അപ്രതീക്ഷിതമായി ഒരു ദിവസം സ്വപ്നയുടെ വക മെസ്സേജ് ഇൻബോക്സിൽ കണ്ട ഞാൻ ആദ്യം ഞെട്ടി...

11:43 AM



ചില സൗഹൃദങ്ങൾ ഓൺലൈൻ ആയാലും അല്ലെങ്കിലും പിടിവിട്ടുപോകാതെ ഉള്ളിലെ ചുവരുകൾക്കുള്ളിൽ കിടന്ന് കറങ്ങും. അല്ലെങ്കിൽ ഇളകി പോകാതെ അവിടെ പറ്റിപ്പിടിച്ചിരിക്കും, ആന പിടിച്ചാലും ഇളക്കാത്ത പഴയ ഫെവിക്കോളിന്‍റെ പരസ്യം പോലെ. അതിൽ ചിലതാണ് മിനിച്ചേച്ചിയും, സ്വപ്ന അഗസ്റ്റിനും, മായചേച്ചിയും.

മറ്റുള്ള രണ്ടാളെയും അറിയുന്നതിനും മുന്നേ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങൾ വഴി വർഷങ്ങൾക്ക് മുന്നേ അറിയുന്നത് സ്വപ്ന അഗസ്റ്റിൻ എന്ന ഈ വർണ്ണങ്ങളുടെ രാജകുമാരിയെക്കുറിച്ചാണ്. എന്നെങ്കിലും ഒരിക്കൽ പരിചയപ്പെടണം എന്ന അതിയായ ആഗ്രഹം അന്നേ ഉണ്ടായിരുന്നെങ്കിലും സാഹചര്യവശാൽ ഏതോ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുവഴി ആദ്യമായി പരിചയപ്പെടുന്നത് മായക്കുട്ടിയെ (മായചേച്ചിയെ) ആണ്.

വിധി എന്ന രണ്ടക്ഷരം രോഗമെന്ന അവസ്ഥയിലൂടെ ഒരു കട്ടിലിന്‍റെ നാല് കാലിനുള്ളിലെ പരിമിതമായ സ്ഥലത്തേക്ക് മായചേച്ചിയെ തള്ളിയിട്ടിട്ടും അടിപതറാതെ ദാനമായി കിട്ടിയ കൈകളുടെ അല്പമാത്രമായ ചലനത്തിലൂടെ തന്‍റെ ഉള്ളിലുള്ള വിശാലമായ ലോകത്തെ, ലോകത്തിന്‍റെ ക്രൂരതകളോടുള്ള തന്‍റെ പ്രതിഷേധത്തെ, ലോക വിസ്മയങ്ങളോടുള്ള അത്ഭുതത്തെ, സ്നേഹത്തെ ആശങ്കകളെ ഒക്കെ സ്വന്തം എഴുത്തിലൂടെ പലരുടെയും മനസിൽ കോറിയിട്ട് ഈ വിശാലമായ ലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ എന്‍റെ പ്രിയപ്പെ മായക്കുട്ടിയും,



മായക്കുട്ടിയുടെ രണ്ടാമത്തെ പുസ്തക പ്രകാശനത്തിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നതുകൊണ്ട് അത് നിഷേധിക്കുക തരമില്ലായിരുന്നു. മായക്കുട്ടിയെ നേരിൽ കാണാൻ ഉള്ള അവസരം കൂടി ആയതിനാൽതന്നെ ആ ചടങ്ങിൽ വളരെ സന്തോഷത്തോടെ പങ്കെടുത്തു. ആ ചടങ്ങിൽ നിന്നും കിട്ടിയതാണ് മിനിച്ചേച്ചിയെ. കിട്ടിയത് അവിടെനിന്നാണെങ്കിലും ഇതുവരെ നേരിൽ കാണാൻ സാധിച്ചില്ല പക്ഷേ "വരാനുള്ളത് വഴിയിൽ തങ്ങിയാലും സുക്കർ ബ്രോ കൊണ്ടത്തരും" എന്നാണല്ലോ ശാസ്ത്രം.

വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മുതിർന്നവരും പ്രായമായവരുമായ ദുർബലരായ ആളുകൾക്ക് തന്റേതായ സഹായങ്ങൾ എത്തിച്ചുനല്കാനും, വിവിധ സേവനങ്ങൾ നേടിയെടുക്കാൻ അവരെ സഹായിക്കാനും, ആശുപത്രി, ചികിത്സ തുടങ്ങി അവർക്കാശ്വാസം പകരാനുള്ള തന്നെക്കൊണ്ട് ആവുന്ന ചെറുതോ വലുതോ ആയ സഹായങ്ങൾ ആവശ്യമുള്ളവർക്കായി എപ്പോഴും സമയം കണ്ടെത്താറുള്ള, ഒരു കുഞ്ഞനുജനെപ്പോലെ എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ എന്നെ ചേർത്തുനിർത്തുന്ന മിനിച്ചേച്ചിയും,

ഒരിക്കൽ എന്നെങ്കിലും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും പിന്നെ അവസരങ്ങൾ ഇല്ലാതെ സ്വാഭാവികമായി വന്നുചേർന്ന തിരക്കുകളിൽ മറന്നുപോയ സ്വപ്നയെ പിന്നീട് ഞാൻപോലും അറിയാതെ എന്‍റെയടുത്ത് കൊണ്ടെത്തിച്ചത് മിനിച്ചേച്ചിയാണ്. അതിനും അവസരം ഉണ്ടാക്കിയത് സുക്കർ ബ്രോ തന്നെ...

എന്‍റെ ബ്രോ നിങ്ങൾ കൊല മാസ്സ് ആണ്.



അപ്രതീക്ഷിതമായി ഒരു ദിവസം സ്വപ്നയുടെ വക മെസ്സേജ് ഇൻബോക്സിൽ കണ്ട ഞാൻ ആദ്യം ഞെട്ടി. പിന്നെയാണ് അതിന് കാരണം മിനിച്ചേച്ചി ആണെന്ന് അറിയുന്നത്. അതിന് പ്രത്യേക നന്ദി ഞാൻ പറഞ്ഞാൽ മിനികുമാരിക്ക് ഇച്ചിരി പൊക്കം കൂടും എന്നതിനാൽ പറയുന്നില്ല.

വിടരാൻ തുടങ്ങും മുൻപേ ചിറകുകൾ നഷ്ടപ്പെട്ടിട്ടും അതിൽ തളരാതെ തന്‍റെ സ്വപ്നച്ചിറകുകൾ വീശി സ്വപ്ന പറന്നുയർന്നത് വർണ്ണങ്ങളുടെ വിസ്മയ ലോകത്തേക്കാണ്. ഇരുകൈകളും നഷ്ടമായെങ്കിലും അസാമാന്യ വൈഭവത്തോടെ കാലുകൾ കൊണ്ട് ചിത്രങ്ങൾ വരക്കാൻ സ്വപ്ന ശീലിച്ചപ്പോൾ അവിടെ തോറ്റത് വിധിയോ ഇതൊക്കെ വിധി എന്ന് എഴുതിതള്ളിയ മനുഷ്യരോ എന്നതിൽ മാത്രമേ സംശയമുള്ളൂ. ഇതിനോടകം എണ്ണമറ്റ ചിത്രങ്ങൾ തന്‍റെ കാൽകീഴിൽ പിറന്നുവീണപ്പോൾ സ്വപ്ന പിടിച്ചുയർത്തിയത് ഒരായിരം മനുഷ്യരുടെ ആത്മവീര്യത്തെകൂടിയാണ്. പരിചയപ്പെട്ട അന്നുമുതൽ കഴിയുന്ന എല്ലാ ദിവസങ്ങളിലും എന്നോട് അടികൂടാൻ വരുന്ന എന്‍റെ സ്വപ്ന അമ്മൂമ്മയും, (അമ്മൂമ്മ കോണ്ടസ്റ്റ്‌ ജയിച്ചതിന്‍റെ ബിരിയാണി മറക്കണ്ട... ഞാൻ വരുന്നുണ്ട്..)

ഇങ്ങനെ ഒന്നിൽ തൊട്ട് അടുത്തിലേക്ക് സൗഹൃദങ്ങൾ വളരുകയാണ്. കാഴ്ചകൾക്കും സ്വാർഥമായ ചിന്തകൾക്കും അപ്പുറത്തേക്ക്. ഹൃദയവിശാലമായ മറ്റൊരു മേഖലയിലേക്ക്....

ഇന്നലെ എറണാകുളത്തിന്‍റെ രണ്ട് വേദികളിലായി ഈ മൂന്നുപേർ ഐകോണിക് വുമൺ എന്ന പേരിൽ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ആ വേദിയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത ചില തിരക്കുകളിൽ കണ്ണിനും മനസിനും ഒരുപോലെ നിറവേകുന്ന കാഴ്ചകൾ നഷ്ടമായപ്പോൾ അവ നൽകുന്ന വേദന ആഴമേറിയതാണ്. എങ്കിലും ഈ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച സന്തോഷവും പറഞ്ഞറിയിക്കാവുന്നതിലും വളരെയേറെ വലുതാണ്...

ഈ വുമൺസ് ഡേ ഞാൻ ഇവർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

വെത്യസ്തങ്ങളായ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന ഈ മൂന്ന്പേരെയും എനിക്ക് സുഹൃത്തുക്കളായി തന്നത് സുക്കർ ചേട്ടൻ ആണ്.

ഇങ്ങക്ക് പെരുത്ത് നന്ദിയുണ്ട് ബ്രോ...!!

സൗഹൃദം | സ്നേഹം | വനിതാദിനം


You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook