അവളുടെ ഞെരക്കവും മൂളലും ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല; മരണത്തിന്‍റെ ആദ്യത്തെ നേർക്കാഴ്ച അതായിരുന്നു....!!!

8:35 PM



ഉറക്കത്തിനിടയില്‍ ചങ്ക് തകർക്കുന്ന ആ നിലവിളി കേട്ട് അവിടേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ കാണുന്നത് പൊള്ളലേറ്റ് പകുതിയിലേറെ വെന്തുപിളർന്ന ശരീരവുമായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്.

വീട്ടിൽ നിന്ന് നട്ടപ്പാതിരായ്ക്ക് പക്ഷാഘാതം വന്ന് ഒരുവശം തളർന്ന രോഗിയെയും താങ്ങിക്കൊണ്ട് കിട്ടിയ വണ്ടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്ന് കയറിയതാണ്. വീട്ടില്‍ തലേ ദിവസം രാത്രി കിടക്കുംവരെ ഒരു കുഴപ്പവും ഇല്ലാതെ കാര്യം പറഞ്ഞുകൊണ്ടിരുന്ന മനുഷ്യന്‍ കിടന്ന് കണ്ണില്‍ ഉറക്കം പിടിച്ചപ്പോള്‍ വിളിച്ച് പറയുന്നു,

എനിക്ക് കൈകള്‍ തളരുന്നപോലെ തോന്നുന്നു... അല്‍പസമയത്തിനകം സംസാരവും ഇല്ലാണ്ടായി.

ആലോചിച്ച് നിൽക്കാൻ സമയവും സവകാശവും ഇല്ലാത്ത അവസ്ഥ. കൈയില്‍ മൊബൈലോ വീട്ടില്‍ ലാന്‍ഡ്‌ ഫോണോ ഇല്ലാത്തസമയം. ഓടിപോയി അടുത്ത വീട്ടുകാരെ വിളിച്ചുണര്‍ത്തി അറിയാവുന്ന വണ്ടി ഉള്ളവരെ മുഴുവന്‍ വിളിച്ച് വിവരം പറഞ്ഞപോള്‍ രാത്രിയില്‍ വണ്ടിയുമായി വരാന്‍ ആരും തയാറല്ല. പിന്നെ പിന്നെ ഓട്ടം അല്പമകലെയുള്ള മറ്റൊരു വീട്ടിലേക്കായിരുന്നു. ഓടിച്ചെന്ന് അവിടെയുള്ളവരേയും വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ വണ്ടി അവിടെയില്ല ഡ്രൈവറുടെ വീട്ടില്‍ ആണെന്ന മറുപടി കിട്ടി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് അന്ധാളിച്ചു നിന്ന എന്നെ കണ്ടിട്ടോ കുറച്ച് മനസാക്ഷിയുള്ള കൂട്ടത്തിൽ ആയതിനാലോ അവർ ഉടന്‍ തന്നെ ഡ്രൈവറെ വിളിച്ച് വേഗം വണ്ടിയുമായി എത്താന്‍ പറഞ്ഞു. പകല്‍ മുഴുവന്‍ ഓട്ടം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ആ മനുഷ്യന്‍ ഇരുപത് മിനിറ്റിനകം വണ്ടിയുമായി എത്തി. ഈ സമയം കൊണ്ട് അത്യാവശ്യം എടുക്കാനുള്ള എന്തൊക്കെയോ വാരിപെറുക്കി വണ്ടിയില്‍ കയറി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക്.

ആശുപത്രിയില്‍ ചെന്ന് കയറിയപാടെ അവിടെയുള്ള തിക്കും തിരക്കും ഒക്കെ കണ്ട് കുറച്ചൊന്ന് പരിഭ്രമിച്ചു. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയാത്ത ഒരു പതിനാറുകരന്‍റെ അവസ്ഥ. ഒടുവിൽ കൂടെ ഉണ്ടായിരുന്ന ഡ്രൈവറുടെ സഹായത്തോടെ ഡോക്ടറെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്ന് പരിശോധിപ്പിച്ച് കുറിപ്പടികൾ എഴുതി വാങ്ങി. അപ്പൊഴേക്കും അടുത്ത ദിവസത്തേക്ക് ഏറ്റിട്ടുള്ള ഓട്ടം ഉള്ളതിനാല്‍ ഡ്രൈവര്‍ പോകാനൊരുങ്ങി.

ഇനി എന്താ ചെയ്യുക, മറ്റുവഴികൾ ഇല്ലല്ലോ ഓടുക തന്നെ...

ആശുപത്രിയില്‍ ചെന്ന് കയറിയതുമുതൽ രോഗിയെയും കൊണ്ട് ഓരോ നിലകളും കയറി ഇറങ്ങി സ്കാനിങ്ങും മറ്റു ടെസ്റ്റുകളും പിന്നെ അതിന്‍റെ റിസള്‍ട്ട്‌ വാങ്ങാലും എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ എന്തോ മരുന്ന് നിറച്ച ഡ്രിപ്പ് കൂടി കൊടുത്തിട്ട് മൂന്ന് മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കട്ടെ എന്ന് ഡോക്ടര്‍ പറയഞ്ഞു. ബെഡുകള്‍ ഒന്നും ഒഴിവില്ല തൽകാലം സ്ട്രക്ചറിൽതന്നെ കിടക്കട്ടെ, നേരം വെളുത്ത ശേഷം ബെഡിലേക്ക് മാറ്റാമെന്നുകൂടി പറഞ്ഞപോള്‍ സമ്പൂര്‍ണമായി. വേറെ എന്ത് ചെയ്യാനാണ് ബെഡിലും പുറത്തു തറയിലുമായി കിടക്കുന്ന രോഗികളിൽ ആരെയാണ് മാറ്റി കിടത്തേണ്ടത്... അപ്പോഴേക്കും സമയം ഏകദേശം നാല് ഒക്കെ കഴിഞ്ഞിട്ടുണ്ടാകണം.

രാത്രി മുഴുവൻ ഉറങ്ങാതെയുള്ള ഓട്ടപ്പാച്ചിലിൽനൊടുവിൽ അത്യാഹിത വിഭാഗത്തിലെ തിരക്കുകളുടെ ഏതോ ഒരു മൂലയിൽ അതേ സ്ട്രക്ചറിൽ തന്നെ ചാരിനിന്നു. മുഴുവന്‍ ബഹളത്തിനിടയിലും ക്ഷീണം കാരണം അറിയാതെ ഒന്നു മയങ്ങി വന്നപ്പോഴാണ് ആ നിലവിളി കേൾക്കുന്നത്.

ഉറക്കത്തിനിടയില്‍ ചങ്ക് തകർക്കുന്ന ആ നിലവിളി കേട്ട് അവിടേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ കാണുന്നത് പൊള്ളലേറ്റ് പകുതിയിലേറെ വെന്തുപിളർന്ന ശരീരവുമായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. പെണ്കുട്ടിയുടെ കൂടെ ഉള്ള സ്ത്രീയാണ് അലമുറയിട്ട് കരയുന്നത്. അവർ പെണ്കുട്ടിയുടെ അമ്മയാണെന്ന് പിന്നീട്‌ മനസിലായി. തീപ്പൊള്ളല്‍ ഏറ്റതാണെന്ന് വ്യക്തം. ആ കിടപ്പിലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വെന്തു വികൃതമായ ആ മുഖത്തെ ഭാവമോ അവൾ പറയുന്നതോ ആർക്കും മനസിലാവുമായിരുന്നില്ല. ഒരുപക്ഷേ എന്നെ രക്ഷിക്കണേ എന്നാവാം അവൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നത്.

അവൾ ഇടക്കിടെ കൈകൾ അനക്കുവാനും മറ്റും ശ്രമിക്കുമ്പോൾ അസ്തിയിൽ നിന്ന് മാംസം വിട്ടുമാറുന്നത് ശ്വാസമടക്കി കണ്ട് നിൽക്കാനേ സാധിക്കുമായിരുന്നുള്ളൂ. അമ്മയുടെ നിലവിളി അധികമായപ്പോള്‍ ഡോക്ടറുടെ ആവശ്യപ്രകാരം കൂടെ വന്ന രണ്ടുപേര്‍ അവരെ അവിടെനിന്നും പുറത്തേക്ക് കൊണ്ടുപോയി. ഡോക്ടർമാരും രാത്രി ഡ്യൂട്ടിയിൽ ഉള്ള മെഡിക്കൽ സ്റ്റുഡൻസും പരിശോധനക്കായി പെണ്‍കുട്ടിയുടെ കൂടെ വന്നവരെയൊക്കെ മാറ്റി നിർത്തി.

മാറി നിന്നവരുടെ സംസാരം കേട്ടതില്‍ നിന്ന് അറിയാൻ കഴിഞ്ഞത് പ്രണയം വീട്ടിൽ എതിർത്തതിന്‍റെ പേരിൽ പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്നാണ്. ആകെ അപ്പനും അമ്മയ്ക്കും ഒരു മോളാണ്. കല്യാണം നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ ഒരുക്കമല്ലായിരുന്നു. പെങ്കൊച്ച് ആ ദേഷ്യത്തിന് കാട്ടിയ പണി ഇതും. ഡോക്ടർക്ക് പ്രാഥമിക നിഗമനത്തിൽതന്നെ കാര്യങ്ങൾ മനസിലായിട്ടുണ്ടാവും വിദ്യാർത്ഥികളോട് എന്തൊക്കെയോ പറയുന്നുണ്ട്. ചിലർ തലകുലുക്കി മറുപടി നല്‍കുമ്പോള്‍ ആ കൂട്ടത്തില്‍ ഇതൊക്കെ കണ്ട് പകച്ചുനിൽക്കുന്ന വിദ്യാർത്ഥികളെയും അന്ന് ഞാനവിടെ കണ്ടു. ഡോക്ടര്‍ തിരികെ റൂമിലേക്ക് പോയി അഞ്ചുമിനിറ്റ് തികയില്ല ഞാനുൾപ്പെടെ അവിടെയുള്ളവർ നോക്കിനിൽക്കേ ആ ഞെരക്കം അവസാനിച്ചു..

അവളുടെ ഞെരക്കവും മൂളലും ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. മരണത്തിന്‍റെ ആദ്യത്തെ നേർക്കാഴ്ച അതായിരുന്നു....!!!

"എല്ലാം കഴിഞ്ഞു" എന്ന് കൂടെവന്നവർ ആരോടോ വിളിച്ച് പറയുമ്പോൾ തൊട്ടപ്പുറത്ത് പെങ്കൊച്ചിന്‍റെ അപ്പനും നില്പുണ്ടായിരുന്നു. ഒന്നും മിണ്ടാനോ പറയാനോ കഴിയാത്ത അവസ്ഥയിൽ നിറഞ്ഞ കണ്ണുകളോടെ.

അല്പനേരത്തെ സ്വാർഥത ആ അപ്പനും അമ്മയും മാറ്റി വച്ചിരുന്നുവെങ്കിൽ, ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താതെ സ്നേഹിച്ച പയ്യനുമായി അന്നവൾ നാടുവിട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്നും അവൾ എവിടെയെങ്കിലും ജീവിച്ചിരിക്കുമായിരുന്നില്ലേ...

അവള്‍ കിടന്നിരുന്ന സ്ട്രക്ചര്‍ അവിടെനിന്നും തള്ളിനീക്കുമ്പോള്‍ ഞാന്‍ പതിയെ പഴയ സ്ട്രക്ച്ചറിനരികിൽ എത്തി. അപ്പോഴും മറ്റൊരു ജീവന്‍റെ നിലനിൽപ്പിനായി ആ ഡ്രിപ്പ് തുള്ളികളായി ഞാൻ കൊണ്ടുപോയ രോഗിയുടെ ശരീരത്തിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു... ജീവന്‍റെ തുള്ളികള്‍ പോലെ...

ജീവിതം | ആശുപത്രി | മരണം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook