ്ങളിൽ ആസ്പത്രിയും കുഞ്ഞു ചെക്കന്റെ വരവും ഒക്കെയായി സാറിന് തിരക്കിന്റെ ദിവസങ്ങൾ ആയതിനാൽ തിരക്കുകൾ കഴിഞ്ഞുള്ള ഒരു ദിവസം അപ്പനെയും മോനെയും ഒരുമിച്ച് കണ്ടുകളയാം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്നും പുറപ്പെട്ട് പുള്ളിക്കാരന്റെ അടുത്തെത്തി. ‌അച്ഛനെയും അമ്മയെയും ചേട്ടനെയും ചേച്ചിയെയും കണ്ട് പരിചയപ്പട്ട ശേഷം ചെക്കാനുള്ള കാഴ്ചദ്രവ്യവും നല്കി ഞങ്ങൾ രണ്ടുംകൂടി എട്ടുപത്ത് കൊല്ലമായി പൂട്ടിയിട്ടിരുന്ന ഓർമകളുടെ ആ പഴയ മുറിയിലൊക്കെ ഒന്ന്‌ കയറിയിറങ്ങി. പൊടിപിടിച്ച് ചരിഞ്ഞുകിടന്ന ചില ചിത്രങ്ങളൊക്കെ തട്ടിക്കുടഞ്ഞെടുത്ത് തിരികെ ഭിത്തിയിൽ തൂക്കി കണ്ടാസ്വദിച്ചു കറങ്ങി നടക്കുമ്പോൾ ചേച്ചിയുടെ വക കമന്റ് ഈ പറയുന്നതൊക്കെ ഉള്ളതാണോ..??
അല്ലെന്ന് പറയാൻ നിർവാഹമില്ലാത്തതിനാൽ അതേ എന്ന് പറഞ്ഞ് വീണ്ടും ഓർമകളെ കുത്തിച്ചികഞ്ഞു.

ചപ്പും ചവറും ചികഞ്ഞു നീക്കിയപ്പോൾ തുരുമ്പുപിടിച്ച കമ്പികൾ തെറിച്ചു നിൽക്കുന്ന പൊടിയും ചെളിയും നിറഞ്ഞ കുറെ മൊട്ട തൂണുകളും തൂണിന് സൈഡിലെ കുഴിയിലെ മൂന്ന്‌ നില കെട്ടിടവുമൊക്കെ തെളിഞ്ഞുവന്നു. പതിയെ ഉള്ളിലേക്ക് കടന്നു റിസപ്ഷനിലൂടെ മൾട്ടിമീഡിയ ലാബിലൊക്കെ കറങ്ങി നടന്ന് സുലുവിന്റെ ക്യാമറയിൽ കുറെ ഫോട്ടോകൾ ഒക്കെ എടുത്ത് ഹാർഡ്‌വെയർ സെക്ഷനിലൂടെ പുറത്ത്‌ വരുന്നതിനിടക്ക് പരിചയമുള്ള കുറെയേറെ മുഖങ്ങൾ കുശലം പറഞ്ഞ് ചിരിച്ചുകളിച്ച് ഞങ്ങളെ കടന്നുപോയി. (അതിനിടയിൽ ചെറിയ ഒരു കരച്ചിൽ.. വേറാരുമല്ല സാറിന്റെ കുട്ടി തന്നെ. അച്ഛനെ കാണാത്ത ദേഷ്യമാവും..) അവരുടെ പിറകെ ബേക്കറി ജങ്ഷനിലെ ചായക്കടയിലേക്ക് നടന്നപ്പോൾ വീണ്ടും ചേച്ചിയുടെ ശബ്ദം.



വാ ചോറ് കഴിക്കാം...

ഭക്ഷണത്തോടുള്ള അതിയായ താത്പര്യം കൊണ്ടും എനിക്കുവേണ്ടി ആകാലചരമം പ്രാപിച്ച കോഴിയോടുള്ള ബഹുമാനം കൊണ്ടും ഇരുപ്പ് തീൻമേശയിലേക്ക് മാറ്റി. രാഷ്ട്രീയ സമകാലിക വിഷയങ്ങളെ വഴിത്തിരിച്ചുവിട്ട് പോപ്പോയിയുടെ ആഹാരമൊക്കെ കൊടുത്ത് കോഴിയോടുള്ള സ്നേഹപ്രകടനം കഴിഞ്ഞ്‌ കൈ കഴുകി വന്നപ്പോൾ ആണ് അറിയുന്നത് കോഴിയെ കറിയാക്കിയത് സാറാണെന്നും ഞാൻ ഏറ്റെടുത്തത് വലിയൊരു വെല്ലുവിളി ആയിരുന്നെന്നും. എന്തായാലും കറി കലക്കി.

ഭക്ഷണശേഷം മച്ചിന്റെ മുകളിലെ ചെറിയ പച്ചക്കറി തോട്ടം കാണാൻ പോകുന്ന വഴിക്ക് കണ്ട ബട്ടർഫ്‌ളൈ ചെടിയെ അപ്പോൾതന്നെ ബുക്ക് ചെയ്തു. മച്ചിൻപുറത്തൊക്കെ കറങ്ങി തിരിച്ചിറങ്ങി സൊറ പറച്ചിൽ ശക്തി പ്രാപിച്ചപ്പോൾ വീണ്ടും ചേച്ചി.. "ചായ കുടിക്കാം" അച്ഛനും സാറിനും ഒപ്പം ചായ കുടിക്കുന്ന കൂട്ടത്തിൽ കൊച്ച് ചെക്കൻ വീണ്ടും രണ്ട് വിളി വിളിച്ച് മതിയാക്കി. വീണ്ടും സാറുമായി ചർച്ച പുരോഗമിക്കുന്നു.. കുഞ്ഞു ചെക്കന്റെ വക ഇടക്ക് ഓരോ വിളിയും. ഞങ്ങളുടെ സംസാരത്തിനിടയിൽ അച്ഛൻ പോയി ബട്ടർഫ്‌ളൈ ചെടിയെ കുളിപ്പിച്ചൊരുക്കി യാത്രക്ക് പകമാക്കി നിർത്തി.

കുറെ നേരത്തെ വാചകമടികൂടി കഴിഞ്ഞ്‌ പടം പിടിക്കാൻ നേരം അയ്യോ ഞാനില്ല ഇതൊക്കെ നാളെ ഫെയ്സ്ബുക്കിൽ വരും എന്നും പറഞ്ഞ് ഗാലറിയിൽ ഇരുന്ന് ഷൂട്ടിങ് കണ്ട ചേച്ചിയേയും വീണ്ടും ബഹളം ഉണ്ടാക്കിയ കുഞ്ഞിചെക്കനേയും പത്ത് കൊല്ലത്തെ ഓർമകളെയും സ്നേഹം നിറഞ്ഞ പുതുമുഖങ്ങളെയും പിന്നിലാക്കി എന്നോടൊപ്പം പുറപ്പെടാൻ തയാറായി നിന്ന ബട്ടർഫ്‌ളൈ കുഞ്ഞിനെയും കൈയിൽ എടുത്തുകൊണ്ട് തിരികെ വീട്ടിലേക്ക്. ഇതിലും ഭേദം പടം പിടിക്കലായിരുന്നു എന്ന് തോന്നുന്നു എങ്കിൽ ഐ ആം ദി സോറി ചേച്ചീ...



യാത്രയാക്കാൻ വന്ന സാറിനോട് വീണ്ടും യാത്ര പറയുമ്പോൾ പിന്നെയും എന്തൊക്കെയോ വിട്ടുപോയ പോലെ. കാലങ്ങൾക്കിപ്പുറം ഓരോ കൂടിക്കാഴ്ചകൾക്കും പറയാൻ നൂറു കഥകൾ ഉണ്ടാവും. അവയുടെ മധുരം വ്യക്തികൾ തമ്മിലുള്ള ആത്മബന്ധം പോലെ ഏറിയും കുറഞ്ഞുമിരിക്കും. ഈ കൂടിക്കാഴ്ച അതിമധുരം...

സ്മരണ: എനിക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച അപരിചിതനായ കോഴിയോടും, എക്കാലത്തെയും പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായ Sreekumar Haripad സാറിനോടും, ഒരു ദിവസം മുഴുവനും എന്നെ സഹിച്ച കുടുംബത്തോടും എന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളുന്നു...

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook