മലയാള ഭാഷാപ്രഹേളിക: പ്രാരംഭ പ്രവർത്തി പ്രീണനമാണെങ്കിൽ പ്രത്യേക പ്രസ്താവനകൾക്ക് പ്രാരംഭത്തിൽ പ്രശ്നമില്ല...

5:48 PM



മലയാള ഭാഷാപ്രഹേളിക:
കുറെ കാലങ്ങൾക്ക് ശേഷം മലയാളഭാഷാ പ്രാസപ്രയോഗ പ്രഹേളികയുമായി പ്രശാന്തും പ്രബിയും വീണ്ടും നിങ്ങളുടെ മുന്നിൽ...

അക്ഷകോണാകൃതിയിൽ ഉള്ള ഒരു
വിവക്ഷയാണ് കക്ഷത്തിൽ ഇരിക്കുന്ന
ഭിക്ഷയായി കക്ഷിക്ക് തോന്നിയത്.

ശിഷ്ടകാലത്തിൽ കഷ്ടകാലം കടന്നുകൂടിയത്
പക്ഷിശാസ്ത്രം കാരണമാണെന്ന് കൂട്ടുകക്ഷികളും,
അക്ഷരാർഥത്തിൽ വിവക്ഷക്ക് പറ്റിയ
ക്ഷതമാണ് ക്ഷയമായത് എന്ന് ക്ഷത്രിയമതവും പറയുന്നു...!!

മസ്തിഷ്കം മനുഷ്യന് മറ്റേതിനെക്കാളും
മേന്മയുള്ളതാണെന്നത് മാനിക്കേണ്ടതാണെങ്കിലും,
മേനിനടിക്കുന്ന മനുജന്റെ മസ്തിഷ്കം
മേന്മയിൽ മ്ലേച്ചമായ മേധസ്സ് മാത്രമാണെന്നും,
മറ്റാർക്കും മനസിലാകാത്ത മുന്നൊരുക്കങ്ങൾ
മനുജന്റെ മസ്തിഷ്കത്തിൽ മറച്ചുവെച്ച്‌
മേലെയുള്ളവനെ മാനിക്കണമെന്നും,
മേദസ്സു മൂക്കുകിൽ മൂല്യത്തിൽ മുന്നോട്ട്
മുൻശുണ്ഠി മാത്രമാണുദ്ദീപനമെന്നും,
മുൻശുണ്ഠിയുള്ള മഹിളകൾ
മറ്റു മാലോകരെ മാനിക്കാതെ
മാടക്കട മുതൽ മാളുകൾക്കുവരെ മുതൽമുടക്കുന്നു
എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ചിലർ പറയുന്നത്,
മിടുക്കന്മാർ മുറക്കിരുന്നു മിനുക്കിയെടുക്കുന്ന
മൊഴിമുത്തുകൾക്ക് മുന്നിൽ
മറ്റുള്ളവർക്ക് മുട്ടു മടക്കേണ്ടിവരുമെന്നാണ്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും

"മുട്ടു മടക്കാത്ത മലയാള മൊഴിമുത്തുകൾ
മാലയായി മാറുമ്പോൾ
മറവിയില്ലാത്ത മനസ്സുകൾ മനം മറന്ന്
മദിച്ചിടുമെന്ന" കാര്യം കൂടി പരിഗണിച്ചാൽ...

"മാറിയ ചിന്തയിൽ മതിമറക്കാതെ
മലബാറിലെ മാലോകർ മലനാട് കടന്ന്
മടികൂടാതെ മണലാരണ്യത്തിൽ
മാസങ്ങളറിയാതെ മണ്ണിലേക്ക്
മടങ്ങാതെ മൂന്നു നേരം മൃഷ്ടാന്നമുണ്ണാതെ
മക്കൾക്കായി മാറ്റിവയ്ക്കുന്നത് മറക്കാതിരിക്കാം".

പക്ഷേ ചിലരുടെ
"മൊഴിലും മഴയിലും
മിഴിയിലും പുഴയുലും
പിഴിയുന്ന പഴത്തിന്റെ പഴച്ചാറിലും,
ഒഴുകുന്ന കുളിരുന്ന
നുരയുന്ന നിറയുന്ന
നിറവാർന്ന നിനവിന്റെ മാധുര്യവും" നൽകുമ്പോൾ...

"ക്ഷിപ്രപ്രസാദ ക്ഷാര ക്ഷമാസാരമക്ഷണം
തൽക്ഷണം ഭക്ഷണം ഭൂഷണം" എന്നുപറഞ്ഞ
"മീനാക്ഷി മീൻകൂട്ടാനുമായി
മന്ദം മന്ദം മുന്നോട്ട്" വന്നപ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂ ചിന്ത.

"കട്ടനും കിട്ടണം ഏട്ടനെ കൂട്ടണം
എട്ടണ കിട്ടിയാൽ പട്ടണം ചുറ്റണം,
കിട്ടണം പപ്പടം വെട്ടണം കുത്തണം
തട്ടണം പൊട്ടണം ഛിന്നഭിന്നം".

എന്നാൽ അപ്പുറത്ത്
"കിട്ടനും കുട്ടനും പട്ടയടിച്ചു
നട്ടംതിരിഞ്ഞു കൂട്ടിയിടിച്ച്,
കെട്ടിമറിഞ്ഞു കുട്ടിക്കരണം
മറിയുന്നത് കുട്ടികൾ കൂട്ടമായി
പൊട്ടിച്ചിരിക്കുന്നത് കേട്ടാണോ" എന്നാർക്കുമറിയില്ല.

പിന്നെ ആകെയുള്ളത്
"ചിരിച്ച കുട്ടിക്ക് ചരിച്ചു കിടത്തി
പുരകത്തിയ വഴിവക്കിൽ
ചെറു ചരുവത്തിൽ ചോറു കൊടുത്ത
മിടുക്കത്തി പുറത്തേക്ക് പോവാൻ
തിടുക്കത്തിൽ ഒടുക്കത്തെ ഓട്ടത്തിൽ
കാൽതട്ടി ഉത്രാളി തോട്ടിലേക്ക്
തലകുത്തി താഴേക്ക് വീണപ്പോൾ,
വഴുവഴുത്ത തഴപ്പായയിൽ തഴുതാമ
തിരയുമ്പോൾ പുഴകരയിലെ വാഴയിൽ
കൊഴുകൊഴുത്ത ആ പഴക്കുലയിലും
കായിലും ഉരലിലെ പതിരിലും
തറയിലും തഴപ്പായിലും പായുന്ന
കൂനനുറുമ്പുകൾ" കൗതുകകരമായ കാഴ്ചയായിരുന്നു...

"ഉറുമ്പുകൾ ഇറങ്ങുന്ന പടികളിൽ
ഈറയുടെ കീറുകൾ
ഇരയുടെ ഉദരത്തിൽ തുളയിട്ടു
ചോരയുടെ തുകളികൾ തുളുമ്പുന്ന
തിങ്കളാഴ്ചകളുടെ ഓർമകൾ അലയടിക്കുമ്പോൾ,
കുളക്കടവിൽ കുളിക്കാൻ പോയ
കുളക്കോഴിക്ക് കുളിര് വന്നതിൽ പ്രതിഷേധിച്ച
കുലപതിക്ക് പതിച്ചുകിട്ടിയ
വിലയാധാരം വഴിയാധാരമായ"തിന്റെ കലിപ്പിലായിരുന്നു ചില പ്രമാണിമാർ.

അന്നേരമാണ്
"കിളിയുമായി കളിയും
കുളത്തിൽ കുളിയും
കളി കഴിഞ്ഞു കുളിയും കഴിഞ്ഞു
കിടക്കാൻ കിടക്കയില്ല.
കണ്ട തിണ്ണയിൽ കണ്ണടച്ച് കിടന്നപ്പോൾ
കൂടെ കിടക്കാൻ കിളിയുമില്ല" എന്ന് പലയാവർത്തി കിളികൾ പറഞ്ഞു പറക്കുമ്പോൾ,

"കൂട്ടിമുട്ടുന്ന കൂട്ടിലിട്ട കുരുന്നുകൾക്ക്
അവർത്തനവിരസമായ വികരവായ്പ്പുകളിൽ
കുട്ടിക്കാലമുണ്ടെന്ന മുട്ടാപ്പോക്ക് വിട്ടേക്ക് വത്സാ"
എന്നും പറഞ്ഞുകൊണ്ട്
"കൂട്ടുകാരുടെയൊപ്പം കുട്ടീം കോലും
കളിച്ചു കിണറിലെ കൊരുവെള്ളവും
കുടിച്ചു കുത്തിമറിഞ്ഞു
നടന്ന കുട്ടിക്കാലമോർക്കുന്നത്"...

"വീട്ടിൽ വിലയില്ല നാട്ടിൽ പുല്ലില്ല .
പുല്ലു തിന്നാൻ വീട്ടിനു പശുവില്ല...
മേച്ചിൻപുറങ്ങൾ തേടാൻ കുന്നില്ല,
ഉള്ള കുന്നിൽ പുല്ലില്ല"

എന്നിട്ടും....

"വീട്ടിലെ വട്ടക്കണ്ണിയിട്ട വെള്ളപശുവും,
വാതോരാതെ വമ്പുപറയുന്ന വേലപ്പനമ്മാവനും,
വെള്ളാരംകല്ലുകൾ വിരിച്ചിട്ട വാതിൽപടിയും,
വീട്ടുവളപ്പിലെ വാകമരവും,
വയൽക്കരയിലെ വാലാട്ടികിളികളും,
വേനൽക്കാലത്തെ വട്ടുകളിയും,
വിണ്ണിൽനിന്നും വേരറ്റുപോയ" വിഷമം ഉള്ളിലൊതുക്കി

"വേരറ്റ മരത്തിന്റെ വരം പോലെ
മുളപൊട്ടിയ പുതുവിത്തിന്
പുലർച്ചെ പുതുനാമ്പ് പുറത്തേക്ക്
പിച്ചവച്ചു പിറുപിറുത്തു പൂവായി
പൂമ്പാറ്റയായി പുതുവർണ്ണങ്ങൾ
പൂരപ്പുലരിയായയത് കണ്ടു
മനം കുളിർത്ത പപ്പേട്ടനും പരിവാരങ്ങളും
പൂരപ്പറമ്പിലെ പാതിരാകളിൽ പിമ്പിരിയായി,
പെണ്ണുങ്ങളെ പഞ്ചാരയടിച്ചു
പോലീസിന്റെ പച്ചത്തെറികേട്ട്
പാലത്തിങ്കൽ പതിവായി പള്ളിയുറങ്ങാറുണ്ടായിരുന്നു"....

ഹാ അതൊക്കെ ഒരു കാലം...

ഇന്നാണെങ്കിലോ,

"മാതാപിതാക്കളേയും
മാനിക്കപ്പെടേണ്ട മാലോകരെയും
മറക്കാതിരിക്കൂ മറ്റൊന്നും മൊഴിയാനില്ല"
എന്ന് പറയുന്ന പഴമക്കാരോട്
"മകരത്തിലെ മഴയിൽ മയിലെണ്ണപോലെ
മൊഴിയുന്ന മിഴിയും മയങ്ങുന്ന മാത്രയിൽ,
മകരത്തിൽ മഴയല്ല മനുജാ മഞ്ഞാണ്‌,
മണ്ടത്തരം മൊഴിയാതിരിക്കൂ"

എന്ന് തർക്കുത്തരം പറയാൻ പര്യാപ്തരായ കുഞ്ഞുങ്ങൾ നുസ്മരിപ്പിക്കുന്നത്

"മാറിയകാലത്തിൽ മഞ്ഞല്ല മഴയല്ല
മത്സ്യവും പെയ്യും മാമരുഭൂമിയിൽ.
മായയിൽ മറയുന്ന മനുഷ്യന്റെ
മതിമറന്ന മനോവിചാരങ്ങൾ മഴയിലും
മഞ്ഞിലും മണ്ണിലും മാറ്റങ്ങൾ മാത്രമെന്നാണ്".

"മാറ്റങ്ങൾ മറ്റേതും മാനിക്കാം,
പക്ഷേ മണ്ണിലെ മാറ്റങ്ങൾ
മാലോകരെ മരണത്തിലെത്തിക്കുന്ന
മായയാകുന്നത് മനസിലാക്കാനാവുമോ"
എന്ന് ചിന്തിക്കുന്ന പഴമക്കാരൻ കേളപ്പേട്ടൻ ഇന്നും
"മുന്നേറാം മണ്ണിനെ മനസ്സിനെ മാറ്റാതെ,
മറ്റെന്ത് മാറിയാൽ മാലോകർ മാറുവാൻ
മിദ്ധ്യായല്ലേ മുന്നിൽ മമജീവിതം മാതുലാ"
എന്നോർത്ത് വിലപിച്ചു
"മുന്നിലോട്ട് മുള്ളും മുരുക്കും മാറാതെ
വഴി മറയ്ക്കുമ്പോൾ മിഥ്യാ നീ
മിഴികൾ നിറയ്ക്കുമ്പോൾ മിഴികൾ
മുൾമുനയിൽ മണ്ണടിഞ്ഞു മറയട്ടെ" എന്ന് സമാശ്വസിക്കുന്നു....

"മലബാറിന്റെ മണ്ണിൽനിന്നും
മാലോകരെ മാനിച്ചു മുന്നിട്ടിറങ്ങിയ
മാതുലനെ മാനത്തോളം മുന്നേറാൻ
മിനഞ്ഞെടുത്ത മഹാനുഭാവ"നായ
കേളപ്പേട്ടൻ "മാറാതെ മണ്ണിലും,
മനുഷ്യന്റെ മനസിലും
മാനത്തെ മാനിച്ച മാന്യനാം മാതുലൻ"
തന്നെയാണെങ്കിലും
"വിടനൽകാൻ വിട്ടു പിരിയാൻ
ഇടവേള നൽകാതെ വിളിക്കും
വിളിയിൽ കാതോർത്തു
വീക്ഷണം വീധിയിലോട്ട് വലിച്ചെറിഞ് നീങ്ങാമെന്ന് ആവേശത്തോടെ വിളിച്ചോതുന്നു"ണ്ട്.

"വിടയില്ല, വരൂ വാക്കുകളിൽ
വിഹരിച്ചു വാനോളമുയരാം,
വിടരാൻ വിതുമ്പുന്ന വിരുന്നുകാരാ
വരൂ വിരാചിക്കൂ
വിജനാമം വിചാരവീഥിയിൽ വീണുരുളൂ,
വിണ്ണിൽ വേറൊരു വാതിലും വിശാലമായ
വാനവും വേറെവിടുണ്ടെ"ന്ന് മാനം നോക്കി കിടക്കുന്ന കേളപ്പേട്ടൻ.

"വിണ്ണിൽ വിലസുന്ന വരുണരാജികൾ
വികാര വിചാര വിരസമായ് വിളിക്കുന്ന
വിളവുകൾ വീണുപോകുന്ന വീഥികളിൽ
ചില വളഞ്ഞ വീഥികൾ വിരുന്നുകാരെ
വിളിക്കുന്നത് വേറൊരു വരവിന്റെ
വേദാന്തമാവാമെന്നും കേളപ്പേട്ടൻ ചിന്തിക്കുന്നതിൽ തെറ്റ് പറയാനാവില്ല..

വേതാന്തമേതന്ത കാലത്തുമാത്യന്ത ചിന്തിതമന്ത്യമാനമണ്ടത്തരം...!! എന്ന് കേളപ്പേട്ടന്റെ മുഖത്തുനോക്കി പറഞ്ഞ പുതുതലമുറ

"ചന്തമേറെ ചിന്തിക്കാതെ
ചവറുപോലെ ചളിവാരി ചിതറിക്കണ"മെന്ന് മാത്രമാണ് ഉത്‌ഘോഷിക്കുന്നത്.

"ചിത്രം വിചിത്രം സചിത്രം സുനേത്രം
വിചിത്രമാമുത്കൃഷ്ടനച്ചത്തിരം.
മന്ദമാരുതൻ മന്ദം മന്ദം മന്തിച്ചൂ
വന്നപ്പോൾ മന്ദനുമില്ല മന്തുമില്ല
മന്ത്രവുമില്ലാത്ത അവസ്ഥയിൽ മന്ത്രം
മന്ത്രിക്ക് മാത്രമല്ല മറ്റു മേലാളന്മാർക്കും മനപഠമാണ്.
ചിന്തിക്കുമ്പോൾ ചന്തമെഴുന്ന ചിത്രം ചിന്തകളായി ചൂഷണം ചെയ്യപ്പെടാം.

മന്ത്രം വരുമൊരു മന്ത്രിതൻ തന്ത്രിയിൽ
തന്ത്രിമാർ മീട്ടുന്ന തന്ത്രം കുതന്ത്രം രസതന്ത്രം". എന്നിട്ടും എന്തേ

"ചൂഷണം ഭൂഷണം, ചോരന്നു മോഷണം ഭക്ഷണം തൽക്ഷണം വെറും വാൽക്കഷണം"..???

മറ്റുചിലർക്കാണെങ്കിൽ
"രസം, രസായനം, രണ്ടിലൊന്നു രൂക്ഷമായാൽ രാത്രിയിൽ രൂക്ഷമായ രോഷപ്രകടനം" രസിക്കാനാവും.

തൽഫലമായി
"മുന്നൊരുക്കങ്ങളില്ലാത്ത മോഷണങ്ങൾ
മൂഷികന്റെ മൂക്കുപോലെ മോശമാകും"

മാത്രമല്ല
"മൂക്കിന്റെ മൂലക്ക് മൂക്കുന്നു
മൂപ്പുള്ള മൂവന്തി മൂല്യമാം മുഖക്കുരുവും,
മൂക്കുത്തി മൂക്കിനഴക്,
മുടി മുഖത്തിനഴക്,
മൂക്കിന് മുന്നിലെ മറുക് മൊത്തത്തിലഴകാണെന്ന് " പറയപ്പെടുന്നു.

"അഴക് അഴുക്കായി
മെഴുക്കുപോൽ പാണ്ടായി
പണ്ടായിരുന്നെങ്കിൽ
പെടാപ്പാടുമാത്രമായിരുന്നു"

ഇന്ന് അതല്ല സ്ഥിതി
"ആടയാഭരണങ്ങൾ, അരയിലെ അരഞ്ഞാണം,
ആനക്കൊത്ത ആകാരം,
ആനന്ദദായകമായ അണിവയർ,
ആരെയും ആകർഷിക്കും അരക്കെട്ട്,
അനുരാഗലോലിതയായി അവൾ
ആകാരവടിവും അലങ്കാരപ്രയോഗങ്ങളും
ആവോളം ആവേശം അവളിൽ
ആനയ്ക്കൊപ്പം അഹങ്കാരവുമായി"
കാലങ്ങൾ നീങ്ങവേ
"അലങ്കാരങ്ങൾ ആവശ്യാനുസരണം
ആവർത്തിക്കാം, അറിവിന്റെ
ആകാശം അനുവദിക്കുമെങ്കിൽ
അലയും ഉലയും തിരിയും മറിയും
നേരെങ്കിൽ നേരെ നിൽക്കും
നിലയില്ലെങ്കിൽ താളം ചവിട്ടും
മാരക ഭീകര സഭവമേ മലയാളമേ" എന്ന് പറയുന്ന ഭാഷാപ്രേമികൾ ഇന്നുമുണ്ടെന്നത് ആശ്വാസജനകമാണ്.

പക്ഷേ ചില പ്രത്യയശാസ്ത്രങ്ങൾ പരിശോധിച്ചാൽ..

"മൂന്നാമത്തെതലമുറയിലെ മൂത്തപുത്രൻ
മണ്ടപോയ മരങ്ങളുടെ മുന്നിൽ മേലേക്ക്‌നോക്കി
മുള്ളിക്കൊണ്ടിരുന്നപ്പോൾ
മോനപ്പൻ മകനെ മിട്ടായിവാങ്ങാൻ
മുക്കിലെ മാടക്കടയിലേക്കയച്ചു,
മൂന്നുനാൾ മുൻപേ മണ്മറഞ്ഞ മഹാൻ
മൈക്കിളിന്റെ മൺകൂനയിൽ മുട്ടിൽനിക്കുന്ന
മക്കളെ മണ്ണിൽകളിക്കാൻ മാടിവിളിച്ചു"
എന്ന കഥാസാരത്തിൽ നിന്നുമാറി
"പ്രാണവേദനയിലും പ്രമുഖൻ
പ്രത്യയശാസ്ത്ര പ്രകാരം
പ്രവേശനമില്ലാത്ത പ്രദേശത്ത്
പ്രകാശം പ്രഹേളികയാക്കി
പ്രായത്തിനെ പ്രാകി പ്രയത്നത്തിലായിരുന്നു"

എന്ന് വരുത്തിത്തീർക്കുന്ന ചില നേതാക്കൾ ചെയ്യുന്നത്

"പ്രസ്ഥാനത്തിന്റെ പ്രത്യാശ പ്രകാരം
പ്രത്യയശാസ്ത്രതിന്റെ പ്രത്യേകതകൾ
പ്രമേയത്തിൽ പ്രതീക്ഷിക്കുകയാണ്...

പ്രാരംഭ പ്രവർത്തി പ്രീണനമാണെങ്കിൽ
പ്രത്യേക പ്രസ്താവനകൾക്ക് പ്രാരംഭത്തിൽ പ്രശ്നമില്ല...
പ്രോൽസാഹനം പ്രതീക്ഷിച്ചുകൊണ്ട്
പ്രകൃതിയുടെ പ്രഹേളികയിലേക്ക്
പ്രകൃതിയുടെ പ്രത്യേകതകൾ പ്രതീക്ഷിച്ചു
പ്രത്യക്ഷത്തിൽ പ്രോത്സാഹനമില്ലാതെ
പ്രവർത്തിക്കാൻ പ്രാരംഭനടപടികൾ
പൂർത്തിയാക്കുക മാത്രമായിരുന്നു" തമ്മിൽ ഭേതമെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചില വാക്യപ്രയോഗങ്ങൾക്ക് പ്രത്യേക നന്ദി കിരൺ രാമകൃഷ്ണൻ

പ്രാസപ്രഹേളിക | മലയാളം | ഭാഷാപ്രഹേളിക



Inage Credit: Mental Floss

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook