മിനി കൂപ്പറിനെ കാൻവാസാക്കിയ മലയാളി യുവാവ് വേൾഡ് ആർട്ട് ദുബായിലെ താരമായി
6:29 PMതിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥൻ സ്വന്തം മിനി കൂപ്പർ കാൻവാസാക്കി മാറ്റിയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ വേൾഡ് ആർട്ട് ദുബായിലും ഡൂഡിൽ ആർട്ട് കൊണ്ട് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ സിജിന് സാധിച്ചിരുന്നു.
സുഹൃത്തുക്കളെക്കുറിച്ച് പേഴ്സണൽ ബ്ലോഗിൽ ഇതുവരെ ഒന്നും എഴുത്തിയിട്ടില്ല, പക്ഷേ വളരെ നല്ലൊരു സുഹൃത്ത് ഇത്രയേറെ ലോകശ്രദ്ധ നേടുമ്പോൾ അവനെക്കുറിച്ച് രണ്ടുവാക്ക് ഇവിടെ കോറിയിടാതെ മുന്നോട്ട് പോകാൻ കഴിയില്ല.
വെത്യസ്തമായ ഡൂഡിൽ ആർട്ട് വർക്കുകൾ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന സിജിൻ കഴിഞ്ഞ വേൾഡ് ആർട്ട് ദുബായിലും ശ്രദ്ധാകേന്ദ്രമായിരുന്നു. പോയവർഷത്തേതിൽ നിന്നും വ്യത്യസ്തമായി സ്വന്തം മിനി കൂപ്പറാണ് ഇത്തവണ സിജിൻ കാൻവാസായി തിരഞ്ഞെടുത്തത്. പതിവ് രീതിയിൽ ചുവരുകളിലും, കാൻവാസ് പേപ്പറുകളിലും ചിത്രം വരയ്ക്കുന്നതിൽ നിന്നും എന്തെങ്കിലും വ്യത്യസ്തത വേണം എന്നതിനാലാണ് ഇത്തവണ സ്വന്തം മിനികൂപ്പർ കാറിൽ ചിത്രരചന നടത്താൻ സിജിൻ തയാറായത്.
നിരവധി വാഹനപ്രേമികളായ, വിദേശികളും, അറബികളും നിറഞ്ഞ വേദിയിൽ ആയിരുന്നു സിജിൻ തന്റെ ലൈവ് ഡൂഡിൽ ആർട്ട് വരച്ചുതീർത്തത്. മിനി കൂപ്പറിന്റെ വശങ്ങളിലും ബോണറ്റിലുമായി ലോകപ്രശസ്തരായ ചിത്രകാരന്മാരെയാണ് സിജിൻ ഡൂഡിൽ രൂപത്തിൽ വരച്ചത്. പുതിയ തലമുറയിലെ കുട്ടികൾക്ക് വിശ്വവിഖ്യാത കലാകാരന്മാരെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശം കൂടി തന്റെ ചിത്രരചനയ്ക്ക് പിന്നിൽ ഉണ്ടെന്ന് സിജിൻ മാധ്യമങ്ങളോട് പറഞ്ഞു.
മിനികൂപ്പറിലുള്ള ഇദ്ദേഹത്തിന്റെ പടം വരയ്ക്കൽ തത്സമയം ആയിരുന്നു എന്നതും, ഇത്തരത്തിൽ വാഹനത്തിൽ ലൈവ് ഡൂഡിൽ ആർട്ട് ചെയ്യുന്നത് ദുബായിൽത്തന്നെ ആദ്യമായാണ് എന്നതും ഇദ്ദേഹത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടാൻ സഹായകമായി. 27 രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങൾ സംഗമിച്ച വേൾഡ് ആർട്ട് ദുബായ് മേളയിൽ ലൈവ് പെർഫോമൻസിൽ ലോകശ്രദ്ധനേടിയ ഏക ഇന്ത്യക്കാരനും സിജിൻ ഗോപിനാഥൻ തന്നെയാണ്.
ലോകപ്രശസ്ത കലാകാരന്മാരായ വിൻസെന്റ് വാൻഗോഗ്, ഫരീദ ഖൈലോ, മൈക്കലാഞ്ചലോ, ജൊഹനാസ് വീർമെർ, ലിയോണാർഡോ ഡാവിഞ്ചി എന്നിവരെയാണ് സിജിൻ ഡൂഡിൽ രൂപത്തിൽ മിനികൂപ്പറിലേക്ക് പകർത്തിയത്.
ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹാളിൽ 27 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുട 2000 കലാസൃഷ്ടികൾക്ക് ഇടയിലാണ് സിജിൻ ഈ അപൂർവ്വനേട്ടം കൈവരിക്കുന്നത് എന്നത് ഈ കലാകാരന്റെ പ്രശസ്തിക്ക് മാറ്റ് കൂട്ടുന്നതാണ്.
ആര്ട്ട് വർക്കിന്റെ ഭാഗമായി മിനികൂപ്പറിൽ പടം വരയ്ക്കാൻ സിജിൻ ടൂറിസം വകുപ്പിന്റെ അനുമതി നേടിയിരുന്നു. എന്നാൽ ഇതേ വാഹനം നിറത്തിൽ ഇറക്കണമെങ്കിൽ ഇനി ആർ.ടി.ഓ യുടെ പ്രത്യേക അനുമതികൂടി വേണം. അഥവാ അനുമതി ലഭിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും കാറിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുന്ന രീതിയിൽ ഒരു പീലബിൾ കോട്ടിങ് നൽകിയ ശേഷമാണ് സിജിൻ കാറിൽ പെർമനന്റ് മാർക്കർ ഉപയോഗിച്ച് ഈ കലാസൃഷ്ടി നടത്തിയിരിക്കുന്നത്.
ദുബായിൽ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുന്ന സിജിൻ ഡൂഡിൽ ആർട്ടിസ്റ്റ് എന്നതിന് പുറമേ മ്യുറൽ ആർട്ടിസ്റ്റും ആർട്ട് ഡയറക്ടറും ഒക്കെയാണ്, കേരളത്തിൽ, തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
അഭിപ്രായങ്ങളൊന്നുമില്ല: