­
സ്വന്തം കുട്ടികൾ ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും? | Prasanth S Pushpa

സ്വന്തം കുട്ടികൾ ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും?

5:30 PM

child crime

പ്രായം ബോധത്തിൻ്റെ അളവുകോൽ അല്ലാതെയായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊച്ചു കുട്ടികൾ എന്ന് നമ്മൾ കണ്ടറിഞ്ഞ അനുഭവിച്ച പ്രായത്തിലെ കുട്ടികൾക്ക് നമ്മുടെ കലത്തേക്കാളേറെ പക്വതയും പാകതയും വന്ന കാലമാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

സ്വന്തം കാര്യം നല്ലപോലെ നടത്താൻ അറിയുന്ന കുട്ടികളും, സ്വയം നാടിനും നാട്ടുകാർക്കും ഉപദ്രവം ആയി മാറാൻ കഴിയുന്ന കുട്ടികളും ഒരുപോലെ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതിൽ രണ്ടാമത്തെ കറ്റഗറിയേക്കുറിച്ചു മാത്രമാണ് ഇവിടെ പറയുന്നത്. ജനറലൈസ് ചെയ്യുന്നതായി തോന്നിയാൽ അത് എൻ്റെ തെറ്റല്ല എന്ന് ആദ്യമേ പറയട്ടെ...

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഫെസ്ബുക്ക് തുറന്നാൽ ആദ്യം കാണുന്നത് ഏതെങ്കിലും ക്രിമിനൽ കേസുകൾ മാത്രമാണ്. അതിൽ പ്രധാന പ്രതികൾ സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ നിന്നും പഠിത്തം കഴിഞ്ഞു പുറത്തിറങ്ങാത്ത പീക്കിരി പിള്ളേരും..!!

ഈ പ്രായം കഴിഞ്ഞ് വന്ന പലരെയും ന്യൂ ജെൻ പിള്ളേര് ഇപ്പോൾ തന്ത വൈബ് ലേബലിൽ നീക്കി നിർത്തുമ്പോഴും ഇവരൊക്കെ മറക്കുന്ന ഒന്നുണ്ട്, ഈ തന്ത വൈബുകൾക്ക് ഉണ്ടായതാണ് സകല ന്യൂ ജൻസും. അതിന് അതിന് ആർക്കും ക്രെഡിറ്റ് കൊടുക്കണം എന്നല്ല പറഞ്ഞു വന്നത്.

ഇന്നത്തെ തന്ത വൈബ് ടീമുകൾക്ക് പണ്ടൊരു ന്യൂ ജെൻ കാലം ഉണ്ടായിരുന്നു, അന്ന് ഈ കാണുന്ന മൊബൈലും സോഷ്യൽ മീഡിയയും ഒക്കെ വളർന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ ഞാനടക്കമുള്ള തന്ത വൈബുകൾക്കൊപ്പമാണ് ഇപ്പോഴത്തെ ടെക്നോളജികൾ എല്ലാം മാറി മാറി വളർന്നു വന്നതെന്ന് പറയാം.

ഇപ്പോഴത്തെ പിള്ളേർ ജനിക്കുമ്പോ മുതൽ മൊബൈലിൽ ആണെങ്കിൽ പഴയ കാലത്ത് വല്ല പാടത്തും പറമ്പിലും അല്ലെങ്കിൽ ഏതെങ്കിലും മരത്തിൻ്റെ മുകളിലോ, കുളത്തിലോ ഒക്കെയായിരുന്നു നമ്മൾ സമയം കളഞ്ഞിരുന്നതും, കൂട്ട് കൂടിയിരുന്നതും. അന്നൊക്കെ കുട്ടികളുടെ ഏറെക്കുറെ എല്ലാ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും ഒക്കെ നമ്മുടെ പേരൻസിനും അറിയുമായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ സ്വഭാവത്തിൽ ഉണ്ടാവുന്ന നേരിയ വ്യത്യാസം പോലും അവർ സ്പോട്ട് ചെയ്യുമായിരുന്നു.

ഇന്ന് അവസ്ഥ മാറി, കുട്ടികൾ എന്ത് ചെയ്യുന്നു ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും?

പേരൻ്റിങ് എന്താണ് എന്നറിയുന്ന, ചുറ്റുമുള്ള മനുഷ്യരോട് ഇടപെടാൻ സ്വന്തം മക്കളെ പ്രാപ്തമാക്കുന്ന രീതിയിൽ മക്കളെ വളർത്തുന്ന എത്ര അച്ഛനമ്മമാർ ഇന്നുണ്ട്? അവരുടെ വാശികൾക്ക് കൂട്ട് നിൽക്കാതെ അവർ ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി, അവരെ നേർ വഴിക്ക് നയിക്കാൻ പാകതയുള്ള എത്ര പേരൻ്റ്സ് ഇന്നുണ്ട്? 

നേരിട്ട് അറിയുന്ന പലരുടെയും അനുഭവങ്ങളിൽ നിന്ന് പണ്ടുള്ള പല പേരൻസും എക്സ്ട്രീം ടോക്സിക്ക് ആയിരുന്നു എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. എന്നാൽ ഇന്ന് ഉള്ളത് ടോക്സിസിറ്റി അല്ല മറിച്ച് എന്ത് ചെയ്താലും കിട്ടുന്ന ചോദ്യങ്ങൾ ഇല്ലാത്ത സപ്പോർട്ട് ആണ് പ്രശ്നം.

അടുത്ത വീട്ടിലെ കളിപ്പാട്ടം എടുത്ത് വീട്ടിൽ വന്നതിന് പത്ത് മുപ്പത് കൊല്ലം മുമ്പ് അമ്മയുടെ കയിൽ നിന്ന് കിട്ടിയ തല്ല് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഈ അടി കാരണം അതേ തെറ്റ് പിന്നെ ലൈഫിൽ ഇന്നുവരെ ആവർത്തിച്ചിട്ടില്ല അതേസമയം ഇന്ന് അങ്ങനെ തല്ലാനും പറ്റില്ല തല്ലൽ ഒരു ശരിയായ രീതിയുമല്ല. 

കാലം മുന്നോട്ട് പോകുന്നത് അനുസരിച്ച് മനുഷ്യരിൽ അതേ മാറ്റങ്ങൾ ഉണ്ടാവുക തന്നെ വേണം. ഏതൊക്കെ മാറ്റങ്ങൾ വന്നാലും സഹജീവികളോട് കരുണയില്ലാതെ ഒരു കുട്ടി സമൂഹത്തിൽ വളർന്നു വരുന്നുണ്ടെങ്കിൽ അതിന് കാരണം ആ കുട്ടിയുടെ പേരൻസ് തന്നെയാണ്. 

നിങ്ങൾക്ക് സമൂഹത്തിന് വേണ്ടി നല്ലൊരു പൗരനെ സമ്മാനിക്കാൻ കഴില്ലെങ്കിൽ, സ്വന്തം മക്കളെ സമൂഹത്തിൽ ഇറങ്ങി മാന്യമായി ഇടപെടാനും അപരനെ, അവരുടെ താൽപര്യങ്ങളെ, സ്വന്തന്ത്ര്യങ്ങളെ ബഹുമാനിക്കാനും, മറ്റുള്ളവരോട്  മാന്യമായി ഇടപെടാനും പകമായ രീതിയിൽ വളർത്താൻ കഴിയില്ലെങ്കിൽ അവർ ഒരു സാമൂഹ്യ ദുരന്തമായി തന്നെ വളർന്നു വരും. നിങ്ങൾക്ക് തന്നെ അവർ സ്വയം ഉപദ്രവം ആയി മാറും.

സ്വന്തം മക്കളുടെ കുറ്റങ്ങൾ, തെറ്റുകൾ ന്യായീകരികാതെ, അവരെ നല്ല രീതിയിൽ വളർത്താൻ സാധിക്കില്ല എങ്കിൽ, അതിനുള്ള ചുറ്റുപാടോ സഹചര്യങ്ങളോ നിങ്ങൾക്ക് ഇല്ലെങ്കിൽ ഈ സമൂഹത്തോടും നിങ്ങളോടും നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമാണ് ഇതുപോലുള്ള ഒരു ദുരന്തത്തിൻ്റെ അച്ഛനമ്മമാർ ആയി സ്വയം സമൂഹത്തിന് ശാപമായി മാരാതിരിക്കുക എന്നുള്ളത്.

ഇന്നത്തെ കാലത്തിനൊത്ത് നിങ്ങൾക്ക് പുരോഗതി ഉണ്ടായിട്ടില്ല എങ്കിൽ നിങ്ങളുടെ മക്കൾക്ക് അധോഗത്തി തന്നെയാവും ഉണ്ടാവുക എന്ന തിരിച്ചറിവ് കുട്ടികൾക്കായി കാത്തിരിക്കുന്ന ഓരോ ദമ്പതികൾക്കും ഇനിയുണ്ടാവണം. കാരണം ജനിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഒരു കുട്ടി അച്ഛനമ്മമാരുടെ മാത്രം സ്വത്തല്ല, അവർ സ്വന്തം നാടിൻ്റെ, സ്റ്റേറ്റിൻ്റെ, രാജ്യത്തിൻ്റെ കൂടി സ്വത്താണ്.

അവർക്ക് ഈ രാജ്യത്തെ തന്നെ വാനോളം ഉയർത്താനും പാതാളത്തോളം താഴ്ത്താനും കഴിഞ്ഞേക്കാം. സ്വയം നാടിൻ്റെ ഹീറോയും, നാട്ടുകാരുടെ പേടിസ്വപ്നം ആയി മാറാം. എല്ലാം പേര്ന്സിൻ്റെ കൂടി കയിൽ ആണ് എന്നുള്ള കാര്യം വിസ്മരിക്കരുത്. അവരുടെ ചെറിയ തെറ്റുകൾ സപ്പോർട്ട് ചെയ്യുമ്പോൾ അവർക്ക് വലിയ തെറ്റുകൾ ചെയ്യാൻ പ്രചോദനം ഉണ്ടാകും, വീട്ടിലെ തെറ്റുകൾ മാറി നാട്ടിലെ തെറ്റുകളിലേക്കും, സംസ്ഥാനം വിട്ട് രാജ്യാന്തര തലത്തിലേക്കും ആ തെറ്റുകൾ ആവർത്തിക്കപ്പെടും.

ഇപ്പോഴത്തെ പല മയക്കുമരുന്ന് കേസുകളിലും കാണാം കുട്ടികളുടെ പേരുകൾ. ഇതൊക്കെ വാർത്ത ആവുമ്പോൾ എൻ്റെ മക്കൾ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെ നിങ്ങളുടെ മക്കൾ ചെയ്ത് കഴിഞ്ഞതുകൊണ്ടാണ് അത് വാർത്ത ആയതും നിങ്ങളത് വായിച്ചും കണ്ടും സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരുന്നതും. കുഞ്ഞുന്നാള് മുതൽ അവരൊരു കൊടും ക്രിമിനൽ ആവുന്നതുവരെ ഒക്കെത്തിനും വളം വച്ചുകൊടുത്തതും നിങ്ങൾ തന്നെയാണ്.

ഡൽഹി, കേസ് മുതൽ, ഇങ്ങോട്ട് കഴിഞ്ഞ ദിവസം ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിച്ച ഒരു പാവം മനുഷ്യനെ വെട്ടി കൊന്ന കേസിലെ പ്രതി വരെ കുട്ടികൾ ആണ്. ഇവർക്കൊക്കെ കുട്ടികൾ എന്നുള്ള പരിഗണന മാറ്റി വച്ച് അർഹമായ ശിക്ഷ നൽകാൻ സ്റ്റേറ്റും, നമ്മുടെ സിസ്റ്റവും കൂടി തയാറാവേണ്ടതുണ്ട്. പത്ത് കൊല്ലം കഴിഞ്ഞാൽ എങ്കിലും നടക്കുമോ എന്ന് കണ്ടറിയാം.

മര്യാദയ്ക്ക് മക്കളെ വളർത്താൻ അറിയില്ലെങ്കിൽ ദയവായി അങ്ങനെ ഒന്നിനെ ഉണ്ടാക്കാതിരിക്കുക, അതുകൊണ്ട് നിങ്ങൾക്ക് മാത്രമല്ല ലോകത്ത് മറ്റാർക്കൊക്കെയോ ഉപയോഗം ഉണ്ടാവും.

ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്നത് തന്നെ വേറെ ആർക്കും നമ്മളെ കൊല്ലാൻ തോന്നതതുകൊണ്ട് മാത്രമാണ് എന്ന നിലയിലേക്ക് കര്യങ്ങൾ എത്തിയിട്ടുണ്ട്.

- Prasanth S Pushpa

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook