കൊലപാതക രാഷ്ട്രീയം അഥവാ രാഷ്ട്രീയ കൊലപാതകം.
11:30 AM
രാഷ്ട്രീയം... പണ്ട് പഠിച്ചിരുന്നത് രാഷ്ട്രത്തെ കുറിക്കുന്നത് എന്നാണ്. ഇന്നതിന്‍റെ നിർവചനം മാറിയിരിക്കുന്നു. നേതാക്കൾക്ക് വളരാൻ വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ബുദ്ധിയോ വിവേകമോ ഇല്ലാത്ത അണികളും അവരെ ഉപയോഗിച്ച് സ്വന്തം കാര്യങ്ങൾ വെടിപ്പാക്കുന്ന നേതാക്കളും ചേർന്ന പല കൂട്ടം രാഷ്ട്രീയ പ്രവർത്തകർ. ഈ നേതാക്കൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ കൂടുന്നതനുസരിച്ച് അണികൾക്ക് ബുദ്ധി നശിക്കുകയും നേതാവിനോടുള്ള രാജഭക്തി കൂടുകയും ചെയ്യുന്നു. ഇന്ന് രാഷ്ട്രീയം നേതൃത്വവികാസത്തെ കുറിക്കുന്ന ഒന്നാണ്.
ഓരോ വെട്ടും കുത്തും കൊണ്ട് ഇനി ജീവിതത്തിലേക്ക് മടങ്ങി വരാത്ത വിധമുള്ള സഹ രാഷ്ട്രീയ പ്രവർത്തകന്‍റെ അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ടാവുക സ്വാഭാവികം. ആ വിഷമം പക്ഷേ കുറച്ച് കഴിയുമ്പോൾ ഒരു കുപ്പി മദ്യത്തിനും കുറെ കടിച്ചുപറികൾക്കും ഒടുവിൽ പ്രതിഷേധവും തിരികെയുള്ള പ്രതികാരവുമായി രൂപാന്തരം സംഭവിക്കുമ്പോൾ നിങ്ങളിലെ മനുഷ്യൻ എവിടെയാണ് നിങ്ങളുടെ രാഷ്ട്രീയം എന്താണ് എന്ന് ഓരോ പാർട്ടി അണികളും ആലോചിക്കണം. ഇന്ന് ഒരാളെങ്കിൽ നാളെ അത് കൂടിയിരുന്ന് ആലോചിക്കുന്ന നിങ്ങളിൽ ആരുമാകാം. പാർട്ടിക്ക് ആവശ്യം രക്തസാക്ഷി മാത്രം (കൊടിയുടെ നിറമോ പാർട്ടിയോ ബാധകമല്ല). അണിയറയിൽ നേതാക്കൾ എല്ലാം സുഹൃത്തുക്കളും പങ്കുകച്ചവടക്കാരും ആണ്. എന്നുള്ളത് ഓരോ അണികളും മനസിലാക്കണം.
നിങ്ങളുടെ നേതാവിന്‍റെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഒരാളെ കൊല്ലണം എന്ന് ഒരു നേതാവ് കല്പിച്ചാൽ സംശയമില്ലാതെ പറയാം ആ നേതാവ് അധികാരമോഹി മാത്രമാണ്. നിങ്ങൾ അണികളെ ഉൾപ്പെടെ അയാൾ വഞ്ചിക്കുകയാണ്.
കമ്യൂണിസം ഇഷ്ടമാണ്, എന്നുകരുതി ഞാൻ കമ്യുണിസ്റ്റ് അല്ല. ഇടതോ വലതോ സംഘിയോ സുടാപ്പിയോ അല്ല ആവാൻ താൽപര്യവും ഇല്ല. എന്‍റെ രാഷ്ട്രീയം മനുഷ്യത്വപരമാണ്. ഒരു നേതാവിനെയും ആരാധിക്കുന്നതുമില്ല, അതിനാല്‍ത്തന്നെ നല്ല പ്രവർത്തനം ആര് ചെയ്താലും നല്ലതാണ് എന്നു പറയാന്‍ മടിയും ഇല്ല.
കൊലപാതക രാഷ്ട്രീയം നാടിന്‍റെ ശാപമല്ല അണികളുടെ ബോധമില്ലാത്ത രാജഭക്തിയുടെ ഉപ ഉത്പന്നമാണ്. ഓരോ അണികളും (കോണ്ഗ്രസ്, കമ്യൂണിസ്റ്റ്, ബിജെപി, ലീഗ് എന്നിങ്ങനെ എന്തുമാവട്ടെ) തീരുമാനിച്ചാൽ ഇവിടെ രാഷ്ട്രീയ കൊലപാതകമോ കൊലപാതക രാഷ്ട്രീയമോ ഉണ്ടാവില്ല. നേതാക്കള്‍ ഇട്ടുതരുന്ന എച്ചികാശും, കള്ളും, പെണ്ണും, കഞ്ചാവും ഉള്‍പടെ വാങ്ങി സന്തോഷിച്ച് കൂടെ ഉള്ളവനെ (എതിര്‍ പാര്‍ട്ടി അണിയെ) കുത്തി മലര്‍ത്തുന്നതിന് മുന്‍പ് ആലോചിക്കുക ഇതുപോലെയാണോ നിങ്ങളുടെ നേതാവിന്‍റെ ജീവിതം എന്ന്... നിങ്ങളുടെ നേതാവിന്‍റെ ഏഴയലത്ത് വരുമോ നിങ്ങളുടെ കുടുംബത്തിന്‍റെ അടുത്ത സുഹൃത്തുക്കളുടെ ജീവിതം എന്ന്.
ആവില്ല....
വെട്ടും കുത്തും കൊണ്ട് രക്തസക്ഷിയാവുന്ന ഓരോ അണികള്‍ക്കും കാത്തിരിക്കാന്‍ വീട്, കുടുംബം, അമ്മ, അച്ഛന്‍, മക്കള്‍ കാമുകി, സുഹൃത്തുക്കള്‍ എന്നിങ്ങനെ പലരും ഉണ്ടാവും. കൂടെ കൊടി പിടിക്കാന്‍ നടക്കുന്ന ഒരുത്തനും അവരോളം വിഷമം ഉണ്ടാവില്ല. കണ്ട നേതാക്കള്‍ക്ക് വേണ്ടി തമ്മില്‍ തല്ലി ചാവാന്‍ നടക്കാതെ നിങ്ങളെ വേണ്ടവര്‍ക്ക് വേണ്ടി ജീവിക്കൂ...
ചിന്തിക്കൂ... മണ്ടന്മാരായ അണികളേ, നിങ്ങൾ നിങ്ങളുടെ സമാനനായ ഒരുവനെ വെട്ടി കൊല്ലുന്നത് ഏതോ ഒരു കള്ളന്‍റെ കള്ളത്തരം മറച്ചുവെക്കാൻ വേണ്ടിയല്ലേ...!!!
രാഷ്ട്രീയം | അധികാരം
അഭിപ്രായങ്ങളൊന്നുമില്ല: