ലോക കത്തെഴുത്ത് ദിനം - ഒരു ഓർമ്മ

1:35 PM

ലോക കത്തെഴുത്ത് ദിനം - ഒരു ഓർമ്മ

ഇന്ന് ലോക കത്തെഴുത്ത് ദിനമാണത്രേ... കുട്ടിക്കാലത്ത് അച്ഛൻ്റെ കൂടെ കടയിൽ കയറി ഇരിക്കുന്ന സമയത്തും മറ്റും കണ്ടിട്ടുണ്ട് അച്ഛന് ഗൾഫിൽ നിന്നും അല്ലാതെയും വരുന്ന നിരവധി കത്തുകൾ.

world letter writing day, old letters

വശങ്ങളിൽ നീലയും ചുവപ്പും കളറുള്ള ലൈനുകളും നിരവധി സ്റ്റാമ്പുകളും ഉള്ള ഒരു നീളൻ എൻവലപ്പ്, അതിനുള്ളിൽ ഒന്നോ രണ്ടോ ചിലപ്പോൾ അതിലേറെയും വരുന്ന പേപ്പറുകളിൽ എഴുതി നിറച്ച നിരവധി വിശേഷങ്ങൾ, ചോദ്യങ്ങൾ വിദേശത്ത് നിന്ന് അങ്ങനെ അങ്ങനെ...

നീല നിറത്തിലുള്ള ഇൻലെൻ്റുകൾ ഗാന്ധിയുടെ പടമുള്ള സ്റ്റാമ്പുകളുമായി അങ്ങനെ. അവയിലുള്ള കടും നീല സീലുകളും ഒക്കെയായി സ്വദേശത്ത് നിന്ന്...

അതൊരു കാലം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് മാത്രം ഒരു ചോദ്യത്തിന് മറുപടി കിട്ടിയിരുന്ന, ഒരു കത്തിന് വേണ്ടി ആകാംക്ഷയോടെ അല്ലെങ്കിൽ പ്രതീക്ഷയോടെ കാത്തിരുന്ന, അക്ഷരങ്ങൾക്ക് സ്നേഹത്തിൻ്റെ, കരുതലിൻ്റെ, ജീവിതങ്ങളുടെ നിറവും മണവും സഭാവവും ഉണ്ടായിരുന്ന ഒരു കാലം.

ലെറ്ററുകൾ അന്ന് വായിച്ചിട്ടില്ല എങ്കിലും അതിൽ നിന്ന് കിട്ടുന്ന സ്റ്റാമ്പുകൾ എല്ലാം കുത്തിക്കീറി കയിലുള്ള ബുക്കുകളിൽ കൊണ്ട് ഒട്ടിച്ചു വയ്ക്കുക എന്നത് മാത്രം ആയിരുന്നു എനിക്കാകെ അന്ന് കത്തുകളുമായി ഉണ്ടായിരുന്ന ബന്ധം.

പിൽക്കാലത്ത് ഏഴാം ക്ലാസിൽ കൂടെ പഠിച്ച ഒരു കൂട്ടുകാരിക്ക് പ്രണയലേഖനം. എഴുതിയതാണ് ആദ്യമായി കത്തിലേക്ക് ഉണ്ടായ ചുവടുവെപ്പ്.

ദോഷം പറയരുതല്ലോ, അന്നുവരെ കണ്ടിട്ടുള്ള സകല സിനിമാ തരങ്ങളെയും വെല്ലുന്ന രീതിയിൽ സൂപ്പർ ഹീറോ ലെവലിൽ നാല് പേജിൽ നിൽക്കുന്ന എമകാണ്ഠൻ ഒരു കത്ത്. മനോഹരമായി എഴുതി പാക്ക് ചെയ്ത് വച്ചു. പൊതുവെ പെൺപിള്ളരുടെ തലവെട്ടം കണ്ടാൽ മുട്ടിടിക്കുന്ന എനിക്ക് പക്ഷെ അത് കൊടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. അതിനായി കൂടെയുള്ള ഒരു കൂട്ടുകാരനെ ഏൽപ്പിച്ചു.

അളിയൻ കട്ട സപ്പോർട്ട്. ഞാൻ കൊടുക്കാം എന്നും പറഞ്ഞ് കത്തും വാങ്ങി പോയി.

ലവൻ തേങ്ങാ ഇപ്പൊ ഉടയ്ക്കും, ദേ ഉടയ്ക്കാൻ പോണു, ദേ പോയി...

കത്ത് പൊട്ടി... പൊട്ടി... ശരിക്കും പൊട്ടി....!!

കത്ത് പൊട്ടിച്ചത് ക്ലാസിലെ ടീച്ചർ ആണെന്ന് മാത്രം...
ഹെമ്മേ...

ശേഷം ഭാഗം ടീച്ചർമാരുടെ ഓഫീസ് റൂമിൽ... 😭

പൊതുവെ സർവ്വേക്കല്ലിൽ കാക്ക ഷിറ്റിയ പോലത്തെ എൻ്റെ അക്ഷരം കണ്ടാൽ തന്നെ പഠിപ്പിച്ച ഏറെക്കുറെ എല്ലാർക്കും എന്നെ മനസ്സിലാവും. അതിൻ്റെ കൂടെ അന്നത്തെ എൻ്റെ സഹിത്യബോധം കൂടി മിക്സ് ചെയ്ത ലെറ്റർ കണ്ടപ്പോ ടീച്ചർക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ മേലാത്ത അവസ്ഥ.

ഇതൊക്കെ കണ്ട് കിളി പോയി പ്രാന്തായി ഒരു വശത്ത് ഞാനും. കൂടെ കത്ത് കൃത്യമായി ടീച്ചറിനെ കൊണ്ട് ഏൽപ്പിച്ച ആ അലവലാതിയും...!!

അന്ന് അവിടെ നിന്ന് പുറത്ത് ഇറങ്ങുന്ന വരെ ഞാനനുഭവിച്ച ടെൻഷനും പേടിയും.. ൻ്റെ പൊന്നോ... അന്നോടെ കത്തെഴുത്ത് നിർത്തി. മ്മക്ക് പറ്റണ പണിയല്ല എന്ന് മനസ്സിലായി. 😐😐

പുറത്തിറങ്ങി ആ നാറിക്കിട്ട് നാല് പൊട്ടിക്കണം എന്നൊക്കെ തോന്നിയെങ്കിലും എന്നെക്കാളും ആരോഗ്യമുള്ള ലവൻ്റെ ഇടി കൊള്ളേണ്ടി വരുമെന്ന് ഉറപ്പുള്ള കൊണ്ട് അരിശം കടിച്ചമർത്തി പച്ചവെള്ളവും കുടിച്ച് തിരികെ ക്ലാസിൽ പോയിരുന്നു.

ഏതായാലും ആ കത്ത് പുറംലോകം അറിയാണ്ട് മുക്കിയ ടീച്ചർ ആണെൻ്റെ ഹീറോ...

കാലം ഇത്രയും കഴിഞ്ഞിട്ടും ആ ബ്ലഡി ഗ്രമവാസി ഇന്നും എന്നെ ഈ പേരും പറഞ്ഞ് താങ്ങാൻ കിട്ടുന്ന ഒരവസരവും പാഴക്കാറില്ല എന്നത് മറ്റൊരു സത്യകഥ... കൂട്ടുകാരൻ ആണത്രേ കൂട്ടുകാരൻ..

ഒരറിവും ചെറുതല്ല. കൂടെ ഉള്ള ഇമ്മാതിരി കൂട്ടുകാർ നിങ്ങൾക്ക് ഉണ്ടെങ്കിൽ വഴിയെ പോണ അടി കൂടെ അവന്മാർ മേടിച്ച് പെടലിക്ക് കെട്ടിത്തരും. അപ്പോൾപിന്നെ നമ്മളായിട്ട് അവരെ വിളിച്ച് വള്ളി വലിക്കാനുള്ള തോട്ട കൊണ്ട് കയിൽ കൊടുത്താലോ...

ഞാനിതൊക്കെ അന്നേ മനസ്സിലാക്കേണ്ടതായിരുന്നു... അതെങ്ങനെയാ ഇവനൊക്കെയല്ലേ കൂട്ടുകാർ.

അവള് ഇന്നും ഈ കഥയൊന്നും അറിയാതെ കെട്ടി കുട്ടികളുമായി സുഖമായി എവിടെയോ ജീവിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ ശേഷം പിന്നീട് നമ്മൾ തമ്മിൽ കണ്ടിട്ടും ഇല്ല.

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook