ആരാണ് ഞാൻ, എന്താണ് എന്റെ വ്യക്തിത്വം? "എന്റെ" എന്നതിലെ പൊസ്സസ്സീവ്നസ്സ്‌ എങ്ങനെ പ്രവർത്തിക്കുന്നു?

7:36 PM



ആദ്യമായി 'ഞാൻ' എന്നത് കേവലമൊരു വ്യക്തിയാണോ..??

ആണെന്ന് ഞാൻ പറയും, എത്ര ലളിതമാക്കുന്നുവോ അത്രയും സങ്കീർണമാകുന്ന ഒരായിരം വ്യക്തികളുടെ ഒരുമിച്ചുള്ള കൂട്ടമാണ് ഞാൻ എന്ന വ്യക്തി.

വിശദമായ താരതമ്യ പരിശോധന നടത്തിയാൽ 'ഞാൻ' എന്നത് "വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത വ്യക്തികളോട് വ്യത്യസ്ത സമയങ്ങളിൽ എന്നിലുണ്ടാവുന്ന മാനസികവിചാരങ്ങൾക്കും, പ്രതികരണത്തിനും ആ സമയങ്ങളിൽ മറ്റുള്ളവർക്ക് എന്നോടുള്ള മനോഭാവത്തിന് അനുസൃതമായും" അതേസമയം "ഒരേ വ്യക്തിയോടുതന്നെ വ്യത്യസ്‌ത സമയങ്ങളിൽ, വ്യത്യസ്ത വിഷയങ്ങളിൽ ഇടപെടുന്ന എന്റെ വ്യത്യസ്തങ്ങളായ സ്വഭാവങ്ങൾക്കും അവർക്ക് തിരികെ അതിനോടുള്ള സമീപനത്തിന് അനുസൃതമായും" കൂടാതെ "വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വിഷയങ്ങളാൽ സ്വയം മാറിക്കൊണ്ടിരിക്കുന്ന വ്യത്യസ്‌ത മാനസികാവസ്ഥകൾ മൂലം എന്നിൽ ഉടലെടുക്കുന്നതുമായ" നൂറായിരം വ്യത്യസ്ത വ്യക്തികളുടെ ആകെത്തുകയാണ് യഥാർത്ഥ ഞാൻ.

ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഓരോ വ്യക്തികളോടും വ്യത്യസ്തമായ രീതിയിൽ പെരുമാറുന്ന പലതരത്തിലുള്ള വ്യക്തികളുടെ ഒരു കൂട്ടമാണ് ഞാൻ. നിങ്ങൾ കാണുന്ന അറിയുന്ന മനസിലാക്കുന്ന ഞാനല്ല മറ്റൊരാളുടെ ഞാൻ. ഉദാഹരണത്തിന് എനിക്ക് ചുറ്റിലുമുള്ള ആയിരം ആളുകളെ പരിഗണിച്ചാൽ അവിടെ ആയിരം ഞാനും ഉണ്ട്. വീണ്ടും ലളിതമാക്കിയാൽ എനിക്ക് ചുറ്റിലുമുള്ള ആയിരം പേരോടും ഒരേ തരത്തിലുള്ള ബന്ധമാവില്ല അല്ലെങ്കിൽ ഒരേ തരത്തിലുള്ള സമീപനമാവില്ല എനിക്കുള്ളത്. ആ കൂട്ടത്തിൽ അച്ഛൻ, അമ്മ, കാമുകൻ, കാമുകി, സുഹൃത്തുക്കൾ, സഹോദരൻ, സഹോദരി, ഭാര്യ, അമ്മാവൻ, അമ്മായി തുടങ്ങി പല ബന്ധങ്ങൾ ഉണ്ടാവാം അവയൊന്നും തന്നെയല്ല പറഞ്ഞുവന്നത്.

ഈ പറഞ്ഞ ബന്ധങ്ങളിൽ ഒരെണ്ണത്തിനെ മാത്രം സൂക്ഷ്മമായി പരിശോധന നടത്തിയാൽ, ഉദാഹരണത്തിന് സുഹൃത്തുക്കളെ/പ്രണയിതാക്കളെ പരിഗണിക്കാം. എന്റെ ചുറ്റിലുമുള്ള 150 സുഹൃത്തുക്കൾ എനിക്ക് ഒരുപോലെ ആവില്ല (ആണെന്ന് വാദിക്കുന്നവർ ഉണ്ടെങ്കിൽ വീണ്ടും സൂക്ഷ്മപരിശോധന നടത്തുക). എനിക്ക് അവർ 150 പേർ ആണെന്നതുപോലെ തന്നെ അവർക്ക് ഞാനും തിരികെ ഈ പറഞ്ഞ 150 പേർ തന്നെയാണ്. ഈ പറഞ്ഞ 150 സുഹൃത്തുക്കളിൽ ഒരാളോട് ആകർഷണം തോന്നുന്ന അതേ കാരണമാവില്ല മറ്റുള്ളവരോട്, അയാളോട് സംസാരിക്കുന്ന രീതിയാവില്ല മറ്റൊരാളോട്. അഥവാ ആണെങ്കിൽ മാനസികമായി അതേ സ്ഥാനമാവണമെന്നില്ല അയാൾക്ക്. അതുപോലെ ഞാനെന്ന വ്യക്തിയുടെ ഒരേ കാര്യമോ, സ്വഭാവഗുണമോ, കഴിവോ, മികവോ ആവില്ല ചുറ്റിലുമുള്ള എല്ലാവർക്കും ഇഷ്ടമാവുന്നതോ അവരെ എന്നിലേക്ക് ആകർഷിക്കുന്നതോ.

അതേസമയം ഈ പറഞ്ഞ ആയിരം ആളുകളോട് ആയിരം തരം ബന്ധങ്ങൾ ഉള്ള ഞാൻ ശരിക്കും ആയിരം മാത്രമാണോ...??

എന്റെ അഭിപ്രായത്തിൽ അല്ല...!!!

ഈ പറഞ്ഞ ആയിരം വ്യക്തികളോട് തനിയെ ഉള്ള ഒരു രീതികളിലും ആവില്ല ഈ വ്യക്തികളിൽ ആരെങ്കിലും രണ്ടോ അതിലധികമോ ആളുകൾ ഒരുമിച്ചുള്ള അവസരങ്ങളിൽ. പിന്നെയും ആളുകളുടെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി അവിടെ പുതിയ പുതിയ ഞാനുകൾ (വ്യക്തികൾ) വീണ്ടും വീണ്ടും ഉടലെടുക്കുന്നു.

വീണ്ടും ലഘൂകരിക്കാൻ ശ്രമിച്ചാൽ ഓരോ ദിവസവും ഓരോ തരം കാരണങ്ങളാൽ ഓരോ മൂഡിൽ മാറി മാറി വരുന്ന വ്യത്യസ്ത സ്വഭാവങ്ങളുള്ള പലപല ഞാനുകളുടെ (വ്യക്തികളുടെ) ആകെത്തുകയാണ് പിന്നെയും ഞാൻ.

ചില വ്യക്തികൾക്ക് എന്നോട് സ്നേഹം തോന്നുമ്പോൾ മറ്റുചിലർക്ക് അസൂയയോ, വിദ്വേഷമോ, കാമമോ, ആരാധനയോ, ശത്രുതയോ തോന്നിയേക്കാം. ഇവർക്ക് ഓരോരുത്തർക്കും ഞാൻ പലതാണ്. ഇനി എന്നോട് വിദ്വേഷം തോന്നുനവർക്ക് പോലും ഒരേ കാരണത്താൽ ആവില്ല അത് തോന്നുന്നത്. അപ്പോൾ വീണ്ടും ഞാൻ ഓരോരുത്തർക്കും വ്യത്യസ്തനാവുന്നു. ഇതേ അവസ്ഥയിൽ എനിക്ക് തിരികെ പല വ്യക്തികളോട് തോന്നുന്ന വിവിധ ഭാവങ്ങൾക്ക്, സമീപന രീതികൾക്ക് അനുസരിച്ച് അവരിലെ ഞാൻ മാറിക്കൊണ്ടിരിക്കുന്നു.

അതായത് എന്റെ മാനസിക നിലയിൽ വരുന്ന നേരിയ മാറ്റങ്ങൾക്ക് അനുസരിച്ചു ഞാൻ സ്വയവും, മറ്റുള്ളവരോടുള്ള വ്യത്യസ്തങ്ങളായ പെരുമാറ്റ രീതികൾക്ക് അനുസരിച്ച് അവരുടെ ഉള്ളിലും "ഞാൻ" മാറികൊണ്ടൊരിക്കുന്നു.

അതായത് ഒരേ സമയം ഞാൻ പലർക്കും പലതാണ്. ഒരേപോലെയുള്ള രണ്ടു വ്യക്തികൾ അയാല്പോലും അവർക്ക് ഞാൻ ഒന്നല്ല രണ്ടാണ്. എന്നിലെ നേരിയ വ്യത്യാസങ്ങൾ അവർക്ക് പരസ്പരം കാണാനോ മനസ്സിലാക്കാനോ സാധിക്കുകയുമില്ല. അതിന് കാരണം ഒന്നേയുള്ളൂ. "അയാൾ നിങ്ങളല്ല അല്ലെങ്കിൽ നിങ്ങൾ തന്നെ പലതാണ്".

പറഞ്ഞുവന്നത് ഞാൻ എന്നത് "ഒരേ സമയം നമ്മൾ സ്വയവും, മറ്റുള്ളവർക്കും വ്യത്യസ്തരായ നിരവധി വ്യക്തികളാണ്".

എന്താണ് എന്റെ വ്യക്തിത്വം..??

മുകളിൽ പറഞ്ഞ നൂറായിരം "ഞാനുകൾ" എന്ന വ്യത്യസ്ത "വ്യക്തികൾ" കൂടിക്കലർന്നതാണ് എന്നിലെ വ്യക്തിത്വവും അതായത് ഞാൻ കാരണമായി മറ്റുള്ളവയിൽ രൂപപ്പെടുന്ന 'ഞാനുകൾക്ക്' അനുസൃതമായി അവർക്ക് മുന്നിലുള്ള എന്റെ വ്യക്തിത്വവും മാറുന്നുണ്ട്.

ഞാൻ എന്ന വ്യക്തി മറ്റൊരാളുടെ ബോധമണ്ഡലത്തിൽ എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നോ അതാണ് അയാൾക്ക് എന്റെ വ്യക്തിത്വം. 'ഞാനുകളുടെ' കാര്യം പറഞ്ഞപോലെതന്നെ ഓരോ വ്യത്യസ്ത ആസ്വാദനശൈലികളിൽ ഉൾപ്പെടുന്നവർക്ക് എന്റെ വ്യക്തിത്വവും പലതായിരിക്കും. കാരണം പലയിടങ്ങളിലും 'ഞാൻ' അടയാളപ്പെടുത്തപ്പെടുന്നത് പല തരത്തിലാണ്. ഈ അടയാളപ്പെടുത്തലിന് അനുസരിച്ചു പുതിയ ഞാനുകൾ വീണ്ടും ഉടലെടുക്കുന്നുമുണ്ട്.

ഈ അടയാളപ്പെടുത്തലുകളെയാണ് അയാൾ/അവർ നല്ല/ചീത്ത വ്യക്തിത്വത്തിന് ഉടമയാണെന്ന് മറ്റുള്ളവരാൽ വിശേഷിപ്പിക്കപ്പെടുന്നത്.

വ്യക്തിത്വം മൂലം പുതിയ 'ഞാനുകൾ' എങ്ങനെ രൂപപ്പെടുന്നു?

ഒരു വ്യക്തിയുടെ ബോധമണ്ഡത്തിൽ പതിയുന്ന ഞാനാണ് എന്റെ വ്യക്തിത്വം എന്ന് പറഞ്ഞുവല്ലോ, അതേ വ്യക്തി മറ്റൊരാളിലേക്കോ ഒരുകൂട്ടം ആളുകളിലേക്കോ എന്റെ അഭാവത്തിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ അവിടെ വീണ്ടും കേൾവിക്കാരന്റെ മനോനിലയിൽ ഞാൻ അടയാളപ്പെടുന്നതുപോലെ പുതിയ പലതരത്തിലുള്ള ഞാനുകൾ രൂപപ്പെടുന്നു. ഇവിടെയും പലതരത്തിലുള്ള ഞാനുകൾ രൂപപ്പെടാൻ കാരണം പലരുടെയും ആസ്വാദന മേഖലകൾ വ്യത്യസ്തമാണ്. അഥവാ അവർ പല വ്യക്തികളാണ് (പല ഞാനുകളാണ്). അവർക്കിടയിൽ നേരിട്ടല്ലാതെ രൂപപ്പെടുന്ന ഞാൻ എന്ന വ്യക്തിക്ക് ഒരു വിർച്വൽ പ്രതിച്ഛായ മാത്രമാണ് ഈ അവസരത്തിൽ ഉണ്ടാകുന്നത്. ഇവിടെ എനിക്കുള്ള രൂപം അവരുടെ മനോമണ്ഡലത്തിൽ അവരാൽ സ്വയം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നെ നേരിൽ കാണുന്ന അവസരത്തിൽ അവരുടെയുള്ളിൽ രൂപപ്പെട്ട ഞാൻ എന്ന വ്യക്തിക്ക് വീണ്ടും മാറ്റങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം.

"ഞാൻ", "എന്റെ" ഇവ രണ്ടും പ്രത്യക്ഷത്തിൽ ഒന്നായി തോന്നാം എങ്കിലും രണ്ടും രണ്ടാണ്.

"ഞാൻ" എന്നാൽ ഓരോരുത്തർക്കും പലതരം സ്വഭാവങ്ങളുള്ള പലതരം വ്യക്തികൾ ആണെങ്കിൽ "എന്റെ" എന്നുപറയുന്നത് പലതരം ഞാനുകൾ അടങ്ങുന്ന വ്യത്യസ്ത സ്വഭാവങ്ങളും, ശീലങ്ങളും, ഭാവവെത്യാസങ്ങളും അതോടൊപ്പം എന്നോട് ചേർന്നുകിടക്കുന്ന എല്ലാ വ്യക്തികളും അവരോട് എനിക്കും എനിക്ക് അവരോടും തോന്നുന്ന വ്യത്യസ്തങ്ങളായ ഇമോഷനുകളും കൂടിച്ചേർന്ന ഒന്നാണ്. ഏറ്റവും ലഖുവായി പറഞ്ഞാൽ "ഞാൻ നിങ്ങളിൽ എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നുവോ അതാണ് നിങ്ങൾക്ക് എൻ്റെ വ്യക്തിത്വം".

"എന്റെ" എന്നതിലെ പൊസ്സസ്സീവ്നസും അതിലെ ഞാനും എങ്ങനെ പ്രവർത്തിക്കുന്നു?

"നിങ്ങൾ എന്നെക്കാൾ ഏറെ മറ്റൊരാളെ സ്നേഹിക്കരുത്, ഞാനാണോ അവരാണോ നിങ്ങൾക്ക് വലുത്, അവരാണ് അത്രക്ക് വലുതെങ്കിൽ അവരുടെ കൂടെ പൊക്കോ, ഞാൻ ഇല്ലെങ്കിൽ നിങ്ങൾക്കെന്താ അവരുണ്ടല്ലോ, നിങ്ങൾക്ക് എന്നോട് സ്നേഹമില്ല, എന്നെക്കാൾ എന്താവകാശമാണ് അവർക്ക് നിങ്ങളിൽ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ഫെയ്‌സ് ചെയ്തിട്ടുണ്ടായുരിക്കും.

"അവൾ/അവൻ എന്റെയാണ്" എന്നത് ഒരു നിസാര അവകാശവാദമല്ല. മുകളിൽ പറഞ്ഞപോലെ ഓരോ വ്യക്തികളും പല പല വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന പലതരം വ്യക്തികളുടെ (ഞാനുകളുടെ) സംഗമമാണ് എന്നിരിക്കെ ഇവർ അവകാശപ്പെടുന്നത് അയാളിൽ നിന്ന് കിട്ടേണ്ട മുഴുവൻ അറ്റൻഷനും തങ്ങളിലേക്ക് ആവണം എന്നാണ്. അതായത് ഒരു വ്യക്തിത്വത്തിന്റെ മുഴുവൻ അറ്റൻഷനും തന്നിലേക്ക് തന്നെ ആയിരിക്കണം. ഒരു മനുഷ്യനാലും അത് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല.

തൻ്റെ പ്രിയപ്പെട്ടവന്/പ്രിയപ്പെട്ടവൾക്ക് തന്നെക്കാൾ പ്രിയപ്പെട്ടത് മറ്റൊരാളാണെന്ന തോന്നൽ മൂലം "അയാളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, അയാളുടെ മുഴുവൻ സ്നേഹവും പരിഗണനയും എനിക്ക് തന്നെ വേണം" എന്ന ചിന്തയാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്. "എന്റെ" എന്ന ഈ അവകാശവാദത്തിലെ തീവ്രതയാണ് അവർക്കുള്ളിലെ പോസ്സീവ്നസ്സ് ലെവൽ പോലും നിശ്ചയിക്കുന്നത്. ഒട്ടുമിക്ക ബന്ധങ്ങളുടെയും തകർച്ചക്കോ വിള്ളലുകൾക്കോ കാരണമാകുന്നത് എൻ്റെ എന്ന ചിന്തയിൽ നിന്നുണ്ടാവുന്ന പൊസസീവ്‌നസ് മാത്രമാണ്. ഈ വെത്യാസം പരസ്പരം തിരിച്ചറിയാൻ സാധിച്ചാൽ സ്നേഹം കാരണമുള്ള കടുത്ത പോസ്സീവ്നസും ഇല്ലാതാക്കാൻ സാധിക്കുന്നതെയുള്ളൂ.

"ഇവിടെ ഞാൻ എന്നത് ഇത് വായിക്കുന്ന നിങ്ങളാണ്."

അനുബന്ധം: ഞാൻ മനസിലാക്കിയിടത്തോളം പോസ്സീവ്നസ്സ് ലെവൽ കൂടുതൽ ഉള്ള ഒരാൾ അത്രയും മികച്ച ഒരു അറ്റൻഷൻ സീക്കർ കൂടി ആയിരിക്കും. പോസ്സീവ്നസ്സ് ലെവൽ അനുസരിച്ച് അറ്റൻഷൻ സീക്കിങ് ലെവലും മാറിക്കൊണ്ടിരിക്കും. ഇതിൽ തന്നെ ചിലർ പബ്ലിക് അറ്റൻഷൻ സീക്കിങിന് പകരം അന്തർമുഖന്മാരും ആവാറുണ്ട്. എന്നാൽ ഇത്തരക്കാർ കൂടുതൽ അപകടകാരികൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യം പറഞ്ഞ കാറ്റഗറിയിൽ ഉള്ളവർ പബ്ലിക് പ്ളേസിൽ "അവൻ/അവൾ എന്റെയാണ്" എന്ന് പറഞ്ഞു നടക്കുമ്പോൾ രണ്ടാമത്തെ കാറ്റഗറിക്കാർ സ്വയം അത്തരം ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും എന്നാൽ മനസിൽ തന്റെ പങ്കാളിയെ എങ്ങനെ പൂർണമായും സ്വന്തമാക്കാം എന്ന കാര്യത്തിൽ ഗൂഢാലോചനകൾ നടത്തുകയും ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്. വിഷാദരോഗ സാധ്യതകൂടി ഉണ്ടെങ്കിൽ ഈ പറഞ്ഞ രണ്ട് കാറ്റഗറിയിലും ഉള്ള ആളുകളിൽ പോസ്സീവ്നസ്സ് ലെവൽ അനുസരിച്ച് ആത്മഹത്യ പ്രവണതയോ അതോടൊപ്പം സ്വയം മുറിവേല്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളോ കണ്ടേക്കാം. പ്രത്യക്ഷമായി തോന്നിയില്ലെങ്കിലും ബൈപോളാർ എന്ന ഉന്മാദ വിഷാദരോഗവുമായി ഇവർക്ക് പരോക്ഷമായ ബന്ധമുണ്ട്. ഇക്കൂട്ടത്തിൽ അറ്റൻഷൻ സീക്കിങിന്റെ ഭാഗമായി അന്തർമുഖന്മാരായി മാരുന്നവരിൽ ഒരു ഡിപ്രസീവ് ഡിസോഡറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയുള്ളവർ സ്വയം മുറിവേല്പിക്കുക ആത്മഹത്യാപ്രവണതകൾ കാട്ടുക എന്നതിന് പകരം തന്റെ പങ്കാളിയുടെ/ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടക്കാരെ എങ്ങനെ ഇല്ലാതാക്കാം എന്നാവും കൂടുതൽ ചിന്തിക്കുക.

പോസ്സീവ്നസ്സ് എന്നത് എത്ര നിസാരമായി കാണുന്നോ അത്രയേറെ അപകടകരമായ ഒന്നുകൂടിയാണെന്ന കാര്യം പലരും അറിയുന്നില്ല അല്ലെങ്കിൽ അറിഞ്ഞ ഭാവം നടിക്കുന്നില്ല എന്നതാണ് വസ്തുത. ഇത് ഒരുതരം മാനസിക പ്രശ്നം തന്നെയാണ്. സൂക്ഷിച്ചില്ലെങ്കിൽ അത്യധികം അപകടകരവും എന്നാൽ വിശദമായ കൗൺസിലിംഗിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കുന്നതാണ്.

മേൽപ്പറഞ്ഞവ ഒരു ജേർണലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ എഴുതിയത് അല്ല. ആധികാരികത തീർത്തും ഇല്ലാത്ത എന്റെ മാത്രം കൺക്ലൂഷനുകൾ ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. തെറ്റുകൾ ചൂണ്ടിക്കാട്ടുക.

നന്ദി.
- പ്രശാന്ത് എസ് പുഷ്പ.

ഡിപ്രസീവ് ഡിസോഡറിനെക്കുറിച്ചു മുൻപ് എഴുതിയിട്ടുള്ളതിന്റെ ലിങ്ക്: http://bit.ly/2JfuN9k

വ്യക്തിത്വം | പൊസ്സസ്സീവ്നസ്സ്‌ | ഞാൻ | ഡിപ്രസീവ് ഡിസോർഡർ



Image Source: pixabay

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook