ഇങ്ങനെയും സ്വാർത്ഥരായ ചില മനുഷ്യരുണ്ട്, നമുക്കിടയിൽത്തന്നെ അവരുരുണ്ട്...!!!

8:00 AM

Selfish People, സ്വാർത്ഥത, കപടത

ഇങ്ങനെയും സ്വാർത്ഥരായ ചില മനുഷ്യരുണ്ട്, നമുക്കിടയിൽത്തന്നെ അവരുരുണ്ട്...!!!

ഞാൻ ചില മനുഷ്യരെക്കുറിച്ച് ആലോചിക്കുകയായിരുന്നു,

സ്വാർത്ഥരായ ചില മനുഷ്യരെക്കുറിച്ച്...!!

സ്വന്തം സുഖത്തിനും സന്തോഷത്തിനും മറ്റു സ്വാർത്ഥതാത്പര്യങ്ങൾക്കും വേണ്ടി മാത്രം മറ്റുള്ളവരോട് അടുക്കുകയും, അതുകഴിഞ്ഞു ലേശംപോലും യില്ലാതെ അവരെ അപ്പാടെ അവഗണിച്ചു കടന്നുപോകുകയും ചെയ്യുന്നതരം മനുഷ്യരെക്കുറിച്ച്...!!

സ്വന്തമായ ഒരു കപടലോകം തീർത്ത് ചുറ്റിലുമുള്ള എല്ലാരേയും സ്വന്തം ആവശ്യങ്ങൾക്കായി ഏത് രീതിയിലും മാനിപ്പുലേറ്റ് ചെയ്ത് തന്റെ ലോകത്തിലേക്ക് ഒതുക്കി, കപടതകൾ കൊണ്ടുമാത്രം ഓരോ ദിനങ്ങളും തള്ളിനീക്കുന്ന തരം മനുഷ്യരെക്കുറിച്ച്...!!

ഇതല്ലേ പുരോഗമനം എന്ന് കൂടെ നിൽക്കുന്നവർക്ക് തോന്നിക്കും വിധം ഒരാളെ തന്റെ താല്പര്യങ്ങളിലേക്ക് മാനിപുലേറ്റ് ചെയ്ത് ആവശ്യങ്ങൾ നിറവേറ്റുകയും, എന്നാൽ സ്വയം പുരോഗമനം എന്ന വാക്ക് പോലും ഉച്ചരിക്കാൻ യോഗ്യതയില്ലാത്തത്രയും തരം താണ ചിന്താഗതികൾ കൊണ്ടുനടക്കുകയും ചെയ്യുന്ന മനുഷ്യരെക്കുറിച്ച്...!!

ഒരേസമയം ആരെയും കാമിക്കുകയും, ഭോഗിക്കുകയും അതുകഴിഞ്ഞു വലിച്ചെറിയുകയും ചെയ്യുമ്പോഴും തന്നിലേക്ക് വീഴപ്പെട്ടവർക്ക് മറ്റൊരാളെ മോഹിക്കാനോ അതേപ്പറ്റി ഒന്ന് ചിന്തിക്കാനോ പോലും അനുവാദം കൊടുക്കാത്തതരം അധോഗമനചിന്താഗതിയും കൊണ്ടുനടക്കുന്ന ചില പ്രത്യേകതരം പുരോഗമന മനുഷ്യരെക്കുറിച്ച്...!!

സ്വയം എന്ത് കാണിച്ചാലും, ആരോട് എന്ത് റിലേഷനിൽ ഏർപ്പെട്ടാലും "ഞാൻ ഇങ്ങനെയാണ്, അത് കൂടെയുള്ളവർ ചോദ്യം ചെയ്യാൻ പാടില്ലെന്നും വേണമെങ്കിൽ എന്നോടൊപ്പം നിന്നാൽ മതിയെന്നു" തിട്ടൂരമിറക്കുകയും, അതേസമയം കൂടെ നിൽക്കുന്നവരിൽ ആരെക്കിലും മറ്റൊരാളോട് അടുക്കാൻ ശ്രമിച്ചാൽ തന്റെ ഉള്ളിലെ ഈഗോ ഹർട്ട് ആവുകയും അവരെ/അവരുടെ ബന്ധത്തെ എങ്ങനെയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന, എനിക്കിന്നുവരെ മനസിലാക്കാൻ സാധിക്കാത്തതരം ചില പുരോഗമന മനുഷ്യരെക്കുറിച്ച്...!!

സ്വാർത്ഥവും, കപടവുമായ തന്റെ ജീവിതത്തെ കേമത്തത്തിന്റെ പുറം മോഡി കൊണ്ടലങ്കരിച്ച് സ്വയം മേനി നടിച്ചും, കേമനെന്നു ചുറ്റുമുള്ളവർക്ക് തോന്നുമാറ് അളന്നുമുറിച്ച് അഭിനയിച്ചും, ഓരോ ദിവസവും മറ്റൊരാളായി ചമഞ്ഞു സ്വയം ഒന്നുമല്ലാതായിത്തീരുന്നതറിയാതെ വീണ്ടും വീണ്ടും കപടതയിൽത്തന്നെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ച്...!!

സ്വന്തം തെറ്റുകളും, കുറവുകളും, അറിവില്ലായ്മയും അംഗീകരിക്കാതെ, അതും ചുറ്റുമുള്ളവർക്ക് വീതിച്ചുനൽകി, സാധിക്കുമെങ്കിൽ തന്റെ തെറ്റ് നിങ്ങടേത് ആണെന്ന് കൂടെയുള്ളവരെ വിശ്വസിപ്പിച്ചും, അവർക്ക് തർക്കിക്കാനുള്ള സൂക്ഷ്മാസാധ്യതകളെപോലും മുളയിലേ നുള്ളി പിന്നെയും കേമത്തം ചമഞ്ഞു സ്വയം ആത്മനിർവൃതിയടയുന്നതരം മനുഷ്യരെക്കുറിച്ച്...!!

ബുദ്ധിമാനെന്ന് സ്വയം നടിക്കുകയും, മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന, എന്നാൽ സ്വയം അല്പബുദ്ധിയും അതിലേറെ കുടിലബുദ്ധിയുമായ ചില മനുഷ്യരെക്കുറിച്ച്...!!

വകതിരിവില്ലാത്ത, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നറിയാത്ത, വ്യക്തികളുടെ സ്‌പേസ് എന്തെന്നറിയാത്ത, ഒരു മനുഷ്യന്റെ ഇമോഷൻസിനെ മാനിക്കാൻ അറിയില്ലെങ്കിലും കൃത്യമായി നോവിക്കാനറിയുന്ന ചിലതരം മനുഷ്യരെക്കുറിച്ച്...!!

ഒരാളുടെ സ്വകാര്യതകളെ, മാനുഷികമായ ആവശ്യങ്ങളെ, അവകാശങ്ങളെ തെല്ലും വകവയ്ക്കാതെയും മാനിക്കാതെയും അയാളെ കഴിവിന്റെ പരമാവധി ആവർത്തിച്ചാവർത്തിച്ച് ഇറിട്ടേറ്റ് ചെയ്ത് ഒടുക്കം വെറുപ്പിന്റെ അവസ്ഥയിൽ കൊണ്ടെത്തിച്ച ശേഷവും അതിൽ തെല്ലും കുറ്റബോധമില്ലാതെ, വെറും സ്വാഭാവികമായ സ്നേഹം കൊണ്ടാണെന്ന് വരുത്തിത്തീർക്കാൻ "അവനെ/അവളെ ഞാനെന്ത് ചെയ്തു" എന്ന ഭാവത്തിൽ മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു ഭലിപ്പിക്കുന്ന ചില വിചിത്ര മനുഷ്യരെക്കുറിച്ച്..!!

ഇത്തരം മനുഷ്യർ എത്ര വിദഗ്ദ്ധമായാണ്‌ 'മാനസിക സംഘർഷങ്ങളുടേയും, മനോവിഷമങ്ങളുടേയും പടുകുഴിയിൽ നിന്ന് പലരുടെയും സഹായത്തോടെ വർഷങ്ങളെടുത്ത് കരകയറി വന്ന മനുഷ്യരോട് അടുത്തുകൂടി, അവരുടെ വിശ്വാസം നേടിയെടുത്തത്, കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്, ആവശ്യാനുസരണം ഉപയോഗിച്ച് വീണ്ടുമവരെ അതേ പടുകുഴിയുടെ ആഴങ്ങളിലേക്ക് നിഷ്കരുണം തള്ളിയിട്ട് ഒരു നിമിഷം കൊണ്ട് തിരിഞ്ഞു പോകുന്നത്'.

അങ്ങനെയുള്ള ചിലതരം മനുഷ്യരെക്കുറിച്ച്...!!!

ഒരേസമയം ഏതൊരാളെക്കുറിച്ചും മോശം പറയുകയും, സ്വന്തം സ്വാർഥതയ്ക്ക് വേണ്ടി ലവലേശം ഉളുപ്പില്ലാതെ അതേ ആളുകളോട് അടുപ്പം സ്ഥാപിക്കുകയും, കാര്യം കഴിയുമ്പോൾ അവരെയും കറിവേപ്പില പോലെ ചവച്ചുതുപ്പി കടന്നുപോകുന്ന ചില മനുഷ്യരെക്കുറിച്ച്...!!

നിർവ്വചനാതീതമായ രീതിയിൽ മേൽപ്പറഞ്ഞ എല്ലാ ഗുണഗണങ്ങളും ഒരുമിച്ചു വന്നുചേർന്ന ചില മനുഷ്യരെക്കുറിച്ച്....!!

എന്തിനുവേണ്ടി ഇതൊക്കെ ആലോചിക്കുന്നു എന്നുചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഒന്നാലോചിച്ചപ്പോൾ ഇങ്ങനേയും ചില മനുഷ്യർ നമുക്കൊപ്പമുണ്ടെന്നു തോന്നി.

അല്ലെങ്കിലും ചില ആലോചനകൾക്ക് അങ്ങനെ അന്തവും കുന്തവുമൊന്നുമില്ലല്ലോ....

ചുമ്മാ അങ്ങ് ആലോചിക്കുക...
മനസിലാക്കുക...

ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്ന്, നമുക്കിടയിൽത്തന്നെ അവരുണ്ടെന്ന്...

- @PrasanthsPushpa

Tags: Selfish people | Selfishness | Fake people

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook