ചിന്തകളില്‍ നിറയെ തളംകെട്ടി നില്ക്കുന്ന മരണത്തിന്റെ വശ്യമായ സൗന്ദര്യം. എത്ര ആലോചിച്ചാലും മതിവരാത്തതോ, ഉത്തരം കിട്ടാത്തതോ ആയ എന്തൊക്കെയോ നിഗൂഡതകൾ ഒളിപ്പിച്ച, ഒരേസമയം സ്ഫടികപാത്രം പോലെ സുതാര്യവും, അത്യധികം കഠിനവും,അദൃശ്യവുമായ ഒരു നിർവികാരത്വം നിറഞ്ഞ അവസ്ഥ.
ശാശ്വതമായ ഒരു വിടവാങ്ങലിന്റെ ഈ ധന്യമുഹൂർത്തെ, അല്ലെങ്കിൽ നിരന്തരമായ വേദനകളിൽ നിന്നോ, സുഖലോലുപതകളുടെ അവസാനത്തിൽ നിന്നോ തുടങ്ങുന്ന, അല്ലെങ്കില്‍ ഞാൻ എന്ന അഹംഭാവത്തിന്റെ നിത്യമായ അവസാനത്തിന്റെ തുടക്കമോ ആയ ഈ അവസ്ഥക്ക് മരണം എന്ന വിശേഷണം നൽകിയത് ആരാവും എന്നറിയില്ല.
"ജീവിതം എന്ന മൂന്നക്ഷരത്തിന്റെ മറുപുറം മരണം അഥവാ നിര്‍ജീവ അവസ്ഥ."
പലപ്പോഴും ആശയോടെ മരണത്തെ പ്രണയിക്കുന്നവർ, പ്രാപിക്കുന്നവർ ഒന്നും എന്തേ തിരികെ വരുന്നില്ല. അത്രമേൽ ഹൃദ്യമാണോ മരണം...
ഹേ... മരണമേ നിന്നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എന്നില്‍ കവിത വിരിയുന്നു...
മരണമേ നിൻ കരമമർന്നെൻ കണ്ണുകൾ നിറഞ്ഞുവോ?
നിന് ബലിഷ്ടമാം കൈകളാല്‍ നീയെൻ നെഞ്ചിൻകൂടു പിളർത്തിയോ..?
വിശാലമായ, നിത്യ സാന്ത്വനമായ നിൻമാറിൽ ചേർന്നു മയങ്ങാൻ ഞാനാശിപ്പതില്ല,
എങ്കിലും നീ വന്ന് വിളിക്കുമ്പോൾ പിന്തിരിയാതെ,
മറ്റൊന്നും ചിന്തിക്കാതെ നിന്നിലേക്ക് വരുന്നു ഞാൻ...
എന്തിനു ഞാനീ ജീവിതവണ്ടി ഇവിടെവരെ തള്ളിനീക്കി,
ചിന്തകള്‍ മുളയ്ക്കാത്ത മന്തനാം കുഞ്ഞെന്നപോല്,
നിൻ മാറിൽ ചാഞ്ഞു മരിക്കുവാനോ?
നിനക്കുവേണ്ടി എന്തിന് ഞാനീ ജീവിതവേദന തിന്നു തീര്‍ത്തു,
എന്തിന് ഞാനെൻ സുഖങ്ങൾ ത്യജിച്ചു??
മരണമേ നിന്റെ വിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു,
കാലന്റെ വരവിനായി കാഹളം മുഴക്കുന്ന കാക്കകളെയും,
നീ വന്നണഞ്ഞതിന് പിന്നെ എനിക്ക് ചുറ്റും വട്ടമിട്ടുപറക്കുന്ന
കഴുകന്മാരെയും ഞാന്‍ കാണുന്നു.
മായികമായ നിന്റെ വിളിക്ക് കാതോര്ക്കാതെയിരിക്കാന് എനിക്ക് സാധിക്കുന്നില്ല.
നടക്കുന്നു ഞാന്‍ നിന് വിളി കേട്ടെന്നപോല്‍ ഉയരമേറും ആ കുന്നിന് മുകളിലേക്ക്, നീ ചെവിയില്‍ മന്ത്രിച്ചതു കേട്ട് ഉയരത്തിൽ നിന്നു നിന്നെ ഒരുനോക്ക് കാണുവാന്‍. ഉയരെ നില്‍ക്കുന്നയെന്‍ കാതില്‍ നീ വീണ്ടും മന്ത്രിക്കുന്നു താഴേക്ക് വരൂ ഞാനിവിടെയാണ്...
നിന്നെ കാണാൻ മുകളിൽ വന്നു ക്ഷീണിതനായ എന്നെ നീ മാടി വിളിച്ചത് വീണ്ടും താഴെ നിന്റെ വിശാലമായ മടിത്തട്ടിലേക്ക്...
നീ ഉയരത്തിലോ താഴെയാണോ?
എന്തേ നീയിങ്ങനെ എന്നെ കളിയാക്കുന്നു?
ക്ഷമയില്ല കാക്കുവാന്‍, ധൃതിയില്‍ വരുന്നു ഞാന്‍,
നിന്റെ വിശാലമായ മടിയിൽ തലചായ്ക്കാൻ, കാണാത്ത ലോകത്തേക്ക് പുതുയാത്ര തുടങ്ങുവാൻ. നിന്റെ മടിയിലേക്ക് അടുക്കുമ്പോൾ എന്തേ എന്റെ ഹൃദയം കൂടുതൽ ഭാരം പേറുന്നപോലെ തോന്നുന്നു?
നിന്റെ കരാളഹസ്തങ്ങൾ കഴുത്തിൽ ചുറ്റിവരിയുന്നു...
ദേഹത്ത് ഉരസുന്ന കാറ്റിന് ചൂടും തണുപ്പും കലർന്ന ഭാവം. തണുത്തു മരവിച്ച ശരീരത്തിൽ ചൂടിന്റെ അമിത പ്രഭാവം....
നിമിഷങ്ങൾക്കുള്ളിൽ നിൻ മടിയിൽ നിന്ന് ലക്ഷ്യം തെറ്റി താഴെ വീണ് ചില്ലുകണക്കേ ചിന്നിച്ചിതറിത്തെറിക്കവേ അവയിൽ ഒരു ചില്ലുകഷണം കണ്ണിൽ തുളഞ്ഞു കയറുന്ന വേദനയോടെ നിന്നെ നോക്കിയ ഞാൻ കാണുന്നത്
"പുതച്ചുറങ്ങിയ ബെഡ്ഷീറ്റും തലയിണയും ഉൾപ്പടെ വെട്ടിയിട്ട ചക്കപോലെ തലകുത്തനെ തറയിൽ വീണുകിടക്കുന്ന എന്നെയാണ്.
വീഴ്ചയുടെ ആഘാതത്തില്‍ പാതിരാക്കിറുക്ക് ടൈപ്പ് ചെയ്തുകൊണ്ടിരുന്ന മൊബൈലിൽ നിന്നും ബന്ധം വേർപെട്ട മരണത്തിന്റെ കരാളാഹസ്തങ്ങൾ അപ്പോഴും കഴുത്തിൽ ചുറ്റുപിണഞ്ഞ് ചെവിയിൽ തിരുകിയപോലെ തന്നെ ഉണ്ട്."
പൊടിയും തട്ടി പതിയെ കട്ടിലിലേക്ക് തിരികെ വലിഞ്ഞുകയരുമ്പോള് മനസ്സ് ഇങ്ങനെ മന്ത്രിച്ചു.
മരണമേ, ഒടുവിൽ നീയും തേച്ചു അല്ലേ....!!
മരണം | ഉറക്കം | ഹാസ്യം