ഇന്നലെ ജോലിക്കിടയിൽ ഒരു ചായ കുടിക്കാൻ ഇറങ്ങിയ വഴിക്കാണ് പരിചയക്കാരൻ സുഗുണണ്ണനെ കണ്ടത്.
ഹാ.. സുഗു അണ്ണാ എന്നാ ഉണ്ട് വിശേഷം..
സുഖമായി പോകുന്നടാ.. നീ ഇപ്പൊ എന്താ പരിപാടികൾ?
പഴയ പണികളൊക്കെ തന്നെ അണ്ണാ. സ്ഥലം ഒന്ന് മാറ്റി എന്നെ ഉള്ളൂ..
വീട്ടിൽ എല്ലാർക്കും സുഖമല്ലേ..
എല്ലാർക്കും സുഖം അണ്ണാ.. അവിടെ ചേച്ചിയെ ഞാൻ അന്വേഷിച്ചുന്നു പറയണേ.. വരുന്നോ ഒരു ചായ കുടിക്കാം.
ഇല്ലടാ.. ഞാൻ ഇപ്പൊ ഒരെണ്ണം കുടിച്ചു. നീ പോയിട്ടു വാ.. ഞാനും ഇത്തിരി തിരക്കിലാണ്..
എന്നാൽ ശരി അണ്ണാ.. കാണാം.
ഓക്കേ... ആ... നിന്റെ കല്യാണം ഒന്നും ആയില്ലേ?
ഇതുവരെ ആയിട്ടില്ല. അതൊക്കെ കഴിയുമ്പോൾ നിങ്ങളറിയും..
കുറെ കാലമായി നാട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും കേട്ട് തഴമ്പിച്ച് പണ്ടാരമടങ്ങിയ ചോദ്യമാണ്. പിന്നെ സുഗുണണ്ണനും ചോദിച്ചത്...
പ്രായം കുറെ ആയില്ലേ പെണ്ണൊന്നും നോക്കുന്നില്ലേ?
ഓ.. എന്തിനണ്ണാ ഉള്ള മനസമാധാനം കളയുന്നത്.. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ച് പൊക്കോട്ടെ...
പെണ്ണ് കെട്ടിയവരൊക്കെ സമാധാനം ഇല്ലാണ്ട് നടക്കുകയാണെന്ന് നിന്നോട് ആരാ പറഞ്ഞത്?
ശെടാ എന്നോടാരും പറഞ്ഞില്ല, എനിക്കിപ്പോ കെട്ടണ്ടാന്ന് പറഞ്ഞതാ.
അനിയത്തിയുടെ കല്യാണം കഴിഞ്ഞോ?
ഇല്ല...
എന്താ കെട്ടിച്ചു വിടുന്നില്ലേ?
ഇല്ല....
അയതെന്താ കല്യാണപ്രായം ഒക്കെ ആയില്ല്ലേ, എത്ര വയസായി അവള്ക്ക്?
അവള്ക്കിപ്പോ 28 കഴിഞ്ഞു എന്തേ..??
ഇപ്പോത്തന്നെ പ്രായം കൂടുതലാണ് ഇനിയങ്ങോട്ട് പയ്യന്മാരെ കിട്ടില്ല. വേഗം കെട്ടിച്ച് വിടാൻ നോക്ക്. ആലോചനകൾ ഒന്നും വരുന്നില്ലേ?
28 ഒക്കെ അത്ര കൂടുതൽ ആണോ? അവൾക്ക് തോന്നുമ്പോ കെട്ടട്ടെ, അവളുടെ ഇഷ്ടമല്ലേ... അതിനിപ്പോൾ നിങ്ങൾ എന്തിനാ തല പുണ്ണാക്കുന്നത്??
ഒരു പ്രായത്തിൽ കൂടുതൽ പെമ്പിള്ളാരെ ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല. നാട്ടുകാർ വല്ലതും പറയും...
അതിന് അവളുടെ കല്യാണം നാട്ടുകാർ ആണോ തീരുമാനിക്കുന്നത് അവളല്ലേ.. ആളുകൾക്ക് അവരുടെ വീട്ടിലെ കാര്യം നോക്കിയാൽ പോരെ..?
നിങ്ങൾ തീരുമാനിക്കണം. പെണ്ണ് അങ്ങനൊക്കെ പറയും. ലീവിന് വരുമ്പോ പിടിച്ച് കെട്ടിക്കണം. നാട്ടിലെല്ലാരും അങ്ങനെയൊക്കെ അല്ലെ ചെയ്യുന്നത്.
ഓ... അങ്ങനെ.. അത് നാട്ടിലെ നടപ്പല്ലേ. നമ്മുടെ വീട്ടിലെ അല്ല. അവൾക്കറിയാം സമായമാവുമ്പോൾ വേണ്ടത് ചെയ്യാൻ..
ഞാൻ പറയാനുള്ളത് പറഞ്ഞുന്നെയുള്ളൂ, ഇനിയിപ്പോ അവൾക്ക് വേണ്ടെങ്കിൽ നീ ഒരു പെണ്ണിനെ വിളിച്ചോണ്ട് വാ..
അതിപ്പോ ഞാൻ കൊള്ളാവുന്ന പിള്ളാരെ ഒക്കെ വിളിക്കുന്നുണ്ട് അണ്ണാ ആരും വരാഞ്ഞിട്ടല്ലേ...
അങ്ങനെ നീ വിളിക്കണ്ട.. കെട്ടികൊണ്ട് വരാനാ പറഞ്ഞത്. അമ്മയ്ക്കും പ്രായമൊക്കെ ആയില്ലേ.
ഹാ.. അമ്മക്ക് പ്രായമായി വരുന്നു. എവിടെയെങ്കിലും കിടക്കുന്ന പെണ്ണ് വേണം എന്നില്ല അവരുടെ കാര്യങ്ങൾ നോക്കാൻ.
എന്നാലും ഒരു പെണ്ണ് ചെയ്യുന്നപോലെ എല്ലാം നിങ്ങളെകൊണ്ട് പറ്റില്ലല്ലോ..
അങ്ങനെ ഒരവസ്ഥ വന്നാൽ നമ്മൾക്ക് പറ്റാത്ത ജോലി ചെയ്യാൻ ഒരു വേലക്കാരിയെ വച്ചാൽപോരെ, അതല്ലേ ലാഭം.. അതാവുമ്പോ കൂലി മാത്രം കൊടുത്താൽ മതിയല്ലോ. ചുമ്മാ കെട്ടി അധിക ചെലവ് ഉണ്ടാകുന്നതെന്തിനാ..!!
വേലക്കാരി നോക്കുന്നപോലെ ആണോ മരുമകൾ നോക്കുന്നത്?
മരുമകളെക്കാൾ നന്നായി നോക്കുന്ന വേലക്കാരികളും നമ്മുടെ നാട്ടിൽ ഉണ്ടേ...
നിന്നോട് തർക്കിക്കാൻ ഞാനില്ല.. നിനക്ക് വയസ്സ് എത്രായി ഇപ്പൊ?
അതിപ്പോ 29 കഴിഞ്ഞു. എന്തേ..??
30 കഴിഞ്ഞാൽ പിന്നെ പെണ്ണ് കിട്ടില്ല പറഞ്ഞില്ലന്ന് വേണ്ട. എന്റെ മാമന്റെ ചിറ്റപ്പന്റെ അകന്ന വകേലെ മോനില്ലേ ഷിബുക്കുട്ടൻ, അവന് പെണ്ണ് കാണാൻ കുറെ കാലമായി കയറിയിറങ്ങി നടക്കുന്നു ഒന്നും അങ്ങട് ശരിയാവുന്നില്ല. അതുകൊണ്ട് വേഗം കെട്ടാൻ നോക്ക്.
ആര് ഷിബുക്കുട്ടനോ.. അതിന് അവന് പെണ്ണ് മാത്രം പോരല്ലോ, പെണ്ണിന്റെ കൂടെ മറ്റു വകകൾ കൂടെ കിട്ടിയാലല്ലേ അവൻ ok പറയൂ...
അതിപ്പോ അവനെ എങ്ങനെ കുറ്റം പറയും? ഒറ്റ മോൻ നല്ല ജോലി, ശമ്പളം. പിന്നെ അവന് കൊടുത്താലെന്താ..
ഇത്രയും ഉള്ളവന് വീണ്ടും വേണമെന്ന് പറയുന്നത് ആക്രാന്തം അല്ലേ അണ്ണാ..
ആദർശം ഒന്നും നോക്കി ജീവിക്കാൻ പറ്റില്ല മോനേ...
നീ അവന്റെ കാര്യം വീട്, ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വേറെ നോക്കാം.
കണ്ട് വച്ചിരുന്നതൊക്കെ വേറെ കെട്ടി ബോധിച്ചു. ഇപ്പൊ കുറച്ച് മനസമാധാനം ഉണ്ട്. ഇങ്ങനെ ഒക്കെ അങ്ങ് പൊക്കോട്ടെ. എന്തിനാണ് കെട്ടി ആ ബാധ്യത കൂടി തലയിൽ കയറ്റുന്നത്..
അങ്ങനെയൊന്നും ഇല്ല അതൊക്കെ നിന്റെ തോന്നലാണ്. കെട്ടിയാലും ഇപ്പോഴത്തെപോലെ ഒക്കെ തന്നെ അതും അങ്ങ് പൊയ്കൊളും.
പിന്നേ, മര്യാദക്ക് കപ്പലണ്ടി മിട്ടായി വാങ്ങി തിന്നാൻ കൈയ്യിൽ കാശില്ല അപ്പഴാ കല്യാണം...
അതാ പറഞ്ഞത് ഒരു പെണ്ണ് കെട്ടാൻ. അതാവുമ്പോ കിട്ടുന്നത് കൊണ്ട് നിന്റെ പ്രശ്നങ്ങളും തീരും.
നീ നിന്റെ കണ്ടീഷൻസ് പറയ് പെണ്ണിനെ നമുക്ക് കണ്ടുപിടിക്കാം.
എന്റെ പൊന്നണ്ണാ... ഒരു കണ്ടീഷനും ഇല്ല ആളെ വിട്.
ഇല്ല നീ പറ നമുക്ക് ശരിയാക്കാം...
കണ്ടീഷൻ പറയാം അവസാനം കണകൊണാന്ന് എന്നോട് പറയരുത്...
ങാ.. അങ്ങനെ വഴിക്ക് വാ.. പറ കേൾക്കട്ടെ...
പെണ്ണിന്റെ ജാതിയോ മതമോ നിറമോ പ്രശ്നമല്ല. പെണ്ണിന് അത്യാവശ്യം ജോലി ഉണ്ടാവണം. അല്ലെങ്കിൽ ജോലി ചെയ്യാൻ തയാറായിരിക്കണം. കാണാൻ കുറച്ചൊക്കെ ചേലുണ്ടാവണം.
ജാതിയാവണം. അല്ലാത്തത് ഒന്നും വേണ്ട. പിന്നെ ജോലി അത് വേണം. ഇന്നത്തെ കാലത്ത് ജോലി ഇല്ലാതെ പറ്റില്ല. അടുത്?
ജാതി ഒന്നും ഇവിടെ എടുക്കുന്നില്ലണ്ണാ.. സ്ത്രീധനവും താല്പര്യം ഇല്ല.
പുരോഗമന ചിന്തകൾ.. അതൊക്കെ നല്ലത് തന്നെ.
ശരി ശരി നീ ബാക്കി പറയ്. നമുക്ക് വഴിയുണ്ടാക്കാം..
കല്യാണം രെജിസ്റ്റർ ചെയ്യുക മാത്രമേ ഉണ്ടാവൂ.പിന്നെ പെണ്ണിന്റെ അച്ഛന്റെ ആഗ്രഹം അമ്മച്ചീടെ ആഗ്രഹം ഒന്നും ഇവിടെ എടുക്കുകയില്ല.
അതിപ്പോ പെണ്ണിന്റെ വീട്ടുകാര് സമ്മതിക്കോ?
സമ്മതിച്ചാൽ മതി ഉവ്വാ.. ഇവിടാർക്കും നിർബന്ധം ഇല്ല..
കഴിഞ്ഞോ നിന്റെ കണ്ടീഷൻ എല്ലാം?
മാസാവസാനം ആകെ കൈയിൽ കിട്ടുന്നത് 3000ഓ 5000ഓ ഒക്കെ ആവും. കൂടുതൽ സമ്പാദിച്ച് കൂട്ടാൻ ഒന്നും വല്യ താൽപര്യവും ഇല്ല. ചിലപ്പോൾ അതും ഉണ്ടാവില്ല. എനിക്ക് ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ ചെലവ് കൂടി നോക്കേണ്ടിവരും. അതിനാണ് പെണ്ണിന് പണി വേണം എന്ന് പറഞ്ഞത്..
ഇക്കണക്കിന് നിനക്ക് പെണ്ണ് കിട്ടിയപോലെ തന്നെ... ഇനി അടുത്തത് ഉണ്ടോ തീർന്നോ?
കഴിഞ്ഞില്ല അണ്ണാ മെയിൻ പോയിന്റ് വരുന്നതേയുള്ളൂ...
പേറ് പ്രസവം, സ്വന്തം കുഞ്ഞ് തുടങ്ങിയ സെന്റിമെൻസ് കഥകൾ ഒന്നും ഇവിടെ എടുക്കുന്നില്ല. ഉള്ള ലൈഫ് പരമാവധി അങ്ങട് ആർമാദിക്കാൻ ആണ് തീരുമാനം. ഇനി എന്നെങ്കിലും കുഞ്ഞിനെ വേണം എന്ന് തോന്നിയാൽ അഡോപ്റ്റ് ചയ്യാനാണ് പ്ലാൻ. അച്ഛനും അമ്മയും ഇല്ലാത്ത കുറെ പിള്ളേരില്ലേ. അതിൽ ഒരാൾക്കെങ്കിലും എന്നെക്കൊണ്ട് ഉപകാരം ഉണ്ടാവട്ടെ.
അതിനൊക്കെ എതെങ്കിലും പെണ്ണ് തയാറാവുമോ?
ഇതൊക്കെ കേട്ടാൽ ആളുകൾ എന്ത് പറയും. പോട്ടെ നിന്റെ കുടുംബക്കാർ എന്ത് വിചാരിക്കും. നിനക്കെന്താ തലക്ക് സുഖമല്ലേ..??
അതിന് ഞാൻ പെണ്ണ് കെട്ടുന്നത് എന്റെയും അവളുടെയും ആവശ്യങ്ങൾക്കല്ലേ. ആളുകളെ ബോധിപ്പിക്കാൻ അല്ലല്ലോ. അപ്പോൾ അതുപോലെ താല്പര്യമുള്ള പെണ്ണുണ്ടെങ്കിൽ മാത്രം മതി അണ്ണാ.
ഒരു കാര്യം കൂടി, വരുന്ന പെണ്ണ് ആവശ്യമില്ലാതെ എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. തിരിച്ച് അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.
പിന്നെന്തിനാ നീ പെണ്ണ് കെട്ടുന്നത്? ഇതിലും ഭേതം നീ കെട്ടാതെ ഇരിക്കുന്നതാണ്.
മൂഞ്ചി...
ഇത് തന്നെയല്ലേ നിങ്ങളോട് ഞാനും ആദ്യമേ പറഞ്ഞത് കെട്ടുന്നില്ല, അതിന് താല്പര്യം ഇല്ല എന്ന്. അപ്പൊ നിങ്ങളല്ലേ എന്നെക്കൊണ്ട് ഇത്രയും പറയിപ്പിച്ചത്..!!
അതിപ്പോ ഞാനറിഞ്ഞോ മനുഷ്യരാരും സമ്മതിക്കാത്ത കണ്ടീഷൻ ആണെന്ന്.
ഇപ്പൊ മനസിലായില്ലേ.. ഈ പറഞ്ഞ പോലെ ഒരു പെണ്ണ് എവിടേലും ഉണ്ടെങ്കിൽ കൊണ്ടുവാ കണ്ട് ഇഷ്ട്ടപ്പെട്ടാൽ കെട്ടാൻ ഞാൻ റെഡി...
അവസാനം സുഗു അണ്ണാനും കൈ മലർത്തി ദിങ്ങനെ പറഞ്ഞു "നീ തന്നെ ഒറ്റക്ക് അങ്ങ് കണ്ടുപിടിച്ചാൽ മതി. നിനക്ക് നല്ല ബുദ്ധി പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി. നമ്മളില്ലേ..."
നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ വിഷമം ഉണ്ട് സുഗു അണ്ണാ.. ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തി പാൽപായസത്തിൽ കാക്ക തൂറി എന്ന് പറഞ്ഞ അവസ്ഥ ആയിപ്പോയി. എങ്കിൽ പിന്നെ അണ്ണൻ ഒരു കാര്യം ചെയ്യ് ദോ ആ കാണുന്നതാണ് കണ്ടം.
അണ്ണൻ അങ്ങട് ചെന്നാട്ടെ...
ഞാൻ പോയി ഒരു ചായ കുടിച്ചേച്ചും വരാം...
വിവാഹം | ജീവിതം | കല്യാണം